മാതാവ് പ്രത്യക്ഷീകരണവേളകളിലെല്ലാം ജപമാല ചൊല്ലുക എന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുവാന്‍ കാരണം എന്തായിരുന്നു?
ജെയ്സണ്‍ പീറ്റര്‍ - ഒക്ടോബര്‍ 2021
പരിശുദ്ധ കന്യകാമാതാവ് ലൂര്‍ദ്ദിലും ഫാത്തിമയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ ദര്‍ശനം നല്കിയപ്പോള് നിരന്തരം ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ആത്മീയ വായന മുടക്കരുതെന്നോ, ദിവ്യകാരുണ്യാരാധന മറക്കരുതെന്നോ, ആന്തരികപ്രാര്‍ത്ഥന നടത്തണമെന്നോ ഒന്നും അല്ല മാതാവ് ആവശ്യപ്പെട്ടത്. മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും വളരെ നല്ലതും സഭ അംഗീകരിക്കുന്നതും വിശുദ്ധര്‍ അനുദിനം അനുഷ്ഠിച്ചുപോന്നതുമാണ്. എങ്കിലും മാതാവ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക എന്ന് ഉപദേശിച്ചത് എന്തുകൊണ്ടാണ്?
ഫാത്തിമയിലും ലൂര്‍ദ്ദിലും മാതാവിന്റെ ദര്‍ശനം കിട്ടിയവരിലേക്ക് തന്നെ നോക്കിയാല്‍ തന്നെ നമുക്ക് അതിനുള്ള ഉത്തരം ലഭിക്കും. എഴുത്തും വായനയും അറിയാത്തവരായിരുന്നു അതിലധികവും. ്അതുകൊണ്ടാവാം മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ വളരെ ലളിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അവരെ സംബന്ധിച്ച് നന്നായി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ എന്ന് പഠിക്കേണ്ടതിനുള്ള ഒരു ഉപാധിയായിരുന്നു ജപമാല. കാരണം ഓരോ ജപമാല മണിയില്‍ നിന്നും അടുത്തതിലേക്ക് നീങ്ങുമ്പോള്‍ ഈ പ്രാര്‍ത്ഥന നമ്മെ വാചിക പ്രാര്‍ത്ഥനയില്‍ നിന്ന് ധ്യാനത്തിലേക്കും ആഴമായ പ്രാര്ത്ഥനാനുഭവത്തിലേക്കും നയക്കുന്നു.. രക്ഷാകരസംഭവത്തിന്റെ എല്ലാ സംഭവങ്ങളും കോര്‍ത്തിണക്കിയ ഇത്രയും ലളിതമായ മറ്റൊരു പ്രാര്‍ത്ഥനയുമില്ല. ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതുമായ പ്രാര്‍ത്ഥനയുമാണിത്. ജപമാലയിലുടെ സ്വയം മാതാവിന് വിട്ടുകൊടുക്കുന്നവര്‍ക്ക് ആത്മീയതയുടെ ഉന്നത തലങ്ങളിലെത്താന്‍ മറ്റു ടെക്നിക്കുകളൊന്നും ആവശ്യമില്ലത്രെ. ഓരോ ക്രൈസ്തവനും ദൈവവുമായിട്ടുള്ള ആന്തരീകമായ സാമിപ്യം വളര്‍ത്തുന്നതിനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനേക്കാള്‍ ലളിതമായ മറ്റൊരു പ്രാര്‍ത്ഥനയും ഇല്ല തന്നെ.
കത്തോലിക്കസഭയെ നയിച്ച എല്ലാ മാര്‍പാപ്പമാരും വിശുദ്ധരും ഒക്കെ ജപമാലയുടെ ഭക്തരായിരുന്നു. കാലാകാലങ്ങളില്‍ സഭയെ നയിച്ച മാര്‍പാപ്പമാരുടെ വാക്കുകള്‍ തന്നെ അവര്‍ക്ക് ജപമാലയോടുണ്ടായിരുന്ന ഭക്തി വിളിച്ചോതുന്നതാണ്...
എനിക്ക് നിങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കാനുണ്ട്. ജപമാലയെ ഒരിക്കലും ഉപേക്ഷിക്കരുത്, ഒരിക്കലും. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക.-എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്.
യേശുവിനെയും അവിടുത്തെ ജീവിതത്തെയും അറിയാനും അനുസ്മരിക്കാനും സ്നേഹിക്കാനും വിശ്വസ്തത പുലര്‍ത്താനുമായി പരിശുദ്ധ ദൈവമാതാവ് നല്കിയിരിക്കുന്നതാണ് ജപമാല എന്നാണ്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നത്.
എല്ലാ ദിവസവും ജപമാല ചൊല്ലുക. എല്ലാ പ്രേഷിതരോടും ഞാന്‍ അപേക്ഷിക്കുന്നു, ജപമാലയുടെ പ്രാധാന്യവും അത് ചൊല്ലേണ്ട വിധവും ലോകത്തെ പഠിപ്പിക്കുക. ജപമാലയോട് അപാരമായ ഭക്തിയുണ്ടായിരുന്ന വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ വാക്കുകളാണിത്.
ചൊല്ലാന്‍ എളുപ്പമുള്ള ലളിതമായ ഒരു പ്രാര്‍ത്ഥനയാണ് ജപമാല എന്നാണ് ജോണ്‍പോള്‍ ഒന്നാമന് മാര്‍പാപ്പ പറഞ്ഞത്.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഓരോ ക്രൈസ്തവനും ആദരവോടെ അനുഷ്ഠിക്കേണ്ട പ്രാര്‍ത്ഥനയാണ് ജപമാല എന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത്.
കുടുംബത്തില്‍ ജപമാല ചൊല്ലുന്നവരാണ് നിങ്ങളെങ്കില്‍ സമാധാനം തേടി വേറൊരിടത്തും പോകേണ്ടതില്ല- എന്നാണ് വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറയുന്നത്.
അനുദിനം ജപമാല ചൊല്ലുന്ന കുടുംബത്തിലേക്ക് ദൈവാനുഗ്രഹം ഒഴുകിയിറങ്ങും- എന്നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.
Send your feedback to : onlinekeralacatholic@gmail.com