അമ്മയുടെ ഉദരങ്ങളില്‍ കൊല്ലപ്പെടുന്ന ആനക്കുഞ്ഞും മനുഷ്യക്കുഞ്ഞും
ജോര്‍ജ് .കെ. ജെ - ജൂണ്‍ 2020
പാലക്കാട് പടക്കം കടിച്ച് കൊല്ലപ്പെട്ട ഗര്‍ഭിണിയായ ആനയുടെ ഉദരത്തിലെ ആനക്കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആനക്കുട്ടി അമ്മയോട് സംസാരിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണകള്‍ ഹൃദയമുള്ള ആരുടെയും ഹൃദയഭിത്തികള്‍ തര്‍ക്കുന്നതാണ്. ആന കൊല്ലപ്പെട്ടതും അതിന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടതും അത്യന്തം ഖേദകരമായ വസ്തുത തന്നെയാണ്. എന്നാല്‍, ആനയുടെ ഗര്‍ഭത്തിലുളളത് ആനകുഞ്ഞാണെന്ന് തിരിച്ചറിയുന്ന മനുഷ്യന്, കോവിഡ് കാലത്ത് പാസ്സാക്കി പോയ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്‍ ചെയ്യുന്നത് അതിനേക്കാള്‍ വലിയ ഭീകരതയാണെന്ന് അറിയാന്‍ കഴിയാതെപോയതില്‍ നാണിച്ചു തലതാഴത്തണം. 24 ആഴ്ചവരെയുള്ള മനുഷ്യകുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തില്‍ വെച്ച് നിയമപരമായി കശാപ്പുചെയ്യാം എന്ന നിയമമാണ് പാര്‍ലിമെന്റില്‍ വനിതകളടക്കമുള്ള നമ്മുടെ ജനപ്രതിനിധികള്‍ കൈയടിച്ചുപാസാക്കിയത്. ആകെപ്പാടെ അതിനെതിരെ ശബ്ദിച്ചത് കേരളത്തില്‍ നിന്നുള്ള എം.പി. ഡീന്‍ കുര്യാക്കോസ് ആയിരുന്നുവെന്നതില്‍ നമുക്ക് അഭിമാനിക്കാം. അന്ന് ഒരു സെലിബ്രിറ്റിയും അതിനെതിരെ പ്രതികരിച്ചില്ല. ആരും പോസ്റ്റിട്ടില്ല. കാര്‍ട്ടൂണകള്‍ വരയ്ക്കപ്പെട്ടില്ല. ആകെ നിരത്തിലിറങ്ങിയത് ക്രൈസ്തവ സഭയിലെ ഏതാനും പ്രോലൈഫ് അംഗങ്ങള്‍ മാത്രം. ഒരു മൃഗത്തിന്റെ കുഞ്ഞിനു കിട്ടുന്ന പരിഗണന പോലും ഉദരത്തിലുള്ള ഒരു മനുഷ്യശിശുവിന് കിട്ടുന്നില്ലെന്നോര്ക്കണം. ഗര്‍ഭപാത്രങ്ങളില്‍ നിന്നുയരുന്ന ആ ദയനീയമായ നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ മാത്രം ചെകിടരായിപ്പോയവരാണ് നമ്മള്.
