സെന്റ് ജോസഫ് വയോധികനോ, ചെറുപ്പക്കാരനോ?
ജെയ്സണ്‍ പീറ്റര്‍ - ഏപ്രില്‍ 2021
ഈശോ പിറക്കുമ്പോള്‍ യൗസേപ്പിതാവ് വയോധികനായിരുന്നോ, ചെറുപ്പക്കാരനായിരുന്നോ?
യൗസേപ്പിതാവിനെക്കുറിച്ച് ബൈബിളില്‍ അധികമൊന്നും പറയുന്നില്ല. മേരിയുടെ ഭര്‍ത്താവ്, തച്ചന്, നീതിമാന് എന്നീ വാക്കുകളില്‍ അദ്ദേഹം ബൈബിളില്‍ ഒതുങ്ങികഴിയുന്നു. അദ്ദേഹത്തിന്റെ പ്രായത്തെക്കുറിച്ചോ, മരണത്തെക്കുറിച്ചോ ബൈബിളില്‍ ഒന്നും പറയുന്നില്ല. എന്നാല്‍, പാരമ്പര്യം ആ കാര്യങ്ങളിലേക്ക് അല്പം വെളിച്ചം വീശുന്നുണ്ട് എന്നതാണ് ഒരാശ്വാസം. ജോസഫ് വയോധികനോ, ചെറുപ്പക്കാരനോ എന്നതിനെക്കുറിച്ച് നിലവില്‍ രണ്ടു പാരമ്പര്യങ്ങളാണുള്ളത്...
വയോധികനായ ജോസഫ്
കലാകാരന്മാര് യൗസേപ്പിതാവിനെ അല്പം പ്രായമുള്ള ഒരു വ്യക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തെ അങ്ങനെ കാണാനാണ് നമുക്കും ഇഷ്ടം. ഓര്‍ത്തഡോക്സ് സഭയിലെ ഒരു പാരമ്പര്യമനുസരിച്ച് ജോസഫ് മേരിയെ വിവാഹം കഴിക്കുമ്പോള്‍ വൃദ്ധനായിരുന്നു. മേരിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍, ജോസഫിന്റെ ആദ്യത്തെ ഭാര്യ മരിച്ചുപോയിരുന്നു. അദ്ദേഹത്തിന് വേറെ മക്കളുണ്ടായിരുന്നുവെന്നാണ് ഓര്‍ത്തഡോക്സ് പാരമ്പര്യം പറയുന്നത്. അതുകൊണ്ടാണ് ബൈബിളില്‍ ഈശോയുടെ സഹോദരന്മാര് എന്ന് വിശേഷിപ്പിക്കപ്പെടുന്നതെന്നും ഈ പാരമ്പര്യം വ്യക്തമാക്കുന്നു. ആറാം നൂറ്റാണ്ടിലെ ദ ഹിസ്റ്ററി ഓഫ് ജോസഫ് ദ കാര്‍പന്റര്‍ എന്ന ഗ്രന്ഥം ആണ് ഈ പാരമ്പര്യത്തിന്റെ കേന്ദ്രബിന്ദു. അതനുസരിച്ച് ജോസഫ് ഒരു വൃദ്ധനും അതേസമയം മനസ്സില്‍ യൗവനവും ഊര്‍ജ്ജസ്വലതയും ഉള്ള വ്യക്തിയായിരുന്നവത്രെ. ആ പുസ്തകത്തില്‍ പറയുന്നു:
'വര്‍ഷങ്ങള്‍ പോയതനുസരിച്ച്, ആ വയോധികനായ മനുഷ്യന് വാര്‍ദ്ധക്യത്തിന്റെ പാരമ്യത്തിലെത്തി. അദ്ധ്വാനിക്കാന്‍ അദ്ദേഹത്തിന് ശാരീരികമായ ബുദ്ധിമുട്ടുകളോന്നുമില്ലായിരുന്നു. കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ല. ഒരു പല്ലുപോലും കൊഴിഞ്ഞിരുന്നില്ല. മാനസികമായി, ജീവിതത്തിലെ ഒരു നിമിഷം പോലും അദ്ദേഹത്തിന് അലയേണ്ടിവന്നില്ല. മറിച്ച് ഒരു കുട്ടിയെപ്പോലെ സ്വന്തം ജോലിയില്തീക്ഷ്ണമായി മുഴുകി കൂടുതൽ ഉന്മേഷം കാണിച്ചു. അദ്ദേഹത്തിന്റെ കാലുകള്‍ പതറിയില്ല, എല്ലാ വേദനകളില്‍ നിന്നും സ്വതന്ത്രനായിരുന്നു. അവന്റെ ജീവിതം, 111 വര്‍ഷം നീണ്ടു, വാര്‍ദ്ധക്യം അതിന്റെ അവസാന പരിധി വരെ എത്തി '
