കത്തോലിക്ക ദേവാലയങ്ങളില്‍ വലിയ ആഴ്ചയില്‍ ക്രൂശിതരുപവും രൂപങ്ങളും മൂടിയിടുന്നതെന്തുകൊണ്ട്?
ജോര്‍ജ് കെ.ജെ. - മാര്‍ച്ച് 2021
നോമ്പുകാലത്തിന്റെ അവസാനത്തെ ആഴ്ച ദേവാലയത്തില്‍ ചെല്ലുമ്പോള്‍ ക്രൂശിത രൂപവും മറ്റ് രൂപങ്ങളും മൂടിയിട്ടിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മകള്‍ നിറയുന്ന ഈ നോമ്പുകാലത്ത് ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണ്.
വളരെ പഴക്കമുള്ള പാരമ്പര്യമാണെങ്കിലും കത്തോലിക്കസഭയില്‍ ഇത് ഇപ്പോഴും തുടര്‍ന്നുപോരുന്ന ആചാരമാണ്. എന്നാല്‍ കത്തോലിക്ക സഭ പരമ്പരാഗതമായി ഇങ്ങനെ ചെയ്തുപോരുന്നത് നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാസഹനങ്ങളിലേക്ക് നമ്മുടെ മുഴുവന്‍ ശ്രദ്ധയും തിരിച്ചുവിടുവാനും ഈസ്റ്ററിന്റെ മഹിമയിലേക്ക് ആകാംഷയോടെ നോക്കുവാനും വിശ്വാസികളെ പ്രേരിപ്പിക്കുവനാണ്. നോമ്പുകാലം തികച്ചും വ്യത്യസ്തമാണ് എന്ന ഒരു ഗോചരമായ ഓര്‍മ്മപ്പെടുത്തലുമാണിത്.
നമ്മുടെ ഇടവക ദേവാലയത്തില്‍ മാത്രമല്ല, ലോകം മുഴുവനിലും ഉള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ഇത് പാരമ്പര്യമായി പാലിച്ചുപോരുന്നു. ആദ്യം കാലങ്ങളില്‍ നോമ്പുകാലം മുഴുവനും ഇങ്ങനെയായിരുന്നെങ്കില്‍ 17-ാം നൂറ്റാണ്ടോടുകൂടിയാണ് നോമ്പുകാലത്തെ അവസാനത്തെ ആഴ്ച മാത്രമാക്കി മാറ്റിയത്.
ക്രൂശിതരൂപത്തിലെ കവചം ദുഖവെള്ളിയാഴ്ചത്തെ ക്രിസ്തുവിന്റെ പീഡാനുഭവ അനുസ്മരണത്തിനുശേഷം എടുത്തുമാറ്റുമെങ്കിലും ദേവാലയത്തിലെ മറ്റുരൂപങ്ങള്‍ ഈസ്റ്റര്‍ വിജില്‍ തുടങ്ങുമ്പോഴാണ് മാറ്റുക.
നോമ്പുകാലത്ത് രൂപങ്ങള്‍ മൂടിയിടുന്ന പാരമ്പര്യം വളരെ പണ്ടുതന്നെ തുടങ്ങിയിരുന്നു. എല്ലാ രാജ്യത്തും ഇത് അനുവര്‍ത്തിക്കുന്നു. ജര്‍മ്മനിയില്‍ നോമ്പുകാലത്ത് അള്‍ത്താര മുഴുവനായി വലിയ തുണികൊണ്ട് മറയ്ക്കുന്ന പതിവുണ്ടായിരുന്നു. അതിനെ ഹംഗര്‍ ക്ലോത്ത് (വിശപ്പ് തുണി) എന്നാണ് വിളിച്ചിരുന്നത്. അതാകട്ടെ, ഒമ്പതാം നൂറ്റാണ്ടുമുതല്‍ നിലവിലുണ്ടായിരുന്ന ആചാരമായിരുന്നു. നമ്മുടെ കണ്ണില്‍ നിന്ന് വിശുദ്ധമായതിനെ മറച്ചുവെച്ചുകൊണ്ട് പ്രായ്ചിത്തം ചെയ്യിക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ദുഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ പീഡാനുഭവ വായനയുടെ സമയത്ത് ദേവാലയത്തിലെ തിരശ്ശീല നടുവെ കീറി എന്നുപറയുമ്പോഴായിരുന്നു ഹംഗര്‍ ക്ലോത്ത് എടുത്തുമാറ്റുക. അവിടെനിന്നുമായിരിക്കാം ഈ പാരമ്പര്യം മറ്റുള്ള സ്ഥലങ്ങളിലേക്ക് പ്രചരിച്ചതെന്ന് ചിലര്‍ പറയുന്നു.
