കുടുംബ പ്രാർത്ഥന മുലം തകർന്ന ഒരു നസ്രാണി കുടുംബം
ഫാ. അജി പുതിയാപറമ്പിൽ - സെപ്തംബര് 2021
കുടുംബ പ്രാർത്ഥന കടുംബത്തെ രക്ഷിക്കുമെന്നാണ് നാം പൊതുവേ മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ ഇവിടെ സംഭവിച്ചത് നേരേ തിരിച്ചാണ് .
കഥ നടക്കുന്നത് വടക്കൻ കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലാണ്. തെക്കേതിൽ അവിരാച്ചൻ ചേട്ടൻ്റെയും അന്നമ്മ ചേടത്തിയുടെയും കുടുംബത്തിൽ. അവർക്ക് 6 ആൺമക്കളുണ്ട്. അവിരാച്ചൻ കഠിനാധ്വാനിയാണ്. പത്തേക്കറ് പറമ്പുണ്ട്. ഭേദപ്പെട്ട വരുമാനവുമുണ്ട്. പള്ളിയിലും പള്ളിക്കൂടത്തിലും പൊതു സമൂഹത്തിലും വിലയും നിലയുമുള്ളവനാണ്. 6 മക്കളും ഭർത്താവുമടങ്ങുന്ന കുടുംബത്തിൻ്റെ സ്നേഹവിളക്കാണ് അക്ഷരാർത്ഥത്തിൽ അന്നമ്മച്ചേടത്തി.
ഒരു നല്ല കുടുംബത്തിന് വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ കുടുംബമായിരുന്നു അവരുടേത്. അയൽക്കാരൊക്കെ അല്പം അസൂയയോടെയാണ് അവരെ നോക്കിയിരുന്നത്.
അന്നാട്ടിലെ പുരുഷൻമാരിൽ പൊതുവേ ഉണ്ടായിരുന്ന മദ്യപാനം, പുകവലി, മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങളൊന്നും അവിരാച്ചൻ ചേട്ടനുണ്ടായിരുന്നില്ല. ഭാര്യയോടും മക്കളോടും പൊതുവേ സ്നേഹത്തോടും സൗഹൃദത്തോടും കൂടിയാണ് അദ്ദേഹം പെരുമാറിയിരുന്നത്.
എന്നാൽ കുടുംബ പ്രാർത്ഥന സമയത്ത് അവിരാച്ചൻ ചേട്ടൻ കർക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററാകും. കൃത്യം 8 മണിക്ക് എല്ലാവരും പായയിൽ മുട്ടുകുത്തണം. കുട്ടികൾ മുഴുവൻ സമയവും മുട്ടിൻമേൽ നില്ക്കണം. ലുത്തിനിയയുടെ സമയത്ത് കൈവിരിച്ച് പിടിക്കണം, തുടങ്ങിയ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.
ലംഘിക്കുന്നവർക്ക് പ്രാർത്ഥനാ സമയത്ത് തന്നെ കടുത്ത ശാസനയും ശിക്ഷയുമുണ്ട്. കൊന്ത ചൊല്ലുമ്പോൾ "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥന അറിയാതെയെങ്ങാനും ഒന്നു കൂടിപ്പോയാലോ കുറഞ്ഞു പോയാലോ വഴക്കുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആ കുടുംബം ഒരു ദിവസം മുഴുവൻ സമ്പാദിച്ച സ്നേഹം മുഴുവൻ കുടുംബ പ്രാർത്ഥന കഴിയുമ്പോഴേക്കും ഒലിച്ചു പോയിരിക്കും. മക്കളിൽ ചിലർ അത്താഴം കഴിക്കാതെ തങ്ങളുടെ പ്രതിഷേധം അറിയിക്കും. "വാടാ.. എഴുന്നേറ്റ് വാടാ" അന്നമ്മച്ചേടത്തി അവരെ സ്നേഹത്തോടെ വിളിക്കും. ഇതു കേൾക്കുക്കോൾ അവിരാച്ചൻ ചേട്ടൻ പറയും "വാശിക്ക് കിടക്കുന്നവൻ വിശക്കുബോൾ എഴുന്നേറ്റ് വന്നോളും. നീ നിൻ്റെ ജോലി നോക്ക്.
