നീതിമാനായ ജോസഫിന്റെ മാതാപിതാക്കള്‍ ആരായിരുന്നു?
ബോബന് എബ്രാഹം - മാര്‍ച്ച് 2021
നീതിമാന് എന്ന് ബൈബിളില്‍ വിശേഷിപ്പിക്കപ്പെടുവാന്‍ തക്കവിധം മകനെ വളര്‍ത്തിയ വി. ജോസഫിന്റെ മാതാപിതാക്കള്‍ ആരായിരുന്നു.
ഈശോയുടെ അമ്മയായ മേരിയുടെ മാതാപിതാക്കള്‍ വി. ജോവാക്കീമും അന്നയുമായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലോകരക്ഷകനായ യേശുവിന്റെ വളര്‍ത്തുപിതാവായി ദൈവം തിരഞ്ഞെടുത്ത വിശുദ്ധ യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍ ആരായിരുന്നുവെന്നതിന് ബൈബളില്‍ വളരെ കുറച്ച് പരമാര്‍ശങ്ങള്‍ മാത്രമെ കാണുന്നുള്ളു. അല്ലെങ്കില്‍ കാര്യമായി ഒന്നും തന്നെ പറയുന്നില്ല എന്നതാണ് സത്യം.
എന്തുകൊണ്ട്
വി. ജോവാക്കിമിനെക്കുറിച്ചും അന്നയെക്കുറിച്ചും എന്നതുപോലെ തന്നെ വളരെ കുറച്ച് അറിവുമാത്രമേ നമുക്ക് പാരമ്പര്യമായിട്ടും കൈമാറി കിട്ടിയിട്ടുള്ളു.
മത്തായിയുടെ സുവിശേഷത്തില്‍ ജോസഫിനെ, യാക്കോബിന്റെ പുത്രനായ എന്നാണ് പരമാര്ശിച്ചിരിക്കുന്നത് (മത്താ: 1:16). അതേസമയം ലൂക്കായുടെ സുവിശേഷത്തില്‍ ജോസഫ് ഹേലിയുടെ പുത്രനായിരുന്നു എന്ന് പരമാര്ശിക്കപ്പെടുന്നു (ലൂക്ക 3: 23) സുവിശേഷകാരന്മാര്‍ എന്തുകൊണ്ടാണ് വ്യത്യസ്തമായ പേരുകള്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് ബൈബിള്‍ പണ്ഡിതന്മാര് പലവാദങ്ങളും ഉന്നയിക്കുന്നുണ്ട്.
അതിലേറ്റവും സ്വീകാര്യമായ ഒരു വാദമാണ് ബൈബിള്‍ പണ്ഡിതനും അപ്പോളജിസ്റ്റുമായ ജിമ്മി അകിന് നല്‍കുന്നത്.
രണ്ടാം നൂറ്റാണ്ടിലെ ചരിത്രകാരനായിരുന്ന ജൂലിയസ് ആഫ്രിക്കാനൂസ്, ഇസ്രായേലില്‍ നിന്നുള്ള അക്കാലത്തെ ക്രിസ്തുവിന്റെ കുടുംബത്തിലെ പിന്തുടര്ച്ചക്കാരെക്കുറിച്ചുള്ള വസ്തുതകള്‍ രേഖപ്പെടുത്തിയിരുന്നു. അവരുടെ വംശാവലിയനുസരിച്ച്, ജോസഫിന്റെ ഗ്രാന്‍ഡ് ഫാദറായ മഥാന്‍ (മത്തായിയുടെ സുവിശേഷത്തില്‍ പരമാര്‍ശിക്കുന്ന), എസ്തായെ വിവാഹം കഴിച്ചു, അവര്‍ക്ക് യാക്കോബ് എന്നു പേരായ ഒരു മകന് ജനിച്ചു. മാഥാന്റെ മരണശേഷം എസ്താ തന്റെ ബന്ധുവായ മെല്ക്കിയെ (ലൂക്കായുടെ സുവിശേഷം) വിവാഹം കഴിച്ചു. അവര്‍ക്കുണ്ടായ കുഞ്ഞാണ് ഹേലി. അന്നത്തെ കാലത്ത് ബന്ധുക്കളെ വിവാഹം കഴിക്കുന്ന പതിവുണ്ടായിരുന്നു. യാക്കോബും ഹേലിയും അര്‍ദ്ധ സഹോദരന്മാരായിരുന്നു. ഹേലി മക്കളില്ലാതെ മരിച്ചു. യാക്കോബ് അദ്ദേഹത്തിന്റെ വിധവയെ വിവാഹം കഴിച്ച് ജോസഫിന്റെ പിതാവായി. ജോസഫ് ബയോളജിക്കലായി യാക്കബിന്റെ പുത്രനും നിയമപരമായി ഹേലിയുടെ പുത്രനുമായിരുന്നു (എവുസേവിയൂസ്, എക്ലേസിയാസ്റ്റിക്കല്‍ ഹിസ്റ്ററി 1:67).