ഒരിക്കല്‍ മഹാനായ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ മനുഷ്യാവാകാശങ്ങള്ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരോട് പറഞ്ഞു. ആദ്യം നിങ്ങള്‍ സ്വന്തം അമ്മയുടെ ഉദരങ്ങളില്‍ കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക. ജീവിക്കുവാനുള്ള ആ കുഞ്ഞുങ്ങളുടെ നിലവിളികള്‍ കേള്‍ക്കാതെ നമുക്കെങ്ങനെ മറ്റവകാശങ്ങള്ക്കുവേണ്ടി പോരാടാനാകും. അതെ എല്ലാ മനുഷ്യാവകാശങ്ങളും മൃഗസ്നേഹവും ഒക്കെ തുടങ്ങേണ്ടത് അമ്മയുടെ ഗര്‍ഭപാത്രത്തിലെ നിലവിളികള്‍ കേട്ടുകൊണ്ടാകണം. കുഞ്ഞുങ്ങളെ പിറക്കാനനുവദിക്കാതെ കൊലക്കത്തിക്കിരയാക്കിയിട്ട് മറ്റ് അവകാശങ്ങള്‍ക്കുവേണ്ടി നാം നിലവിളിച്ചിട്ട് എന്ത് കാര്യം. കാരണം ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ അത് ഒരു വ്യക്തിയാണെന്ന് കത്തോലിക്കസഭ പഠിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അബോര്ഷന് എന്നത് ലോകത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകമാണ്.
ലോകമാസകലം അബോര്ഷന് തുടച്ചുനീക്കണമെന്നാവശ്യപ്പെട്ട് പ്രോലൈഫ് പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിച്ചുവരുമ്പോഴാണ് ഇന്ത്യയില്‍ ഈ നിയമം ഭേദഗതി ചെയ്തുകൊണ്ട് കൂടുതല്‍ എളുപ്പമാക്കിയത്. 20 ആഴ്ചകള്‍ക്കുശേഷമുള്ള ഗര്ഭ്ച്ഛിദ്രത്തിന് ലോകത്ത് 7 രാജ്യങ്ങളില്‍ മാത്രമാണ് നിയമപരമായി അനുമതിയുള്ളത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ബില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇന്ത്യ ഈ പട്ടികയില്‍ 8-മാത് സ്ഥാനം പിടിച്ചിരിക്കുന്നു. നിയമപരമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയായി ഉയര്‍ത്തിയ ബില്ല് പാസാക്കിക്കൊണ്ട് അംഹിസയുടെ നാടെന്ന് പേരുകേട്ട ഭാരതം അമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ കൊലക്കളമാക്കുവാനുള്ള ബില്ലിന് അംഗീകാരം നല്കി.
ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകത്തില്‍ ഓരോ വര്‍ഷവും 40-50 മില്യണ്‍ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു. അതായാത് ഒരു ദിവസം 125000 കുഞ്ഞുങ്ങള്‍ ഓരോ ദിവസവും അമ്മമാരുടെ ഉദരത്തില്‍വച്ച് അരുംകൊല ചെയ്യപ്പെടുന്നു. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇന്ത്യയില്‍ 2015 ല്‍ നടന്നത് 15.6 മില്യണ്‍ അബോര്‍ഷനാണ്. പുതിയ ബില്‍ അബോര്‍ഷന്റെ എണ്ണം കുതിച്ചുയരുന്നതിന് മാത്രമെ സഹായകമാകു. അതിക്രൂരമായി പച്ചിച്ചീന്തപ്പെടുന്ന, ജീവിക്കുവാനവകാശം നിഷേധിക്കപ്പെടുന്ന, ഈ മനുഷ്യജീവനുകള്‍ക്ക് നേരെ മനസാക്ഷിയുടെ വാതില്‍ കൊട്ടിയടച്ചിട്ട് നമുക്കെങ്ങനെയാണ് മനുഷ്യാവകാശങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കാനാവുക.?
ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്ക്കാരിക പരമ്പര്യമാണ് ഇന്ത്യക്കുള്ളത്. അതുകൊണ്ടുതന്നെ ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. അഞ്ചുമാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കുന്ന നിയമമാണു നിലവിലുണ്ടായിരുന്നത്. 1971 ല്‍ പാസാക്കിയ ആ നിയമത്തിനാണിപ്പോള് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ബില്‍ 2020 ഭൂരിപക്ഷ പിന്തുണയോടെയാണ് പാസായത് എന്ന വസ്തുത ജീവനെ ആദരിക്കുന്നവര്‍ക്ക് അത്യന്തം ദുഖകരമാണ്. 1971 ലെ നിയമപ്രകാരം 12 ആഴ്ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടയെും 20 ആഴ്ചവരെയുള്ളതിനു 2 ഡോക്ടര്‍മാരുടെയും അതിനു മുകളിലുള്ളതിന് ഒരു മെഡിക്കല്‍ ബോര്‍ഡിന്റെയും ശിപാര്‍ശ വേണ്ടിയിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 20 ആഴ്ചവരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് ഒരു ഡോക്ടറുടെയും 20 മുതല്‍ 24 ആഴ്ചവരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് 2 ഡോക്ടര്‍മാരുടെയും ശിപാര്‍ശ മതി. കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയില്‍ പുരോഗമനപരമായ നടപടിയാണ് നിയമനിര്മ്മാണമെന്നാണു കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചത്. ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ചു സ്വന്തം തീരുമാനമെടുക്കാനുളള സ്ത്രീകളുടെ സ്വാതന്ത്ര്യമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പുരോഗമനം. സ്വാതന്ത്ര്യ ചിന്തയുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഭ്രൂണഹത്യ നടത്തുന്നതാണത്രെ പുരോഗമനം. പ്രതികരിക്കാനാവാത്ത ഒരു മനുഷ്യശിശുവിനെ സ്വന്തം മാതാവിന്റെ ഉദരത്തില്‍ വച്ചു നശിപ്പിക്കുവാനുള്ള തീരുമാനം പുരോഗമനാത്മകമല്ല, മൃഗീയമായ ക്രൂരതയാണ്.
അബോര്‍ഷന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങള്‍ ചികഞ്ഞുപോയാല്‍ ഭീകരമായ സത്യമാണ് കണ്ടെത്താന്‍ കഴിയുക. ചില ബഹുരാഷ്ട്ര കമ്പനികള്‍ സൗന്ദര്യ വര്‍ദ്ധകവസ്തുക്കളുടെ നിര്‍മാണത്തിനു മനുഷ്യഭ്രൂണം ഉപയോഗിക്കുന്നു. സഹസ്രകോടികളുടെ ബിസ്നസ്സാണ് സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ മേഖലയില്‍ നടക്കുന്നത്. ഗര്ഭച്ചിദ്രം നടത്തിയ കുഞ്ഞുജീവനുകളുടെ സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചെടുത്ത് അവയവവ്യാപാരം നടത്തുന്ന അമേരിക്കന്‍ കമ്പനിയായ സ്റ്റെം എക്സ്പ്രസിനെക്കുറിച്ചും മറ്റും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
മനുഷ്യജീവന് ഗര്‍ഭധാരണത്തിന്റെ ആദ്യ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ആദ്യആഴ്ചകളില്‍ തന്നെ സൃഷ്ടിയുടെ അത്ഭുതങ്ങള്‍ ഭ്രൂണത്തില്‍ കാണാനാവും. അത്തരമൊരു ജീവനെ അതിന്റെ നിസഹായവസ്ഥയില്‍ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഏതു ശ്രമവും സംസ്ക്കാരമുള്ളൊരു ജനതയ്ക്കു ഭൂഷണമല്ല. അതു മനുഷ്യജീവന്റെ മേലുള്ള നീചമായ കൈയേറ്റമാണ്. സോപാധികമായ കൊലപാതം നിയമാനുസൃതമാക്കുന്നതിനു തുല്യമാണത്. ഗര്‍ഭസ്ഥശിശുവിന്റെ ജനിക്കാനുള്ള അവകാശത്തിന് തടയിടുന്നത് എങ്ങനെയാണ് ധാര്മ്മികമാവുക. ദൈവദത്തമായ ജീവന് അതിന്റെ അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതല്‍ ആദരിക്കപ്പെടണം.
Send your feedback to : onlinekeralacatholic@gmail.com