മാത്രമല്ല, കുടുംബങ്ങളിലെ ക്രൂശിതരൂപങ്ങളും മറ്റും മൂടിയിടുന്ന പതിവും അവിടെ നിലവിലുണ്ട്. ദേവാലയത്തില്‍ പോകാന്‍ അവസരം കുറഞ്ഞതോടുകൂടി ഇത്തരത്തിലുള്ള പതിവ് സ്വന്തം വീടുകളിലും ആരംഭിക്കുന്നത് നല്ലതാണ്. കുട്ടികള്‍ അതെന്താണെന്ന് അന്വേഷിക്കുകയും അവരുടെ ചിന്തകളെ ഉയിര്‍പ്പിന്റെ മഹത്വത്തിലേക്ക് നയിക്കുവാന്‍ ഇത് ഉപകരിക്കുകയും ചെയ്യുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ക്രിസ്തു തന്റെ ദൈവികത്വം പീഢാനുഭവസമയത്ത് നമ്മില്‍ നിന്നും മറച്ചുവെച്ചതിന്റെ പ്രതീക്തമകമായിട്ടാണ് ഇതെന്നാണ് വേറൊരു അഭിപ്രായം.
സ്വര്‍ഗ്ഗത്തിലേക്ക് നമ്മുടെ ചിന്തകളെ ഉയര്‍ത്തേണ്ട ഇത്തരത്തിലുള്ള രൂപങ്ങള്‍ എന്തുകൊണ്ടാണ് മൂടിയിടുന്നതെന്നു ചോദിച്ചാല്‍ നമ്മള് കടന്നുപോകുന്ന നോമ്പുകാലത്തെക്കുറിച്ച് കൂടുതല്‍ തീക്ഷണതയോടെ ചിന്തിപ്പിക്കുവാനാണ് ഇത് എന്നതാണ് ആദ്യത്തെ ഉത്തരം. നാം ദേവാലയത്തിലേക്ക് വരുമ്പോള്‍ മൂടിയിട്ട രൂപങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടും. അത് ഞാന്‍ നോമ്പുകാലത്തിലൂടെയാണല്ലോ കടന്നുപോകുന്നതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കും. ഈസ്റ്ററിന് കൂടുതല്‍ തീക്ഷണമായി ഒരുങ്ങുവാനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇത്.
രണ്ടാമതായി-ദിവ്യബലിയിലെ പ്രാര്‍ത്ഥനകളിലേക്കും വായനകളിലേക്കും പീഢാനുഭവവിവരണങ്ങളിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇത് സഹായിക്കും.
മൂന്നാമതായി, ഈസ്റ്ററിലേക്ക് നമ്മുടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന് സഹായിക്കുന്നു. അതായത്, നാം എന്നും ദേവാലയത്തില്‍ ചെല്ലുമ്പോള്‍ നാം അറിയാതെ ആഗ്രഹിച്ചുപോകും അതൊന്ന് മാറ്റിയിരുന്നെങ്കിലെന്ന്, കാരണം മനോഹരമായ എന്തോ ഒന്ന് നമ്മില്‍ നിന്ന് മറച്ചുവെച്ചിരിക്കുന്നുവെന്ന ഒരു തോന്നല്‍ അത് നമ്മുടെയുള്ളില്‍ സൃഷ്ടിക്കും.
ആ മൂടുപടങ്ങള്‍ സ്ഥിരമായി അവിടെ ഉണ്ടാകാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് എല്ലാറ്റിലുമുപരിയായിട്ടുള്ളത്. രൂപങ്ങളില്‍ നിന്ന് മൂടുപടങ്ങള്‍ മാറ്റപ്പെടണം, മൂടിയിടുന്നത് അസ്വഭാവികമാണ്.
ഈസ്റ്ററിനുമുമ്പ് ആ മൂടുപടങ്ങള്‍ എടുത്തുമാറ്റുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ തന്നെ നമുക്ക് ഓര്മ്മപ്പെടുത്തിത്തരുന്നു. സ്വന്തം ഭവനത്തില്‍ നിന്നകന്ന് നാം മൂടുപടമിട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നതെന്ന് അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ മരണത്തിലൂടെ മാത്രമേ ഈ മൂടുപടം മാറ്റപ്പെടുകയും ജീവിതത്തിന്റെ യഥാര്‍ത്ഥ മനോഹാരിത നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നു.
നമ്മുടെ യഥാര്‍ത്ഥ ഭവനം സ്വര്‍ഗ്ഗമാണ്. നമ്മുടെ ഈ ലോകത്തിലെ ജീവിതം ഒരു മൂടുപടമാണ്. മര്‍ത്യതയുടെ മൂടുപടം മാറ്റപ്പെടുമ്പോഴാണ് നാം യഥാര്‍ത്ഥ മഹത്വം ദര്‍ശിക്കുക. അത് സാധ്യമാകുക ക്രിസ്തുവിന്റെ പീഡാനുഭവത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേരുമ്പോഴാണ്.
Send your feedback to : onlinekeralacatholic@gmail.com