ടീനേജര്‍ ജോസഫ്
നേരെമറിച്ച്, ജോസഫ് ഒരു യുവാവായിരുന്നുവെന്നും ഒരു ടീനേജര്‍ തന്നെയായിരുന്നിരിക്കാനാണ് സാധ്യതയെന്നുമാണ് പല ബൈബിള്‍ പണ്ഡിതന്മാരും ചരിത്രകാരന്മാരും വിശ്വസിക്കുന്നത്. ഇന്റര്‍നാഷണല്‍ മരിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, ഈശോ ജനിക്കുമ്പോള്‍ ജോസഫും മേരിയും അവരുടെ ടീനേജിലായിരുന്നുവെന്നാണ് ഈ പാരമ്പര്യം പറയുന്നത്. കന്യകാ മാതാവിന് 16 ഉം ജോസഫിന് 18 പ്രായം. ഇതായിരുന്നു ജൂതന്മാരുടെ കണക്കനുസരിച്ച് അന്നത്തെ നവവിഹിതരുടെ പ്രായം.
ലോകത്തിലെ ആദ്യത്തെ ലൗവ് എന്ന പുസ്തകത്തില്‍ ഫുള്‍ട്ടന്‍ ഷീനും ഇതിനുസമാനമായ കാഴ്ചപ്പാടാണ് പങ്കുവെക്കുന്നത്.
ജോസഫ് ഒരു ചെറുപ്പക്കാരനായിരുന്നിരിക്കാം, ശക്തനും, രോഗദൃഡഗാത്രനും സുന്ദരനും, ബ്രഹ്മചാരിയും, അച്ചടക്കമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം ജീവിതത്തിന്റെ സായാഹ്നത്തിലായിരുന്നില്ല, ഉര്‍ജ്ജസ്വലതയും ശക്തിയും നിയന്ത്രിതമായ വികാരവും കൊണ്ട് തുടിക്കുന്ന വ്യക്തിയായിരുന്നു....
തിരുക്കുടുംബം നടത്തിയ ദീര്‍ഘമായ യാത്രക്കള്‍ കണക്കിലെടുക്കുമ്പോള്‍ ഈ തിയറിയാണ് കൂടുതല്‍ പ്രസക്തമായി കാണുന്നത്. ആദ്യം നസ്രത്തില്‍ നിന്ന് ബത്ലഹേമിലെത്തി. പിന്നീട് ഈജിപ്തിലേക്കുള്ള പലായനം. അദ്ദേഹം വയസനായിരുന്നുവെങ്കില്, അന്യദേശത്തേക്കുള്ള ഒരു യാത്രയില്‍ തിരുക്കുടുംബത്തെ അകമ്പടി സേവിക്കുവാനും അവരെ സംരക്ഷിക്കുവാനും ജോസഫിന് കഴിയുമായിരുന്നില്ല എന്നാണ് ഈ പരമ്പര്യത്തിൽ കൂടുതല്‍ ബലമേകുന്നത്.
വയോധികോനോ ടീനേജറോ ആരായിരുന്നാലും ജോസഫി നീതിമാനും സത്ഗുണസമ്പന്നനുമായ ഒരു വ്യക്തിയായിരുന്നുവെന്നതാണ് സത്യം. തിരുക്കുടുംബത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നീതിമാനായ മനുഷ്യന്. ഈശോയെയും മേരിയെയും വാത്സല്യത്തോടെ സംരക്ഷിച്ചു, സ്നേഹം കൊണ്ട് നിറച്ചു.
Send your feedback to : onlinekeralacatholic@gmail.com