അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖത്തുനോക്കി മദര്‍ തെരേസ അബോര്‍ഷനെക്കുറിച്ച് പറഞ്ഞത്?
ബോബന് എബ്രാഹം - സെപ്തംബര്‍ 2021
അമ്മയുടെ ഉദരങ്ങളില്‍ വെച്ചുതന്നെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന ഈ കാലത്ത്. ലോകം മുഴുവന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ഈ കാലത്ത്. അമ്മയുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരാലംബനായ ഗര്‍ഭസ്ഥശിശുവിനെ കൊല്ലാം എന്നു വാദിക്കുന്നവര്‍ വര്‍ദ്ധിച്ചുവരുന്ന ഈക്കാലത്ത്, വര്‍ഷങ്ങള്‍ക്കു മുമ്പ് വിശുദ്ധ മദര്‍ തെരേസ അമേരിക്കന്‍ പ്രസിഡന്റിനോട് അബോര്‍ഷനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധേയമാവുകയാണ്.
1994 ഫെബ്രുവരി 5. വാഷിംഗ്ടണ്‍ ഡി.സിയില്‍ നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മദര്‍ തെരേസ. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും വൈസ് പ്രസിഡന്റും ഭരണസിരാകേന്ദ്രങ്ങളെ ചലിപ്പിക്കുന്ന ഉന്നതരായ 4000 ത്തോളം അതിഥികളും അടങ്ങിയ പ്രൗഢഗംഭീരമായ സദസ്സ്. ചടങ്ങില്‍ സന്ദേശം നല്‍കാനായി കൃശാഗാത്രയായ മദര്‍ വേദിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റും പരിവാരങ്ങളുമാണ് സദസ്സിലും വേദിയിലുമുള്ളതെന്ന് വകവെക്കാതെ മദര്‍ പറഞ്ഞു.. അബോര്ഷന് കൊലപാതകമാണ്. യാതൊരു ഭയവുമില്ലാതെയാണ് പലരും പറയാന്‍ മടിച്ച ആ സത്യം പ്രസിഡന്റിന്റെ മുഖത്തുനോക്കി മദര്‍ തെരേസ വിളിച്ചുപറഞ്ഞത്.
സ്ത്രീകളുടെ സ്വാതന്ത്യത്തിന്റെ ഭാഗമാണെന്ന് പ്രഘോഷിച്ചുകൊണ്ട് അബോര്‍ഷനെ അഘോഷിച്ചുനടക്കുന്ന അമേരിക്കന്‍ ജനത സത്യത്തില്‍ മദര്‍ തെരേസയുടെ ആ വാക്കുകള്‍ കേട്ട് ഞെട്ടി. മദര്‍ തെരേസ തുടര്‍ന്നു പറഞ്ഞ വാക്കുള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുകയാണ്. ആ വാക്കുകള്‍ ഇതാ...
സമാധാനത്തിന്റെ ഏറ്റവും വലിയ അന്തകന്‍ അബോര്‍ഷനാണ് എന്ന് എനിക്ക് തോന്നുന്നു. കാരണം അത് കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള യുദ്ധമാണ്. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ നേരിട്ടു കൊല്ലുകയാണ്. സ്വന്തം അമ്മ തന്നെ നടത്തുന്ന കൊലപാതകം. അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ കൊല്ലാം എന്ന് നാം അംഗീകരിച്ചാല്‍, പിന്നെ നമുക്ക് എങ്ങനെയാണ് മറ്റുള്ളവരോട് പരസ്പരം കൊല്ലരുത് എന്ന് പറയുവാന്‍ കഴിയുക? എങ്ങനെയാണ് ഒരു സ്ത്രീയെ അബോര്ഷനില് നിന്ന് പിന്തിരിപ്പിക്കാനാകുക. എപ്പോഴും നാം അവളെ സ്നേഹം കൊണ്ട് പിന്തിരിപ്പിക്കണം, സ്നേഹം എന്നാല്‍ മുറിവേല്‍ക്കുന്നതുവരെ കൊടുക്കുകയാണെന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈശോ നമ്മെ സ്നേഹിക്കുവാനായി സ്വന്തം ജീവന് പോലും നല്കി. അതുകൊണ്ട്, അബോര്‍ഷനെക്കുറിച്ച് ചിന്തിക്കുന്ന അമ്മയെ സ്നേഹിക്കുവാന്‍ സഹായിക്കണം, ഉദരത്തിലുള്ള കുഞ്ഞിനെ സ്നേഹിക്കുവാന്‍ അവളെ പഠിപ്പിക്കണം. ആ കുഞ്ഞിന്റെ പിതാവ് ആരു തന്നെയായാലും, മുറിവേല്‍ക്കുന്നതുവരെ കൊടുക്കുവാന്‍ തയാറാകണം.
അബോര്ഷന് വഴിയായി, അമ്മ സ്നേഹിക്കാന്‍ പഠിക്കുന്നില്ല, സ്വന്തം പ്രശ്നം പരിഹരിക്കുവാനായി അവള് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. അബോര്ഷന് കൂട്ടുനില്‍ക്കുന്ന പിതാവ് താന്‍ ഈ ലോകത്തിലേക്കു കൊണ്ടുവന്ന കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുന്നു. അങ്ങനെയുള്ള വ്യക്തി മറ്റു സ്തീകളെക്കൂടി അബോര്‍ഷനിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അബോര്ഷന് കൂടുതല്‍ അബോര്‍ഷനിലേക്ക് നയിച്ചുകൊണ്ടിരിക്കും. അബോര്ഷന് അനുവദിക്കുന്ന ഏതു രാജ്യവും അവിടുത്തെ ജനങ്ങളെ സ്നേഹിക്കാനല്ല പഠിപ്പിക്കുന്നത്, തങ്ങള്‍ക്കിഷ്ടമുള്ളത് നേടിയെടുക്കാന്‍ അക്രമം നടത്താമെന്ന് ഉപദേശിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അന്തകന്‍ അബോര്‍ഷനാണെന്ന് പറയുന്നത്.
ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന് നാം ഓര്‍ക്കുകയും, ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ നാം മറ്റുള്ളവരെ സ്നേഹിക്കുകയും ചെയ്താല്‍, അമേരിക്ക ലോകത്തിന് സമാധാനത്തിന്റെ അടയാളമായി മാറും. ഇവിടെ നിന്ന്- ലോകത്തിലെ ഏറ്റവും ദുര്‍ബലരില്‍ ദുര്‍ബലരായവരെ- ഗര്‍ഭസ്ഥശിശുക്കളെ - സംരക്ഷിക്കുന്നതിനുള്ള തീരുമാനം ലോകം മുഴുവനും പോകണം....മദര്‍ ഉദ്ബോധിപ്പിച്ചു.
നമ്മുടെ സ്വാതന്ത്യം നാം കൂടുതല്‍ ശ്രേഷ്ഠമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മദര്‍ തെരേസ പ്രസംഗം അവസാനിപ്പിച്ചത്.
Send your feedback to : onlinekeralacatholic@gmail.com