കത്തോലിക്കര്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നത് ശരിയാണോ?
ആന്സില പാറ്റാനി - സെപ്തംബര്‍ 2024
വിശ്വാസികള്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുകയും സ്പര്‍ശിക്കുകയും മുത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ ഞാനൊരു കത്തോലിക്കനാണ് പക്ഷേ ഇത് എനിക്ക് അങ്ങോട്ട് അക്സപ്റ്റ് ചെയ്യാനാകുന്നില്ല എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിക്കാറുണ്ടോ.എങ്കില്‍ നിങ്ങള്‍ക്കുള്ളതാണിത്...
എന്താണ് തിരുശേഷിപ്പ്?
1. ഫസ്റ്റ് ക്ലാസ് റെലിക്സ്: വിശുദ്ധന്റെ ശരീരഭാഗമായിരിക്കും. തലമുടിയോ, എല്ലിന്റെ കഷണമോ, രക്തമോ ആകാം.
2. സെക്കന്റ് ക്ലാസ് റെലിക്സ്: വിശുദ്ധന് ഉപയോഗിച്ച എന്തെങ്കിലും വസ്തുക്കളാകാം അത്. ബുക്കോ, വസ്ത്രമോ, റോസറിയോ, ഗ്ലാസോ, ജേണലോ...
3. തേര്‍ഡ് ക്ലാസ് റെലിക്സ്: ഒന്നാമത്തെയോ, രണ്ടാമത്തയോ തരത്തിലുള്ള തിരുശേഷിപ്പുകളിലോ, വിശുദ്ധന്റെ ശവകൂടിരത്തിലോ സ്പര്‍ശിച്ച ഒരു വസ്തു.
കത്തോലിക്കനെന്തിനാ തിരുശേഷിപ്പ് വണങ്ങുന്നേ?
നമ്മില്‍ നിന്നും വേര്‍പിരിഞ്ഞുപോയ നമ്മുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പേറുന്ന വസ്തുക്കള്‍ നാം സൂക്ഷിച്ചുവെക്കാറില്ലേ. അവരെ നമുക്ക് മിസ് ചെയ്യുമ്പോള്‍ അവരുടെ ഓര്‍മ്മകള്‍ നമ്മുടെ ഉള്ളില്‍ അതുണര്‍ത്തും അതുകൊണ്ടല്ലേ. നാം അവരുപയോഗിച്ചിരുന്ന വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ അവരെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്താറില്ലേ.
സഭയുടെ പ്രബോധനമനുസരിച്ച്, വിശുദ്ധന്മാര് സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയിലാണ്, നാമും അവരോടൊപ്പം ചേരണം എന്നല്ലാതെ അവര്‍ക്ക് മറ്റൊരാഗ്രഹവുമില്ല. വിശുദ്ധര്‍ തീര്‍ച്ചയായും നമ്മുടെ സുഹൃത്തുക്കളും മദ്ധ്യസ്ഥരുമാണ്, അവര്‍ നമുക്ക് വിശുദ്ധിയില്‍ എങ്ങനെ ജീവിക്കാം എന്ന് അവരുടെ ജീവിതത്തിലൂടെ കാണിച്ചുതന്നവരാണ്.
നാം അവരുടെ തിരുശേഷിപ്പുകള്‍ കാണുകയോ, സ്പര്‍ശിക്കുകയോ ചെയ്യുമ്പോള്‍ അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ ഉയരുന്നു. വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ നമ്മെ നിരന്തരമായി പിതാവായ ദൈവത്തെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്.
വണക്കമാണോ, അന്ധവിശ്വാസമാണോ?
വിശുദ്ധന്മാരുടെ തിരുശേഷിപ്പിനുമുമ്പില് നാം കൈകൂപ്പി നില്‍ക്കുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും ആദരവും കൊണ്ടാണ്, അന്ധവിശ്വാസം കൊണ്ടല്ല.
നമുക്ക് ആ വിശുദ്ധരോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന് അപേക്ഷിക്കാന്‍ കഴിയും. എങ്കിലും ദൈവത്തിനുമാത്രമേ, തിരുശേഷിപ്പിലൂടെ നമുക്കായി ഇടപെടാനും കൃപ വര്‍ഷിക്കാനും അത്ഭുതം പ്രവര്‍ത്തിക്കുവാനും കഴിയൂ.
വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനെക്കുറിച്ച് വേദപാരംഗതനായ വി. ജെറോം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. 'നാം രക്തസാക്ഷികളുടെ/വിശുദ്ധരുടെ തിരുശേഷിപ്പുകളെ ആരാധിക്കുകയല്ല, ദൈവത്തെ ആരാധിക്കുമ്പോള്‍ അവിടുത്തേക്കുവേണ്ടി രക്തസാക്ഷികളായവരെ ബഹുമാനിക്കുകയാണ്. നാം അവിടുത്തെ സേവകരെ ബഹുമാനിക്കുമ്പോള്‍ അത് ദൈവത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നു'
ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഓരോര വിശുദ്ധരുണ്ട്. തിരുശേഷിപ്പുകള്‍ നമ്മെ അവരിലേക്ക് അടുപ്പിക്കുന്നു അതിലൂടെ ക്രിസ്തുവിന്റെ പക്കലേക്കും. ഓരോ വിശുദ്ധനും, വി. ഫൗസ്റ്റീന മുതല്‍ വി. പാദ്രെ പിയോ വരെ വലിയ കുരിശുകള്‍ വഹിച്ചവരാണ്. എങ്കിലും അവരുടെ സഹനങ്ങളില്‍, അവര്‍ ദൈവസ്നേഹത്തില്‍, അവിടുത്തോട് വിശ്വസ്തരായി ഉറച്ചുനിന്നു.
അവരുടെ തിരിശേഷിപ്പ് വണങ്ങുമ്പോള്‍ അവരെപ്പോലെ ധീരതയും ഭക്തിയുമുള്ള ഒരു ജീവിതം നയിക്കുവാന്‍ അത് നമുക്ക് പ്രചോദനമാകുന്നു. എല്ലാവരും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ തിരുശേഷിപ്പുകള്‍ വിശുദ്ധരായി ജീവിക്കുവാന്‍ നമുക്കുള്ള ഭൗതികമായ ഓര്‍മ്മപ്പെടുത്തലുകള്‍ ആണ്.
Send your feedback to : onlinekeralacatholic@gmail.com