എല്ലാ ദിവസവും വിശുദ്ധ കുര്‍ബാന കാണേണ്ട ആവശ്യമുണ്ടോ?
സി. അര്‍പ്പണ - ഒക്ടോബര്‍ 2024
ഞാന്‍ എല്ലാ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും കുര്‍ബാനയ്ക്ക് പോകുന്നുണ്ടല്ലോ. അത് മതി. പിന്നെ എല്ലാ ദിവസവും പോകേണ്ട യാതൊരു കാര്യവുമില്ല. പലപ്പോഴും പലരും ഇങ്ങനെ പറയുന്നത് നിങ്ങളും കേട്ടിട്ടുണ്ടാകും. ഞായറാഴ്ച കുര്‍ബാന തിരുസഭയുടെ കല്പനയാണ്. അത് നിര്‍ബന്ധവുമാണ്. എന്നാല്‍, എല്ലാ ദിവസവും കുര്‍ബാന കാണുക എന്നത് കടമയല്ല. മറിച്ച് ആഴമായ ആത്മീയതയില്‍ വളരുവാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ്. ആത്മീയജീവിതം ശക്തിപ്പെടുത്തുവാനും ദൈവത്തോട് കൂടുതല്‍ അടുക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുന്നത് വളരെ നല്ലതാണ്. ദിവ്യബലി വെറുമൊരു ആചാരമല്ല, അത് ക്രിസ്തു കാല്‍വരിയില്‍ അര്‍പ്പിച്ച ജീവിതബലിയുടെ പുനരാവതരണമാണ്. അവിടെ ക്രിസ്തു സന്നിഹിതനാണ്. ദിവ്യബലിയിലൂടെ നമുക്ക് ലഭിക്കുന്ന കൃപയും അനുഗ്രഹങ്ങളും വാക്കുകള്‍ക്കതീതമാണ്. സഭയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ വിശുദ്ധന്മാരും മാര്‍പാപ്പമാരും മിസ്റ്റിക്കുകളുമെല്ലാം ഈ ദിവ്യബലിയുടെ അനന്തമായ അനുഗ്രഹങ്ങള്‍ കണ്ടെത്തിയവരായിരുന്നു. ദിവ്യബലി കൂടാതെ അവര്‍ക്കൊരു നിമിഷം പോലും പിടിച്ചുനില്ക്കാന് കഴിയില്ലായിരുന്നു. അവരെ ദൈവസ്നേഹത്തിലേക്കും സ്വന്തം ജീവിതം മറ്റുള്ളവര്‍ക്കായി ബലി കഴിക്കുന്നതിലേക്കും നയിച്ചത് അവരര്‍പ്പിച്ച ദിവ്യബലിയായിരുന്നു. എന്തിന് കല്‍ക്കത്തയിലെ കുപ്പത്തൊട്ടികളില്‍ വലിച്ചെറിയപ്പെട്ട മനുഷ്യരില്‍ ദൈവത്തിന്റെ മുഖം കാണുവാന്‍ വിശുദ്ധ മദര്തെരേസയ്ക്കും സഹോദരിമാര്‍ക്കും ശക്തി നല്‍കിയത് അവര്‍ അനുദിനം പങ്കുചേര്‍ന്ന ദിവ്യബലിയായിരുന്നു.
വിശുദ്ധന്മാര് അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പറയുന്നത് ഒന്ന് ശ്രദ്ധിച്ചുനോക്കൂ...
'ദിവ്യബലി പ്രാര്‍ത്ഥനയുടെ ഏറ്റവും പെര്‍ഫെക്ടായ രൂപമാണ്'എന്നാണ് പോള്‍ ആറാമന്‍ മാര്‍പാപ്പ പറഞ്ഞത്.
വി. ജെര്‍ത്രൂദിന് ഈശോ നല്കിയ വെളിപാടില്‍ പറയുന്നത് - നാം ഭക്തിയോടെ പങ്കെടുക്കുന്ന ഓരോ ദിവ്യബലിക്കുമനുസരിച്ച്, നമ്മുടെ കര്‍ത്താവ് നമ്മുടെ മരണസമയത്ത് നമ്മെ ആശ്വസിപ്പിക്കുവാന്‍ വിശുദ്ധന്മാരെ അയക്കും' എന്നാണ്.
'ഓരോ ദിവ്യബലിയിലും നാം ഭക്തിയോടെ പങ്കെടുക്കമ്പോള്‍, നമ്മുടെ ആത്മാവില്‍ അത്ഭുതകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നു, നമുക്കറിയുവാന്‍ കഴിയാത്തത്ര, സമൃദ്ധമായ ആത്മീയവും ഭൗതികവുമായ കൃപകള്‍ ലഭിക്കുന്നു' എന്നാണ് പഞ്ചക്ഷതധാരിയായിരുന്ന വി. പാദ്രെ പിയോ പറയുന്നത്.
'ദിവ്യബലിയുടെ മൂല്യം നാം മനസ്സിലാക്കിയാല്‍, നാം സന്തോഷം കൊണ്ട് മരിച്ചുപോകും' എന്നാണ് ആര്‍സിലെ വികാരിയായിരുന്നു വി. ജോണ്‍ മരിയാ വിയാനി ഒരിക്കല്‍ പറഞ്ഞത്.
'നാം ജീവിച്ചിരുന്നപ്പോള്‍ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നെങ്കില്‍, നമ്മുടെ മരണശേഷം നമ്മുടെ ആത്മാവിന്റെ ശാന്തിക്കായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയേക്കാള് കൂടുതല്‍ ഉപകാരപ്രദമായിരുന്നേനെ' എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുള്ളത്.
ദൈവത്തിന്റെ മഹത്വം കണ്ട് അത്ഭുതപ്പെട്ടുപോയ ആവിലായിലെ വി. അമ്മത്രേസ്യ കര്‍ത്താവിനോട് ചോദിച്ചു ഞാന്‍ എങ്ങനെയാണ് നിന്നോട് നന്ദി പറയേണ്ടത്? ഈശോ പറഞ്ഞു - 'ദിവ്യബലിയില്‍ പങ്കെടുക്കുക'
'അള്‍ത്താരയില്‍ ദിവ്യബലിയില്‍ സഹായിക്കുന്നവരെ എന്റെ മകന് സ്നേഹിക്കുന്നു. ആവശ്യമായിരുന്നെങ്കില്‍, അവര്‍ പങ്കുചേര്‍ന്നിട്ടുള്ള ദിവ്യബലിയോളം അവര്‍ക്കുവേണ്ടി മരിക്കുവാന്‍ അവന് തയാറാണ്' എന്നാണ് പരിശുദ്ധ കന്യകാമറിയം വി. അലെയിനോട് പറഞ്ഞത്.
അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഇതിനേക്കാള്‍ വലിയ സാക്ഷ്യങ്ങള്‍ എന്തുവേണം?
Send your feedback to : onlinekeralacatholic@gmail.com