സ്വയം അംഗീകരിക്കുക, പരസ്പരം സ്നേഹിക്കുക
ഫാ. ജെന്സണ് ലാസലെറ്റ് - മാർച്ച് 2020
സത്യത്തില്‍ നമുക്ക് നമ്മളെ സ്നേഹിക്കാന്‍ കഴിയുന്നുണ്ടോ?
ഒന്നു മനസ്സിരുത്തി ചിന്തിക്കുമ്പോഴേ മനസ്സിലാകു നാം എത്രകണ്ട് നമ്മെ സ്നേഹിക്കുന്നുണ്ടെന്ന്. എന്നെ എനിക്കിഷ്ടമാണെന്ന് കരുതുമ്പോഴും എന്നോടുതന്നെ ഇഷ്ടക്കേടുകള്‍ ഉളവാക്കുന്ന പലതും എന്നിലുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.
എന്റെ കഴിവുകേടുകള്‍, ബലഹീനതകള്‍, ഇല്ലായ്മകള്‍ എന്നെ തന്നെ നിയന്ത്രിക്കാനാകാത്ത സാഹചര്യങ്ങള്‍, സമ്മിശ്രങ്ങളായ എന്റെ വികാരങ്ങള്‍.. ഇങ്ങനെയെന്തെല്ലാം.. അങ്ങനെയെങ്കില്‍ നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക (മാര്‍ക്കോ 12: 31) എന്ന ക്രിസ്തുമൊഴികള്‍ എനിക്കെങ്ങനെയാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയുക.
ഞാന്‍ എന്നെ തന്നെ വെറുക്കുകയല്ലേ ചെയ്യുന്നത്?
സ്വയം അംഗീകരിക്കാന്‍ കഴിയാത്തവനും സ്വന്തം കുറവുകള്‍ സ്വീകരിക്കാന്‍ കവിയാത്തവനും അപരനെ അംഗീകരിക്കാനും സ്നേഹിക്കാനും സാധിക്കുകയില്ല.
അങ്ങനെ ചെയ്താല്‍ തന്നെ മനസില്‍ അപരനോട് അസൂയ ഒളിപ്പിച്ചുവച്ചുള്ള ഒരു അഭിനയം മാത്രമായിരിക്കുമത്. അങ്ങനെയെങ്കില്‍ പ്രിയ ചങ്ങാതി, നിങ്ങള്‍ കറുത്തവനോ വെളുത്തവളോ, ഇരുനിറക്കാരിയോ, ഉയരം കൂടിയവനോ ഉയരം കുറഞ്ഞവളോ, വണ്ണം കൂടിയവനോ വണ്ണം കുറഞ്ഞവളോ, പാവപ്പെട്ടവനോ, പണക്കാരനോ എന്തുമകട്ടെ, എങ്ങനെയുമാകട്ടെ സ്വയം ഒന്ന് അംഗീകരിച്ചുകൂടെ.
നിങ്ങളുടെ കുടുംബമോ, മാതാപിതാക്കളോ, മക്കേളാ, നിങ്ങളുടെ ശരീര വര്‍ണമോ ഒന്നും നിങ്ങളുടെ തിരഞ്ഞെടുപ്പല്ലല്ലോ. മറിച്ച് ദൈവികപദ്ധതിയുടെ ഭാഗമാണ്. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ധാരാളം കുറവുകള്‍ ഉള്ളവര്‍ തന്നെ. ആ കുറവുകളോടുകൂടി തന്നെ നമുക്ക് ഒരു കണ്ണാടിയുടെ മുമ്പില്‍ നിന്ന് നമ്മോടു തന്നെ പറയാം "ഐ ലവ് യു ഡിയര്‍" അങ്ങനെയല്ലാതെ എങ്ങനെയാണ് നമുക്ക് നമ്മെപോലെ മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയുക.
Send your feedback to : onlinekeralacatholic@gmail.com