ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മാതാവ് എവിടെയായിരുന്നു?
ജോര്‍ജ് .കെ. ജെ - ഏപ്രിൽ 2020
നോമ്പുകാലം കഴിഞ്ഞ് ഉയിര്‍പ്പിന്റെ മഹിമയിലേക്ക് പ്രവേശിച്ചാലും നമ്മുടെ ഹൃദയങ്ങളില്‍ നിന്ന് തുടച്ചുമാറ്റനാകാത്ത ചിത്രമാണ് കുറ്റമറ്റവനായിരുന്നിട്ടും കുരിലേറ്റപ്പെട്ട് തിരുക്കുമാരന്റെ കുരിശിന് ചുവട്ടില്‍ ഒരക്ഷരം പോലം ഉരിയാടാതെ നില്ക്കുന്ന പരിശുദ്ധ മാതാവിന്റേത്. ഓര്‍ക്കുന്തോറും നമ്മുടെ ഹൃദയങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ട്, കണ്ണുകളില്‍ നനവുപടര്‍ത്തിക്കൊണ്ട്, ആ അമ്മയുടെ രൂപം നമ്മുടെ ഹൃദയത്തെ വീണ്ടും വീണ്ടും മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു. ഒരേയൊരു പുത്രന്റെ മരണം ആ അമ്മയെ അനാഥയാക്കിക്കളഞ്ഞുകാണുമോ എന്നതാണ് പലരുടെയും വിഷമം. കുരിശിന് ചുവട്ടില്‍ നിന്ന് ആ അമ്മ എങ്ങോട്ടാണ് പോയതെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അവളുടെ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കാര്യങ്ങള്‍ ബൈബിളില്‍ ചെറുതായി പരമാര്ശിക്കപ്പെടുന്നുമുണ്ട്. എന്നിട്ടും ആ അമ്മ തന്റെ പ്രിയപുത്രന്റെ വേര്‍പാടിനുശേഷം ശിഷ്ടകാലം എവിടെയാണ് വസിച്ചതെന്ന് അറിയാന്‍ നിങ്ങള്‍ക്കും ആഗ്രഹമില്ലേ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം പരിശുദ്ധ മാതാവ് എവിടെയാണ് വസിച്ചതെന്നതിനെക്കുറിച്ചും പിന്നിടുള്ള ജീവിതത്തെക്കുറിച്ചും പുതിയനിയമത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് പുതിയനിയമവും പാരമ്പര്യവും ചേര്‍ത്തുവായിക്കുക മാത്രമേ നിര്‍വാഹമുള്ളു. പുതിയനിയമവും പാരമ്പര്യവും നമ്മുക്ക് നല്കുന്ന സാധ്യതകള്‍ ഇവയൊക്കെയാണ്.
ഈശോയുടെ പീഡാനുഭവസമയത്തിനുമുമ്പേ അവിടുത്തെ വളര്‍ത്തുപിതാവായ ജോസഫ് ഇഹലോകവാസം വെടിഞ്ഞിരുന്നുവെന്നാണ് ബൈബിള്‍ പണ്ഡിതന്മാര് പറയുന്നത്. അ കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായവുമില്ല. വി. ജോസഫിന്റെ വേര്‍പാടിനുശേഷം പ്രിയപുത്രനായ ക്രിസ്തുവിന്റെ സംരക്ഷണയിലായിരുന്നു മാതാവ് എന്നുവേണം കരുതാന്‍. എന്നാല്‍, തന്റെ സ്വന്തം അമ്മയെ ്അനാഥയാക്കിവിടുവാന് അവിടുത്തേക്ക് മനസ്സ് വന്നില്ല. അതുകൊണ്ടാകാം കുരിശില്‍ കിടന്നുകൊണ്ടുതന്നെ ഈശോ തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരിലൊരാള്‍ക്ക് അമ്മയുടെ സംരക്ഷണം കൈമാറിയത്. കുരിശില്‍ കിടുന്നുകൊണ്ട് അമ്മയോട് ഈശോ പറഞ്ഞു. സ്ത്രീയേ ഇതാ നിന്റെ മകന്. അനന്തരം അവിടുന്ന് താന്‍ സ്നേഹിക്കുന്ന ശിഷ്യനുനേരെ തിരിഞ്ഞ് ഇതാ നിന്റെ അമ്മ എന്നും പറയുന്നു. മരിക്കുന്നതിനുമുമ്പ് ക്രിസ്തു തന്റെ അമ്മയുടെ സംരക്ഷണം ശിഷ്യനനെ ഏല്പിച്ചുകൊടുത്തുവെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ക്രിസ്തു കുരിശില്‍ മരിക്കുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരിലൊരാള്‍ക്ക് അമ്മയുടെ സംരക്ഷണം ഏല്പിച്ചുകൊടുത്തുവെന്ന് നമുക്ക് കാണാം. യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്തുനില്ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ ഇതാ നിന്റെ മകന്. അനന്തരം അവന് ആ ശിഷ്യനോട് പറഞ്ഞു: ഇതാ നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു. ( യോഹന്നാന്: 19: 2627).
യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യന് എന്നതുകൊണ്ട് വി. യോഹന്നാനെയാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ബെബിള് പണ്ഡിതരെല്ലാം ഒരേ അഭിപ്രായക്കാരാണ്.
