സത്യത്തില്‍ പരിശുദ്ധാത്മാവ് ആരാണ്...എന്താണ് പരിശുദ്ധാത്മാവിന്റെ ദൗത്യം?
ജോര്‍ജ് കൊമ്മറ്റം - ജൂലൈ 2021
പരിശുദ്ധാത്മാവ് നമ്മില്‍ പലര്‍ക്കും ഇപ്പോഴും അപരിചിതനാണ്. പരിശുദ്ധാത്മാവ് ആരാണ് എന്ന് ചോദിച്ചാല്‍ ഒരു അരൂപിയാണ് എന്നായിരിക്കും നമ്മുടെ മറുപടി. സത്യത്തില്‍ പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയാണ് പരിശുദ്ധാത്മാവ്. പിതാവിനെയും പുത്രനെയും കുറിച്ച് നാം നന്നായി മനസ്സിലാക്കിയിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവിനെക്കുറിച്ച് നാം അധികം കേട്ടുട്ടുണ്ടാവില്ല. പലപ്പോഴും കര്ട്ടന് പുറകിലായിരുന്നു പരിശുദ്ധാത്മവിന്റെ സ്ഥാനം. എന്നാല്‍, പരിശുദ്ധാത്മാവിനെ നാം തിരിച്ചറിയുക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്നതാണ് സത്യം.
പരിശുദ്ധാത്മാവാണ് ജീവന് നല്‍കുന്നത്. ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതും ദൈവസ്നേഹം നമ്മില്‍ നിറയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് സൃഷ്ടാവ് തന്നെയാണ്.
ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ ജലത്തിനുമീതെ കടന്നുപോയ ദൈവത്തിന്റെ അരൂപി പരിശുദ്ധാത്മാവായിരുന്നു. ഉത്ഥിനായ ക്രിസ്തു തന്റെ ശിഷ്യന്മാര്ക്ക് നല്കിയ സമ്മാനമായിരുന്നു പരിശുദ്ധാത്മാവ്. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് നയിക്കും (യോഹ 16: 13) എന്ന അവിടുത്തെ വാക്കുകള്‍ അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഈശോ പരിശുദ്ധാത്മാവിനെ ആശ്വാസദായകന്‍ എന്ന് വിശേഷിപ്പിക്കുന്നു. പരിശുദ്ധാത്മാവ് നമ്മുടെ സഹായത്തിനെത്തുന്നു, നമ്മെ ആശ്വസിപ്പിക്കുന്നു, നമ്മെ ശാക്തീകരിക്കുന്നു.
പരിശുദ്ധാത്മാവിനെ നാം വിവിധ ഇമേജുകളില്‍ ചിത്രീകരിക്കാറുണ്ട്. പ്രാവിന്റെ രൂപത്തിലും രൂപാന്തരീകരണസമയത്തെ മേഘത്തിന്റെ രൂപത്തിലും നാം അവിടുത്തെ വരച്ചിടുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് ജീവജലവും, പരിശുദ്ധ ചൈതന്യവും അഗ്നിനാളവുമാണ്. പന്തക്കുസ്താ നാളില്‍ പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേല്‍ എഴുുള്ളി വന്നത് തീനാവുകളുടെ രൂപത്തിലായിരുന്നുവെന്ന് പുതിയനിയമത്തില്‍ നാം വായിക്കുന്നു.
പരിശുദ്ധാത്മാവ് നമ്മെ ഭയത്തില്‍ നിന്നും സ്വതന്ത്രരാക്കുകയും ശക്തിയും ധൈര്യവും പകരുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് സെഹിയോന്‍ ഊട്ടുശാലയിലേക്ക് കൊടുങ്കാറ്റുപോലെ കടന്നുവന്നു. കാറ്റ് മാറ്റം കൊണ്ടുവരുന്നു. പരിശുദ്ധാത്മാവും നമ്മിലേക്ക് വരുമ്പോള്‍ നമ്മെയും മാറ്റിമറിക്കുന്നു, പുതിയ സൃഷ്ടിയായി മാറ്റുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തെ മാറ്റുന്ന ദൈവികശക്തി എന്ന് വിശേഷിപ്പിക്കുന്നത്.
ഉത്ഥിനായ ഊശോയുടെ നിശ്വാസവും പരിശുദ്ധാത്മാവാണ്. അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍ (യോഹ 20-22.) മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ നിശ്വാസം ജീവനാണ്. ശിഷ്യന്മാരുടെ മേല്‍ അവിടുന്ന് നിശ്വസിച്ചപ്പോള് അത് അവര്‍ക്ക് പുതുജീവനും ലോകത്തില്‍ തങ്ങളുടെ പുതിയ ദൗത്യവുമായി മാറി.
ദൈവം പരിശുദ്ധാത്മാവിനെ അയയ്ക്കുമ്പോള്‍ സഭ വീണ്ടും ജനിക്കുന്നു. സഭയെ സൊസൈറ്റി ഓഫ് ദ സ്പിരിറ്റ് എന്ന് സെന്റ് അഗസ്റ്റിന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. വൈവിധ്യമാര്‍ന്ന വരദാനങ്ങളിലൂടെ സഭയിലുടനീളം ജീവിച്ചുകൊണ്ട് പരിശുദ്ധാത്മാവ് സഭയെ നയിക്കുകയും നവീകരിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു.
പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ നവീകരിക്കപ്പെടുന്നത് കൂദാശകളിലൂടെയാണ്. പ്രത്യേകിച്ചും മാമ്മോദീസ, സ്ഥൈര്യലേപനം എന്നീ കൂദാശകളിലൂടെ. പരിശുദ്ധാത്മാവിനെ സ്വാഗതം ചെയ്യുന്നവരില്‍ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സന്തോഷം, സമാധാനം, ക്ഷമ, ദയ, ഔദാര്യം, വിശ്വസ്തത, ആത്മനിയന്ത്രണം എന്നിവ നിറയുന്നു.
നമ്മെ ദൈവത്തിലക്ക് നയിക്കുകയാണ് പരിശുദ്ധാത്മാവിന്റെ ദൗത്യം. പ്രാര്‍ത്ഥനയിലൂടെ നമ്മെ അവിടുന്ന് ദൈവത്തിലേക്ക് നയിക്കുന്നു. പരിശുദ്ധാത്മാവ് നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുകയും നമ്മിലൂടെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ മക്കളായതുകൊണ്ട് ആബാ, പിതാവേ എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. (ഗലാ 4-6). പരിശുദ്ധാത്മാവേ എഴുന്നുള്ളി വരണമേ എന്ന ചെറിയ പ്രാര്‍ത്ഥനയോടെ പരിശുദ്ധാത്മാവിനെ ഓരോ ദിവസവും നമ്മുടെ ജീവിതത്തിലേക്ക് നമുക്കും ക്ഷണിക്കാം.
Send your feedback to : onlinekeralacatholic@gmail.com