ഈശോയെ കുന്തം കൊണ്ട് കുത്തിയ പട്ടാളക്കാരന് പിന്നീട് എന്തു സംഭവിച്ചു?
ജീയോ ജോര്‍ജ് - ഏപ്രില്‍ 2021
ദൈവകരുണയുടെ അപ്പസ്തോല എന്ന് വിളിക്കപ്പെടുന്ന വി. ഫൗസ്റ്റീന കൊവാല്സ്കയ്ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവളോട് പറഞ്ഞത് തന്റെ അനന്തമായ കരുണയെക്കുറിച്ചായിരുന്നു. പക്ഷേ, ദൈവത്തിന്റെ അനന്തമായ കരുണ 20-ാം നൂറ്റാണ്ടിലെ ഒരു വെളിപാടല്ല എന്നതാണ് സത്യം. ദൈവ കരുണ ഏതു മഹാപാപിയെയും വിശുദ്ധിയിലേക്ക് നയിക്കാന്‍ തക്കവണ്ണം ശക്തമാണ് എന്ന സത്യം സഭ ആദിമകാലഘട്ടത്തില്‍ തന്നെ മനസിലാക്കിയിരുന്നു.
ദൈവത്തിന്റെ ചങ്കിലേക്ക് കുന്തം കുത്തിയിറക്കിയവനെപ്പോലും വിശുദ്ധനാക്കി മാറ്റാമെങ്കില്‍ ഏതു മഹാപാപിക്കും ദൈവ കരുണ പ്രാപ്യമാണ് എന്ന സത്യമാണ് ഒന്നാം നൂറ്റാണ്ടിലെ വിശുദ്ധനായ ലോംഗീനസ് എന്ന പട്ടാളക്കാരന്റേത്. അനന്തമായ ദൈവകരുണയുടെ ആദ്യത്തെ തെളിവായിരുന്നു ഈശോ മരിച്ചോ എന്ന് ഉറപ്പുവരുത്താനായി കുന്തം കൊണ്ട് ഈശോയുടെ തിരുവിലാവില്‍ കുത്തിയ പട്ടാളക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഈശോ മരിച്ചപ്പോള്‍ പ്രപഞ്ചത്തിലുണ്ടായ സവിശേഷമായ മാറ്റങ്ങള്‍ ആ മനുഷ്യന്റെ ഹൃദയത്തെ പിടിച്ചുകുലുക്കി. അവന് സത്യമായും ദൈവപുത്രനായിരുന്നുവെന്ന് ലോംഗിനസ് എന്ന പട്ടാളക്കാരന് വിളിച്ചുപറഞ്ഞു.
പാരമ്പര്യമനുസരിച്ച് ലോംഗീനസ് ആ നിമിഷം മാനസാന്തരപ്പെടുകയും ക്രിസ്തുവിന്റെ അനുയായി ആയി മാറുകയും ചെയ്തു. മാമ്മോദീസ സ്വീകരിച്ച അദ്ദേഹം വലിയ സുവിശേഷപ്രഘോഷകനായി മാറി. ശിഷ്ടകാലം അവന് താന്‍ വധിച്ചവന്റെ സുവിശേഷത്തിന്റെ പ്രചാരകനായി മാറി.
Send your feedback to : onlinekeralacatholic@gmail.com