അപ്പസ്തോലപ്രവര്‍ത്തനങ്ങളില്‍ കാണുന്നതുപോലെ വി. യോഹന്നാന് പരിശുദ്ധ മാതാവിനെ ജറുസലേമിലേക്ക് കൂട്ടിക്കൊണ്ടുപോയി എന്ന് കാണാം.
അവര്‍ ഒലിവുമലയില്‍ നിന്നു ജറുസലേമിലെക്കു മടങ്ങിപ്പോയി; ഇവ തമ്മില്‍ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്. അവര്‍ പട്ടണത്തിലെത്തി, തങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ മുകളിലുത്തെ നിലയിലുള്ള മുറിയില്‍ ചെന്നു. അവര്‍ പത്രോസ്,യോഹന്നാന്, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബര്ത്തേലോമിയോ, മത്തായി, ഹാല്പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോന്, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവര്‍ എകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. (അപ്പ: 1:1214). ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത് മാതാവ് ഈശോയുടെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്വര്‍ഗ്ഗാരോഹണത്തിന്റെയും നാളുകളില്‍ ശിഷ്യന്മാരോടൊപ്പം ജറുസലേമില്‍ കഴിഞ്ഞിരുന്നുവെന്നാണ്. അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഒന്നും പറയുന്നുമില്ല.
ഒരു പാരമ്പര്യമനുസരിച്ച് മാതാവ് കുരിശിന്റെ വഴിയിലൂടെ നടന്ന് തന്റെ തിരുക്കുമാരന്റെ കാല്പാടുകള് പിന്തുടര്ന്ന് ശിഷ്ടകാലം അവിടെത്തന്നെ ചിലവഴിച്ചുവെന്ന് പറയപ്പെടുന്നു. അതനുസരിച്ച് പരിശുദ്ധ ദൈവമാതാവ് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെട്ടതും ജറുസലേമില്‍ വെച്ചുതന്നെയായിരുന്നുവെന്നും അത് ശിഷ്യന്മാരുടെ സാന്നിധ്യത്തിലായിരുന്നുവെന്നുമുള്ള സൂചനയാണ് നല്‍കുന്നത്. ഇന്നും ഒലിവുമലയുടെ സമീപമുള്ള ഈ സ്ഥലം തന്നെയാണ് മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ സ്ഥലമായി ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ കരുതുന്നതും വണങ്ങുന്നതും. ജറുസലേമില്‍ തന്നെ ബെനഡിക്ടൈന്‍ സന്യാസികളുടെ മേല്‍നോട്ടത്തിലുള്ള ചര്‍ച്ച് ഓഫ് ഡോര്‍മിഷന്‍ എന്ന ദേവാലയം നിലനില്‍ക്കുന്ന സ്ഥലവും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ സ്ഥലങ്ങളായി പരിഗണിക്കപ്പെടുന്നു.
എന്നാല്‍ മറ്റൊരു പാരമ്പര്യം പറയുന്നത് മാതാവ് ശിഷ്ടകാലം ചിലവഴിച്ചത് എഫേസൂസിലായിരുന്നുവെന്നാണ്. കാരണം എഫേസൂസായിരുന്നു യോഹന്നാന്റെ സ്ഥലം. പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടുന്നതുവരെ ക്രിസ്തുവിന്റെ പ്രിയപ്പെട്ട ശിഷ്യനോടൊപ്പം അവിടെ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ഈ പാരമ്പര്യത്തിനാണ് മറ്റതിനെക്കാള് മുന്‍തൂക്കം. അതിനാണ് കൂടുതല്‍ തെളിവുകളും സാധ്യതകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. 19-ാം നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ട ആന്‍ കാതറിന് എമിറിച്ചിന് ലഭിച്ച വെളിപാടനുസരിച്ച് എഫേസൂസിലെ ഈ ഭവനമാണ് മാതാവ് സ്വര്ഗ്ഗോരാപണത്തിന് മുമ്പ് ജീവിച്ചിരുന്ന സ്ഥലം.
1891ല്‍ സിസ്റ്റര്‍ മേരി ഡി മാന്‍ഡാറ്റ് ഗ്രാന്‍സി ഒന്നാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഒരു ഭവനലും അതിനുമുകളില്‍ നാലാം നൂറ്റാണ്ടില്‍ പണിതതെന്നു അനുമാനിക്കപ്പെടുന്ന ഒരു ദേവാലയവും കണ്ടെത്തിയിരുന്നു. പണ്ടുമുതലെ ആ സ്ഥാലം വിലയ തീര്‍ത്ഥാടനകേന്ദ്രമായിരുന്നു.നിരവധി മാര്‍പാപ്പമാര്‍ അങ്ങോട്ട് തീര്‍ത്ഥാടനം നടത്തിയിട്ടുമുണ്ട്.
തന്റെ പ്രിയപുത്രന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ അമ്മ ജീവിച്ച സ്ഥലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് പാരമ്പര്യങ്ങള്‍ പറയുന്നതെങ്കിലും മാതാവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും നമ്മുടെ അമ്മയായി, സഭയുടെ മാതാവായി സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പക്കല്‍ മാദ്ധ്യസ്ഥ്യം വഹിച്ചുകൊണ്ടിരിക്കുന്നുവെന്നുമുള്ള കാര്യത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
Send your feedback to : onlinekeralacatholic@gmail.com