കത്തോലിക്കര്‍ വൈദികരോട് കുമ്പസാരിക്കുന്നത് എന്തുകൊണ്ട് ദൈവത്തോട് നേരിട്ട് പറഞ്ഞാല്‍ പോരെ?
ജിയോ ജോര്‍ജ് - മാര്‍ച്ച് 2021
ഈശോ തന്റെ ശിഷ്യന്മാരെ അയച്ചത് അവര്‍ക്ക് പാപം മോചിക്കുവാനുള്ള അധികാരം നല്കിയിട്ടാണ് എന്നതാണ് സത്യം.
ദൈവത്തിന് അറിയാം എനിക്ക് തെറ്റുപറ്റിയെന്ന് സത്യത്തില്‍ അതുപോരെ. ദൈവത്തോട് നേരിട്ട് ഏറ്റുപറയുന്നതിന് പകരം വൈദികനോട് നമ്മുടെ പാപങ്ങള്‍ പറയേണ്ട ആവശ്യമുണ്ടോ. പലരും ചോദിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുമ്പസാരം തുടങ്ങിയകാലം മുതലുള്ള ചോദ്യം തന്നെയാണിത്. ആ ചോദ്യത്തിന് ഉത്തരം ബൈബിളില്‍ തന്നെ ഉണ്ടെന്നുള്ളതാണ് സത്യം.
ദൈവം നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് അങ്ങനെ ചെയ്യാനാണ് എന്നതാണ് ഈ ചോദ്യത്തിന് ഒറ്റ വാക്യത്തിലുള്ള ഉത്തരം. യാക്കോബിന്റെ ലേഖനം 5-16 ല്‍ ഇങ്ങനെ പറയുന്നു. നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. ദൈവവചനത്തിലുടെ ദൈവം ആവശ്യപ്പെടുന്നത് നമ്മുടെ പാപങ്ങള്‍ പരസ്പരം ഏറ്റുപറയുവാന്‍ തന്നെയാണ്. ദൈവവചനം പറയുന്നില്ല നിങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് മാത്രം നേരിട്ട് ഏറ്റുപറഞ്ഞാല്‍ മതിയെന്ന്. എന്നാല്‍ പരസ്പരം പാപങ്ങള്‍ ഏറ്റുപറയുവാന്‍ ബൈബിളില്‍ പറയുന്നുണ്ടുതാനും.
മത്തായിയുടെ സുവിശേഷം പറയുന്നത് പാപങ്ങള്‍ പൊറുക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നാണ്. ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് ഈശോ പറയുന്നു. തുടര്‍ന്നുള്ള വചനങ്ങളില്‍ മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്കിയ ദൈവത്തെ മഹത്വപ്പെടുത്തി (മത്തായി 9: 6, 8) എന്നും നാം വായിക്കുന്നു. ഇതെല്ലാം കൂട്ടിവായിച്ചാല്‍ പാപം പൊറുക്കുന്നതിനുള്ള അധികാരം ദൈവത്താല്‍ നല്കപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാക്കാം.
ഉയര്‍പ്പിനുശേഷം തന്റെ ശിഷ്യന്മാരോട് ഈശോ ആദ്യം പറഞ്ഞ കാര്യം എന്തായിരുന്നു എന്നോര്‍മ്മയുണ്ടോ. ഈശോ അവരോട് പറഞ്ഞു: സമാധാനം നിങ്ങളോടു കൂടെ, പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. (യോഹാന്‍: 20, 21-23) ഈശോയെ എങ്ങനെയാണ് പിതാവ് അയച്ചത്. പിതാവ് ഈശോയെ ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കുവാനുള്ള അധികാരം നല്കിയിട്ടാണ് അയച്ചത് എന്ന് മത്തായിയുടെ സുവിശേഷത്തില്‍ കാണാം. ഈശോ തന്റെ ശിഷ്യന്മാരെ അയക്കുമ്പോള്‍ തീര്‍ച്ചയായും പാപങ്ങള്‍ പൊറുക്കുവാനുള്ള അധികാരം കൂടി അവര്‍ക്ക് നല്കി എന്ന് തീര്‍ച്ചയാണ്.
