കാണാതെ പോകുന്നതെന്തും കണ്ടെത്താന്‍ സഹായിക്കുന്ന വിശുദ്ധനായി വി. അന്തോണിസിനെ വണങ്ങുന്നതിനു പിന്നില്‍
ജിയോ ജോര്‍ജ് - മേയ് 2020
വിലപ്പെട്ടതെന്തെങ്കിലും കാണാതെ പോയാല്‍ നമുക്കാകെ അസ്വസ്ഥതയാണ്. നഷ്ടപ്പെട്ടപോയതു കണ്ടുപിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം വി. അന്തോണിസിന്റേതാണ്. കാണാതെപ്പോകുന്നതെന്തും കണ്ടുപിടിക്കാന്‍ നാം ഓടിയെത്തുന്നത് വി. അന്തോണീസു പുണ്യാളന്റെ മുന്നിലാണ്. നഷ്ടപ്പെട്ടതു വീണ്ടെടുക്കാന്‍ അത്ഭുതസിദ്ധിയുള്ള പുണ്യാളനായി പാദുവായിലെ അന്തോണിസ് പുണ്യാളന് മാറിയതിനു പിന്നിലുമുണ്ട് രസകരമായ ഒരു ചരിത്രം.
ഫ്രാന്‍സിലെ മോണ്ട്പെല്ലിയറിലെ ഫ്രാന്‍സിസ്കന്‍ മൊണാസ്റ്ററിയില്‍ സന്യാസിയായിരുന്നു വി. അന്തോണീസ്. സഹവാസികളായ ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്ക്ക് ക്ലാസെടുക്കുകയായിരുന്നു അവിടെ അദ്ദേഹത്തിന്റെ ചുമതല. അതിനായി സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെഴുതിയ ഒരു ബുക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പക്കല്‍. സ്വന്തം കൈപ്പടയിലെഴുതിയ ആ ബുക്കിന്റെ സൈഡില്‍ കുറിപ്പുകളും കമന്ററിയും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ദീര്‍ഘകാലത്തെ പ്രാര്‍ത്ഥനയുടെയും പരിചിന്തനത്തിന്റെയും ഫലമായിരുന്നു അമൂല്യമായി ആ ബുക്ക്. സന്യാസാര്‍ത്ഥികളെ തിയോളജി പഠിപ്പിക്കുന്നതിന് ആ ബുക്ക് വളരെ വലിയ സഹായമായിരുന്നു.
അദ്ദേഹം ജീവിച്ചിരുന്ന 13-ാം നൂറ്റാണ്ടില്‍ ഇതുപോലൊരു ഗ്രന്ഥം ഉണ്ടാക്കുക അത്ര എളുപ്പമായിരുന്നില്ല. നഷ്ടപ്പെട്ട ആ ഗ്രന്ഥം കണ്ടെത്തുക എന്നുള്ളതും പകരം മറ്റൊന്ന് എഴുതി ഉണ്ടാക്കുക എന്നതും ഒരു പോലെ അസാധ്യമായിരുന്നു അദ്ദേഹത്തിന്. ആ ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടത് എന്ന് അന്വോഷിച്ചപ്പോഴാണ് മനസ്സിലായത് ആ ദിവസങ്ങളില്‍ അവിടെ നിന്നും സന്യാസം ഉപേക്ഷിച്ചുപോയ ഒരു സഹോദരന് ഗുരുവിന്റെ അമൂല്യമായ ആ ഗ്രന്ഥവും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. വി. അന്തോണിസിന് അത് വളരെ വിഷമമായി. ആ ബുക്കില്ലാതെ ഇനി എങ്ങനെ സന്യാസാര്‍ത്ഥികളെ പഠിപ്പിക്കും എന്നോര്‍ത്ത് അദ്ദേഹം വളരെയധികം വിഷമിച്ചു. സെമിനാരി വിട്ടുപോയ ആ ശിഷ്യന് എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല, ആ വ്യക്തിയെ കണ്ടെത്താനാകട്ടെ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു.
മനസ് വളരെ വേദനിച്ചുവെങ്കിലും വി. അന്തോണീസ് ദൈവത്തിലാശ്രയിച്ചു. ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് അദ്ദേഹം ആ വിദ്യാര്‍ത്ഥിയുടെ മനസുമാറി തന്റെ പുസ്തകം തിരിച്ചെത്തിക്കണമേ എന്ന് തീക്ഷണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ ശിഷ്യന് ആ പുസ്തകവുമായി കൊവേന്തയില്‍ തിരിച്ചെത്തി. ഗ്രന്ഥം തിരിച്ചുനല്‍കി, ഗുരുവിനോട് മാപ്പ് ചോദിച്ചു. ഗ്രന്ഥം മാത്രമല്ല, ആ ശിഷ്യനും ഫ്രാന്‍സിസ്കന്‍ സഭയില്‍ തിരികെയത്തി. അദ്ദേഹം അവനോട് ക്ഷമിച്ചു, ഇനി ഒരിക്കലും ചെയ്യരുതെന്ന് ഓര്‍മ്മിപ്പിക്കുകയും വീണ്ടും സഭയിലേക്ക് സ്വീകരിക്കുകയും ചെയ്തു. ഇറ്റലിയിലെ ബോല്ഗോനയില് ആ ബുക്ക് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
വി. അന്തോണീസിന്റെ മരണശേഷം ഈ കഥ കാട്ടുതീ പോലെ പടര്‍ന്നു. എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ആളുകള്‍ അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥം യാചിച്ചു. അനേകം അത്ഭുതങ്ങള്‍ നടന്നു. തന്റെ അമൂല്യമായ ഒരു ഗ്രന്ഥം നഷ്ടപ്പെട്ട വേദന അനുഭവിച്ചറിഞ്ഞ അന്തോണീസ് പുണ്യാളന് തന്റെ മാദ്ധ്യസ്ഥ്യം തേടുന്നവരെയാരെയും നിരാശരാക്കിയില്ല. ഇന്നും നഷ്ടപ്പെട്ടവ വീണ്ടെടുക്കുവാന്‍ നാം ആദ്യം ഓടിയെത്തുന്നത് അന്തോണീസ് പുണ്യാളന്റെ കാല്‍ചുവട്ടിലാണ്.
Send your feedback to : onlinekeralacatholic@gmail.com