നിങ്ങള്‍ ഡോണ്ഡ് വറി ക്ലബില്‍ അംഗമാണോ?
ജോര്‍ജ് .കെ. ജെ - ഓഗസ്റ്റ് 2020
നിരന്തരമായ ആകുലതകൊണ്ട് വരിഞ്ഞുമുറക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ ജീവിതം. പത്രം തുറന്നാല്‍, ടെലിവിഷന്‍ ഓണ്‍ ചെയ്താല്‍, സോഷ്യല്‍ മീഡിയ സ്ക്രോള്‍ ചെയ്താല്‍ ആരാണ് അസ്വസ്ഥരും ഉത്കണ്ഠാകുലരും ആകുലരുമാകാതിരിക്കുക. അനുദിനജീവിതത്തിലെ സംഭവവികാസങ്ങള്‍ മാത്രം മതി നമ്മുടെ ഹൃദയത്തില്‍ ആകുലത നിറയാന്‍. എന്റെ മക്കള്‍ എന്തായിത്തീരും. അവരുടെ പഠനം. ഭാവി ജീവിതം, കോവിഡ്, സാമ്പത്തികഭദ്രത, ജോലി, കൂലി ഇതെല്ലാം ഓര്‍ത്ത് ആകുലപ്പെട്ട് സ്വന്തം ജീവിതം കുട്ടിച്ചോറാക്കുന്നതില്‍ നമുക്കുള്ള കഴിവ് അപാരമാണ്. എന്നാല്‍ ക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ട (മത്തായി 6:25) എന്നാണ്. ആകുലപ്പെട്ടതുകൊണ്ട് ജീവിതത്തിന്റെ ഒരു മുഴം പോലും നീട്ടാനാവില്ല. നമ്മുടെ ഒരു മടിനാരിഴ പോലും ദൈവം അറിയാതെ കൊഴിയുന്നില്ല. ഇതൊക്കെയറിയാം എന്നാലും ചുമ്മാ നാം ആകുലപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഒരിക്കലും ആകുലരാകാതിരിക്കേണ്ടവരാണ് കത്തോലിക്കര്‍ എന്നാണ് ഫാ. ഫ്രാന്‍സിസ് സേവ്യര്‍ ലാസന്‍സ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ പ്രസിദ്ധീകരിച്ച മൈ പ്രയര്‍ ബുക്ക് എന്ന പുസ്തകത്തില്‍ പറയുന്നത്. ലോകത്തിലെ ദ ബെസ്റ്റ് ഡോണ്ഡ് വറി ക്ലബ് കത്തോലിക്കസഭയായിരിക്കണം എന്നതില്‍ ഒരു സംശയവും വേണ്ട. ഒരു ശിശുവിനെപ്പോലെ തങ്ങളുടെ പിതാവായ ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ട് വിശ്വാസികളോട് വിശുദ്ധവും സംശുദ്ധവുമായ ജീവിതം നയിക്കുവാനും സ്വന്തം ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റുവാനും ദൈവത്തില്‍ നിരന്തരം സന്തോഷിക്കുവാനും സഭ ഉദ്ബോധിപ്പിക്കുന്നു. സംഗതി വളരെ സിംമ്പിളാണ്. പക്ഷേ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് ബുദ്ധിമുട്ട്.
ബുദ്ധിമുട്ടൊന്നുമില്ല. ഇതൊക്കെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയവര്‍ നമുക്ക് മുമ്പേ പോയിട്ടുണ്ട്. ജീവിതത്തിലെ എല്ലാ സംഭവങ്ങളും വന്നുഭവിക്കുന്നത് ദൈവപരിപാലനയിലാണെന്ന് വിശ്വസിച്ചുകൊണ്ട്, ഒരു കുഞ്ഞ് അതിന്റെ അമ്മയുടെ ഉദരത്തിലെന്നപോലെ ശാന്തതയോടെ കഴിഞ്ഞ വ്യക്തിയായിരുന്നു വി. ഫ്രാന്‍സിസ് ഡി സാലസ്. ഏത്ര വലിയ ദുരന്തം വന്നുചേര്‍ന്നാലും അദ്ദഹേത്തിന് ദൈവപരിപാലനയിലുള്ള വിശ്വാസത്തില്‍ നിന്ന് ഒരു തരി പോലും ഇളക്കുവാന്‍ കഴിയുമായിരുന്നില്ല. അനന്തമായ ദൈവപരിപാലനയില്‍ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക്, ഒരു പുഴുവിനെപ്പോലും സംരക്ഷിക്കുന്ന ദൈവികപരിപാലനയില്‍ നമുക്കെന്തൊക്കെ സംഭവിച്ചാലും അതില്‍ നിന്ന് നന്മ മാത്രമേ വരു എന്ന് പ്രതീക്ഷിക്കണമെന്ന് വിശുദ്ധന് ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
ദൈവത്തിന്റെ പരിപാലനയില്‍ പൂര്‍ണ്ണമായും സ്വയം അര്‍പ്പിച്ചാല്‍ മാത്രമേ ഇത്തരത്തിലുള്ള ആകുലതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശക്തി ലഭിക്കു. എത്ര വലിയ സഹനങ്ങളിലും ദൈവം നമുക്ക് നല്ലത് എന്തോ കരുതിവെച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുക.
വി. വിന്‍സന്റ് ഡി പോള്‍ പറയുന്നു നമുക്ക് നമ്മുടെ വിശ്വാസം ദൈവത്തിലര്പ്പിക്കാം അവിടുന്നില്‍ ആശ്രയിച്ചു ജീവിക്കാം. പിന്നെ മറ്റുള്ളവരെന്തുപറഞ്ഞാലും പ്രവര്‍ത്തിച്ചാലും പേടിക്കേണ്ട, അത് നമ്മുടെ നന്മക്കായി ഭവിക്കും. ലോകം മുഴുവന്‍ നമുക്കെതിരെ വന്നാലും ദൈവം അനുവദിക്കാതെ നമുക്ക് ഒന്നും സംഭവിക്കുകയില്ല. വി. ഫ്രാന്‍സിസ് അസിസീയും ഇതുപോലെ പൂര്‍ണമായും ദൈവത്തിലര്‍പ്പിച്ച വിശുദ്ധന്മാരിലൊരാളാണ്.
സന്തോഷമുള്ള മനുഷ്യന്.... അവന് ആകുലപ്പെടുകയില്ല...ലോകത്തിലെ ഒന്നിനെക്കറിച്ചും ദുഖിക്കുകയില്ല, മറിച്ച് വിശുദ്ധമായ ജീവിതം നയിക്കും, ഒന്നിനോടും അനാവശ്യമായ അറ്റാച്ച്മെന്റില്ലാതെ, ദൈവഹിതത്തിന് പൂര്‍ണമായും വിട്ടുകൊടുത്തുകൊണ്ട് ജീവിച്ചാലേ നമ്മുടെ ആകുലതയ്ക്ക് ഒരറുതി ഉണ്ടാകൂ എന്നതാണ് സത്യം.
Send your feedback to : onlinekeralacatholic@gmail.com