എന്നിട്ടും വ്യക്തമാകുന്നില്ലെങ്കില്‍ യോഹന്നാന്റെ സുവിശേഷം തുടര്‍ന്നു വായിച്ചാല്‍ വ്യക്തമാകും. (യോഹ 20: 22-23) അവിടുന്ന് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് പറഞ്ഞു.. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.
എന്തുകൊണ്ടാണ് ഈശോ തന്റെ ശിഷ്യന്മാര്ക്ക് പാപങ്ങള്‍ പൊറുക്കുവാനും ബന്ധിക്കുവാനും അധികാരം നല്‍കിയത്. നാം അവരോട് കുമ്പസാരിക്കുവാന്‍ ഈശോ ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ പിന്നെ അവിടുന്ന് തന്റെ ശിഷ്യന്മാര്ക്ക് ഈ അധികാരം നല്കുമായിരുന്നോ. ആരും അവരുടെ പക്കല്‍ ചെന്ന് പാപങ്ങള്‍ ഏറ്റുപറയുന്നില്ലെങ്കില്‍ എങ്ങനെയാണ് അവര്‍ക്ക് പാപം പൊറുക്കുവാന്‍ സാധിക്കുക.
ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു ഒരു വൈദികനോട് കുമ്പസാരിക്കുക എന്നത് നമ്മുടെ ജീവിതത്തെ മറ്റൊരാളുടെ കൈകളിലും ഹൃദയത്തിലുമായി സമര്‍പ്പിക്കുക എന്നതാണ്, ആ വ്യക്തിയാകട്ടെ ആ നിമിഷം ക്രിസ്തുവിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അതാണ് യഥാര്‍ത്ഥവും ആധികാരികവുമായ മാര്‍ഗ്ഗം; നാം യാഥാര്‍ത്ഥ്യത്തെ നേരിടേണ്ടത് മറ്റൊരാളിലേക്ക് നോക്കിയാണ്, കണ്ണാടിയില്‍ നോക്കിയല്ല.
ബൈബിള്‍ പറയുന്നത് പാപം പരസ്പരം ഏറ്റുപറയുവാനാണ്. മാത്രമല്ല ദൈവം തന്റെ ശിഷ്യന്മാര്ക്ക് പാപം പൊറുക്കുവാനുള്ള അധികാരം നല്‍കിയെന്നും പറയുന്നു. അവിടുത്തെ ശിഷ്യന്മാരും പ്രതിപുരുഷന്മാരുമാണ് പുരോഹിതന്മാര്. ചെയ്തുപോയ പാപങ്ങളോര്‍ത്ത് അനുതപിച്ച്, ദൈവത്തോട് മാപ്പുചോദിച്ച്, മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയത്, പുരോഹിതന്മാരോട് ഏറ്റുപറഞ്ഞാല്‍ പാപം ക്ഷമിക്കപ്പെടും. ഈശോ അതിനുള്ള അധികാരം പുരോഹിതന്മാര്ക്ക് നല്കിയിരിക്കുന്നു. അത് ദൈവം നല്‍കിയിട്ടുള്ള പ്രത്യേക അധികാരമാണ്. കത്തോലിക്കര്‍ അവരുടെ പാപം ഒരു വൈദികനോട് കുമ്പസാരിക്കുമ്പോള്‍, ഈശോ നിശ്ചയിച്ച പദ്ധതി തന്നെയാണ് നടപ്പിലാവുന്നത്. ഈശോ വൈദികരിലൂടെ നമ്മുടെ പാപം പൊറുക്കുന്നു. അത് ദൈവത്തിന്റെ പ്രവര്‍ത്തനം തന്നെയാണ്. ദൈവത്തിന്റെ തന്നെ ശക്തിയാണ് വൈദികരിലൂടെ നമ്മിലേക്ക് പ്രവഹിക്കുന്നത്. ദൈവത്തിന്റെ അപരിമേയമായ കരുണയും സ്നേഹവും അനുതപിക്കുന്ന പാപിയിലേക്ക് തിരിച്ചൊഴുകുന്നത് വൈദികനിലൂടെയാണ് എന്ന് സാരം.
Send your feedback to : onlinekeralacatholic@gmail.com