അന്നത്തെ കാലത്ത് ദത്തെടുക്കല്‍ യഹൂദ സംസ്ക്കാരത്തില്‍ സര്‍വ്വസാധാരണമായിരുന്നു. അതാകട്ടെ വംശാവലിയെ നേരിട്ട് ബാധിച്ചിരുന്നു. അതനുസരിച്ച് ഒരു വ്യക്തി ഒരു പ്രത്യേക വംശാവലിയില്‍ ജനിക്കുകയും, പിന്നീട് മറ്റൈാരു വംശാവലിയില്‍ ദത്തെടുക്കപ്പെടുകയും ചെയ്താല്‍ ആ വംശാവലിയിലും ഉള്‍പ്പെടുമായിരുന്നു. അകിന് വിശദീകരിക്കുന്നു - ദത്തെടുക്കല്‍ മരണാനന്തരമായിരുന്നു. അതിനര്‍ത്ഥം ഒരു വ്യക്തി മക്കളില്ലാതെ മരിച്ചാല്‍, അദ്ദേഹത്തിന്റെ വിധവയെ വിവാഹം കഴിച്ച് സ്വന്തം സഹോദരനുവേണ്ടി ഒരു പുത്രനെ ജനിപ്പിക്കുക എന്നത് ആ വ്യക്തിയുടെ സഹോദരന്റെ കടമയായിരുന്നു. ആ കുഞ്ഞിനെ മരിച്ചുപോയ വ്യക്തി മരണാനന്തരം ദത്തെടുത്തതായി കണക്കാക്കപ്പെടുകയും ആ മരിച്ചുപോയ വ്യക്തിയുടെ വംശാവലിയില്‍ പേരു ചേര്‍ക്കപ്പെടുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണ് ജോസഫ് യാക്കോബിന്റെ പുത്രന് എന്ന് വിളിക്കപ്പെടുന്നത്.
എന്നാല്‍, അതിപുരാതനമായ പാരമ്പര്യത്തില്പോലും ജോസഫിന്റെ അമ്മയെക്കുറിച്ച് യാതൊരു തെളിവുകളും ലഭിക്കുന്നില്ല.
18-ാം നൂറ്റാണ്ടിലെ ഒരു വിഷനറിയായിരുന്ന മദര്‍ സിസിലിയാ ബയ്ജ് അവകാശപ്പെടുന്നത് ജോസഫിന്റെ അമ്മ റേയ്ച്ചല്‍ ആയിരുന്നുവെന്നാണ്. അത് സത്യമായിരിക്കുവാനുള്ള സാധ്യതയുണ്ട്. കാരണം, റേയ്ച്ചല്‍ എന്നത് അന്നത്തെ കാലത്ത് പൊതുവായ ഒരു നാമമായിരുന്നു. മാത്രമല്ല, ഇവിടെ ജോസഫിനെ യാക്കോബിന്റെയും റേയ്ച്ചലിന്റെയും മകനായ പഴയനിയമത്തിലെ ജോസഫുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും കാണുന്നു. ഏതായാലും, മദര്‍ സിസിലിയായ്ക്ക് ലഭിച്ച വെളിപാട് വ്യക്തിപരമായ വെളിപാടായി കണക്കാക്കപ്പെടുന്നതും സഭ ആധികാരികമായി അംഗീകരിക്കാത്തതുമാണ്.
ജോസഫിന്റെ മാതാപിതാക്കള്‍ ആരായിരുന്നാലും, അവര്‍ വാര്‍ത്തെടുത്തത് രക്ഷാകര ചരിത്രത്തിലെ ഒരു അതുല്യ വ്യക്തിത്വത്തെയായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com