ഫാത്തിമ മാതാവിന്റെ സന്ദേശം എന്തായിരുന്നു?
ജെറീഷ് കോച്ചേരി - മെയ് 2021
പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ 1917 മെയ് 13 നായിരുന്നു പരിശുദ്ധ മാതാവ് ജസീന്ത, ലൂസിയ, ഫ്രാന്‍സിസ്കോ എന്നീ മൂന്ന് ഇടയബാലകര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ അമ്മ എവിടെയൊക്കെ പ്രത്യക്ഷപ്പെട്ടോ അവിടെയെല്ലാം മാതാവ് പ്രത്യേക സന്ദേശവും നല്‍കിയിരുന്നു. ഫാത്തിമയില്‍ മാതാവ് നല്കിയ സന്ദേശത്തിന്റെ സാരാംശം പ്രാര്‍ത്ഥന, അനുതാപം, പാപപരിഹാരം എന്നിവയായിരുന്നു.
ജപമാല ചൊല്ലുക
മാതാവ് കുട്ടികള്‍ക്ക് നല്കിയ സന്ദേശത്തിലെ പ്രധാനപ്പെട്ട കാര്യം പ്രാര്‍ത്ഥിക്കുക, പ്രത്യേകിച്ചും ജപമാല ചൊല്ലുക എന്നതായിരുന്നു.
മാതാവ് നല്കിയ സന്ദേശങ്ങള്‍
പ്രാര്‍ത്ഥിക്കുക, നന്നായി പ്രാര്‍ത്ഥിക്കുക, ത്യാഗം അനുഷ്ഠിക്കുക, കാരണം ഒരുപാട് ആത്മാക്കള്‍ നരകത്തിലേക്ക് പോകുന്നു. അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുാവനും ത്യാഗം അനുഷ്ഠിക്കുവാനും ആരുമില്ല.
യുദ്ധം അവസാനിക്കുന്നതിനുവേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലുക
ജപമാല രാജ്ഞിയുടെ ബഹുമാനാര്‍ത്ഥം എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, ലോകത്തില്‍ സമാധാനമുണ്ടാകുന്നതിനും യുദ്ധം അവസാനിക്കുന്നതിനും വേണ്ടിയാണത്, കാരണം അവള്‍ക്ക് മാത്രമേ സഹായിക്കാന്‍ കഴിയുകയുള്ളു.
ആത്മാക്കളുടെ രക്ഷയ്ക്കായി പ്രായ്ചിത്തം ചെയ്യുക
ഫാത്തിമയില്‍ മാതാവ് ദര്‍ശനം നല്കിയ കുട്ടികളിലൊരാളായിരുന്ന ലൂസിയ മാതാവ് വെളിപെടുത്തിയ മൂന്നാമത്തെ രഹസ്യമായി എഴുതിവെച്ചിരുന്നത് പ്രായ്ചിത്തം ചെയ്യുക എന്നതായിരുന്നു.
പ്രായ്ചിത്തം ചെയ്യുവാനുള്ള മാതാവിന്റെ നിരന്തരമായ ക്ഷണം എന്നത് മാനവകുടുംബത്തിന്റെ മാനസാന്തരത്തിനും ക്ഷമയ്ക്കും വേണ്ടിയുള്ള കന്യകാമറിയത്തിന്റെ മാതൃനിര്‍വിശേഷമായ പരിഗണനയല്ലാതെ മറ്റൊന്നുമല്ലെന്നാണ് വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1997 ലെ ലോക രോഗീദിനത്തില്‍ നല്കിയ സന്ദശത്തില്‍ സൂചിപ്പിച്ചത്.
ദൈവത്തിനെതിരായ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യുക
പാപപരിഹാരം ചെയ്യുക എന്നതായിരുന്നു മാതാവിന്റെ മറ്റൊരു സന്ദേശം. ലോകത്തില്‍ സംഭവിച്ചുപോയ മോശമായ കാര്യങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പരിഹാരം ചെയ്യുക മാതാവ് അവശ്യപ്പെട്ടു.
പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും ദൈവത്തിനുമെതിരായി ചെയ്തുപോയ പാപങ്ങള്‍ക്കു പരിഹാരമായും നിങ്ങളെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് അവിടുന്ന് നല്കുന്ന സഹനങ്ങള്‍ സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ- മാതാവ് ചോദിച്ചു.
പാപികള്‍ക്ക് ബലിയായി നിങ്ങളെ തന്നെ സമര്‍പ്പിക്കുക. ഈശോയെ ഇത് നിന്നോടുള്ള സ്നേഹത്തെപ്രതി, പാപികളുടെ മാനസാന്തരത്തിനുവേണ്ടി, മാതാവിന്റെ അമലോത്ഭവ ഹൃദയത്തിനെതിരായി ചെയ്തുപോയിട്ടുള്ള പാപങ്ങള്‍ക്ക് പരിഹാരമായി... ഓരോ ത്യാംഗം അനുഷ്ഠിക്കുമ്പോഴും ഇങ്ങനെ പറയണമെന്നും മാതാവ് സൂചിപ്പിച്ചു.
ഒരു നൂറ്റാണ്ടിനുശേഷവും മാതാവ് നല്കിയ സന്ദേശം കൂടുതല്‍ കാലികവും പ്രസക്തവുമാവുകയാണ്. എല്ലാ ക്രൈസ്തവരോടും പ്രാര്‍ത്ഥിക്കുവാനും അനുതപിക്കുാവനും പരിഹാരം ചെയ്യുവാനും മാതാവ് നിരന്തരം അപേക്ഷിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com