മക്കൾ വലുതായി. കുടുംബത്തിലെ കൂട്ടായ്മകളിൽ കുടുംബ പ്രാർത്ഥന ചർച്ചാ വിഷയമായി. അപ്പൻ്റെ കടുംപിടുത്തത്തെ അവർ ചോദ്യം ചെയ്യാൻ തുടങ്ങി. 'എല്ലാവരും ഒരുപോലെ മുട്ടിൻമേൽ നിന്നില്ലങ്കിൽ എന്താ കുഴപ്പം?' വഴക്കുണ്ടാക്കാൻ വേണ്ടിയാണെങ്കിൽ എന്തിനാ നമ്മൾ കുടുംബ പ്രാർത്ഥന നടത്തുന്നത്? അപ്പനും മക്കളും തമ്മിൽ ശീതസമരം മുറുകി.
ഇതെല്ലാം കണ്ട് അന്നമ്മച്ചേടത്തിയുടെ മാതൃ ഹൃദയം നുറുങ്ങി. അവർ അവിരാച്ചൻചേട്ടൻ്റെ കാലു പിടിച്ച് കരഞ്ഞു പറഞ്ഞു. " " ദയവ് ചെയത് കുടുംബ പ്രാർത്ഥനയുടെ സമയത്തെ നിങ്ങളുടെ ഈ കടുംപിടിത്തം ഉപേക്ഷിക്കണം. നമ്മുടെ കുടുംബത്തിൻ്റെ സന്തോഷവും സമാധാനവും ആണ് ഇതിലൂടെ തകരുന്നത്. മറ്റെന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. നമ്മുടെ കുടുംബം കുടുംബ പ്രാർത്ഥനയുടെ പേരിൽ തകരരുത്."
"നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ !! കുടുംബ പ്രാർത്ഥയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല. അനുസരിക്കാൻ പറ്റാത്തവൻ അവൻ്റെ വഴിക്ക് പോകട്ടെ. അവിരാച്ചൻ ചേട്ടൻ തൻ്റെ നിലപാട് കടുപ്പിച്ചു.
ഇനി അന്നമ്മ ചേട്ടത്തിയുടെ ശരണം തൻ്റെ പ്രിയപ്പെട്ട മക്കളിലാണ്. അവർ അവരുടെ മുന്നിൽ കെഞ്ചി, " മക്കളേ നിങ്ങൾ ദയവായി അപ്പൻ പറയുന്നതത് അനുസരിക്ക്, പ്രശ്നമുണ്ടാക്കരുത്. ആ കുടുംബത്തിന് അടിവേര് തകർത്ത ദുരന്തം അന്നാ വീട്ടിൽ സംഭവിച്ചു. അമ്മ പറഞ്ഞതനുസരിച്ച് പകുതിപ്പേർ അപ്പൻ്റെ കൂടെ നിന്നു. കുടുംബം നെടുങ്കനേ രണ്ടായി പിളർന്നു. മക്കൾ രണ്ടു പക്ഷമായി. അന്നു മുതൽ കുടുംബ പ്രാർത്ഥനയുടെ പേരിൽ അവർ പരസ്പരം പോരടിക്കാൻ തുടങ്ങി.
വഴക്ക് അടുക്കളയിൽ നിന്ന് അങ്ങാടിയിലേയ്ക്ക് എത്താൻ അധികനാൾ വേണ്ടി വന്നില്ല. നാട്ടിലെ പ്രമാണിയായിരുന്ന അവിരാച്ചൻ്റെ മക്കൾ തമ്മിലടിക്കുന്നത് നാട്ടുകാർ ഗൂഢമായി ആസ്വദിച്ചു. അന്യമതസ്ഥർ ഇതിനെപ്പറ്റി പരിഹസിച്ചു പറഞ്ഞു. അങ്ങാടിയിലെ കടത്തിണ്ണകളിലും, കള്ളുഷാപ്പിലുമെല്ലാം അവിരാച്ചൻ ചേട്ടൻ്റെ വീട്ടിലെ കുടുംബ പ്രാർത്ഥന ചർച്ചാ വിഷയമായി. അളുകളും രണ്ട് പക്ഷമായി ഘോര ഘോരം ചർച്ച നടത്തി ആഘോഷിച്ചു.
ഇതിനെല്ലാമിടയിൽ അന്നമ്മ ചേട്ടത്തിയുടെ ഹൃദയം നുറുങ്ങിയ ഗദ്ഗദങ്ങൾ പ്രാർത്ഥനകളായി സ്വർഗ്ഗത്തിലേക്കുയർന്നു. ആ കണ്ണുകളിൽ നിന്നും പെയ്തിറങ്ങിയ കണ്ണുനീർ ഒരരുവിപോലെ കർത്താവിൻ്റെ കുരിശിൽ ചുവട്ടിലേക്കും ഒഴുകുന്നുണ്ടായിരുന്നു.
"യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു"
യോഹ: 4:23
Send your feedback to : onlinekeralacatholic@gmail.com