വിശുദ്ധ വിന്‍സന്റ് ഡി പോളിന് പാവപ്പെട്ടവരോട് എന്തുകൊണ്ടായിരുന്നു ഇത്ര സ്നേഹം?
ജെയ്സണ്‍ പീറ്റര്‍ - സെപ്തംബര്‍ 2021
പാവപ്പെട്ടവരൊടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍ ഏറ്റവും അമൂല്യമായി കരുതിയിരുന്ന വിശുദ്ധനായിരുന്നു വി. വിന്‍സന്റ് ഡി പോള്‍. മാത്രമല്ല പാവപ്പെട്ടവരോടൊപ്പം ചിലവഴിക്കുന്ന സമയം ഈശോയൊടൊപ്പം ചിലവഴിക്കുന്നതായിത്തന്നെയായിരുന്നു അദ്ദേഹം കരുതിയിരുന്നതും. തന്റെ ജീവിതത്തിലെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളെക്കാളും പ്രാധാന്യം അദ്ദേഹം നല്‍കിയിരുന്നത് പാവപ്പെട്ടവരെ സേവിക്കുന്നതിനായിരുന്നു. അദ്ദേഹത്തിന് വളരെ തീക്ഷ്ണമായ പ്രാര്ത്ഥനജീവിതമുണ്ടായിരുന്നു, എങ്കിലും പലപ്പോഴും അശരണരെ സഹായിക്കുന്നതിനായി അതുപോലും തടസ്സപ്പെടുന്നതില്‍ അദ്ദേഹം വിഷമിച്ചില്ല.
പാവപ്പെട്ടവരെ സഹായിക്കുക എന്നത് ക്രിസ്തുവിന്റെ ഭൂമിയിലെ മിഷനുമായി ഐക്യപ്പെട്ടുപോകുന്നതാണ് എന്ന് അദ്ദേഹം കരുതിയിരുന്നുവെന്നാണ് അദ്ദേഹം എഴുതിയിട്ടുള്ള വാക്കുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നത്.
പാവപ്പെട്ടവരോട് സുവിശേഷം പ്രസംഗിക്കുന്നതിനുള്ള തീക്ഷ്ണത കൊണ്ട് ഒരു മനുഷ്യന്റെ ആകാരഭംഗിപോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടതുപോലെയായിരുന്നു. വിജാതിയര്‍ അദ്ദേഹത്തെ കണ്ടിരുന്നത് ഒരു മണ്ടനായിട്ടായിരുന്നു, ജുതന്മാര്ക്കാകട്ടെ അദ്ദേഹം ഒരു മാര്ഗ്ഗതടസവുമായിരുന്നു. എന്നാല്‍ അവരെയെല്ലാം തന്റെ ദൗത്യം പാവപ്പെട്ടവരോട് സുവിശേഷം പ്രസംഗിക്കുക എന്നതുമാത്രമാണെന്ന് അദ്ദേഹം കാണിച്ചുകൊടുത്തു.
നമുക്കും അദ്ദേഹത്തിനുണ്ടായിരുന്ന അതേ അരൂപിയാണ് ഉണ്ടായിരിക്കേണ്ടത്. നാം പാവപ്പെട്ടവരെ പരിരക്ഷിക്കുകയും, ആശ്വസിപ്പിക്കുകയും, സഹായിക്കുകയും അവരുടെ ആവശ്യങ്ങളില്‍ അവരെ സപ്പോര്‍ട്ട് ചെയ്യുകയും വേണം. ക്രിസ്തു ഒരു ദരിദ്രനായിട്ടായിരുന്നു ജനിച്ചത്. അവിടുന്ന് പാവപ്പെട്ടവരെ തന്നെയായിരുന്നു തന്റെ ശിഷ്യഗണത്തില്‍ ചേര്‍ത്തതും.
വി. വിന്‍സന്റ് ഡി പോള്‍ സ്വയം പാവപ്പെട്ടവരുടെ ദാസനായി മാറി അവരുടെ ദാരിദ്ര്യത്തില്‍ പങ്കുചേര്‍ന്നു. പാവപ്പെട്ടവര്‍ക്കെതിരെ ചെയ്യുന്നതെല്ലാം തനിക്കു തന്നെ എതിരായി ചെയ്യുന്നതായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. ദരിദ്രര്‍ക്കായുള്ള ഉപവിപ്രവര്‍ത്തനങ്ങള്‍ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമാണ്. അത് നാം ചെയ്യേണ്ട ദൈവത്തിന്റെ ജോലിയാണ്, അത് നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തെ തടസ്സപ്പെടുത്തുമെങ്കില്പ്പോലും. സാധുസേവനത്തെക്കുറിച്ച് വിശുദ്ധന് തന്നെ പറയുന്നത് കേള്‍ക്കുക....
പാവപ്പെട്ടവര്‍ക്കുള്ള സേവനം മറ്റെന്തിനേക്കാളും നമ്മുടെ കര്‍ത്തവ്യമാണ്. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ നാം പെട്ടെന്നുതന്നെ നിറവേറ്റുകയും ചെയ്യണം. നമ്മുടെ പ്രാര്‍ത്ഥനാസമയത്ത് ഒരാള്‍ക്ക് മരുന്നോ സഹായമോ ആവശ്യമുണ്ടെങ്കില്‍ യാതൊരു മനോവിഷമവും കൂടാതെ അത് നിറവേറ്റിക്കൊടുക്കുക. ആ സേവനത്തെ ദൈവത്തിന് പ്രാര്‍ത്ഥനയായി സമര്‍പ്പിക്കുക. പാവപ്പെട്ടവരെ സേവിക്കുന്നതിനായി പ്രാര്‍ത്ഥനാസമയം നഷ്ടപ്പെടുത്തിയെന്നോര്ത്ത് ഒരിക്കലും വിഷമിക്കുകയോ, കുറ്റബോധം തോന്നുകയോ ചെയ്യേണ്ടതില്ല. ദരിദ്രരെ സേവിക്കുവാനായി ദൈവത്തിന്റെ സന്നിധിയില്‍ നിന്ന് പോകുന്നത് അവിടുത്തെ അവഗണക്കലല്ല. പാവപ്പെട്ടവരെ സേവിക്കുവാനായി നിങ്ങള്‍ പ്രാര്‍ത്ഥനാസമയത്ത് പോകുകയാണെങ്കില്‍ ഓര്‍ക്കുക ആ സേവനം നിങ്ങള്‍ ചെയ്യുന്നത് ദൈവത്തിനുവേണ്ടി തന്നെയാണ്.
നമ്മുടെ ജീവിതത്തില്‍, നാം എങ്ങനെയാണ് പാവപ്പെട്ടവരോട് പെരുമാറുന്നതെന്ന് ചിന്തിച്ചുനോക്കാം. വി. വിന്‍സന്റ് ഡി പോളിനെപ്പോലെ നാം സാധുക്കള്‍ക്കുവേണ്ടി ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ടോ? അത് അത്ര എളുപ്പമല്ല, എങ്കിലും നാം ചെയ്യുന്ന സേവനം ഈശോയ്ക്ക് തന്നെയാണ് ചെയ്യുന്നത്.
Send your feedback to : onlinekeralacatholic@gmail.com