മനസ്സില്ലാ മനസ്സോടെയാണോ നിങ്ങള്‍ വീട് പണിയുന്നത്
ജോര്‍ജ് .കെ. ജെ - ജൂലൈ 2020
ആശാരി തന്റെ മുതലാളിയോട് പറഞ്ഞു. ഞാന്‍ വീടുപണിയൊക്കെ നിര്‍ത്തുകയാണ്. ഇനി അല്പകാലം വിശ്രമജീവിതം നയിക്കണം. ദീര്‍ഘകാലം തന്നെ സേവിച്ച ആ ആശാരിയെ വെറും കൈയോടെ പറഞ്ഞുവിടുവാന് മുതലാളിക്ക് മനസ്സ് വന്നില്ല. അദ്ദേഹം പറഞ്ഞു നീ എനിക്ക് ഒരു ഉപകാരം കൂടി ചെയ്യുക. അവസാനമായി ഒരു വീട് കൂടി പണിതുതരിക. ആശാരി മനസ്സില്ലാമനസ്സോടെ ആ ജോലി ഏറ്റെടുത്തു. ആത്മാര്‍ത്ഥയില്ലാതെ, അശ്രദ്ധയോടെ, നിലവാരമില്ലാത്ത വസ്തുക്കള്‍ക്കൊണ്ട് ആ ആശാരി വീട് പണിതുകൊണ്ടിരുന്നു. അവസാനം ഒരു വിധത്തില്‍ വീട് പണിതീര്‍ത്തു. താക്കോല്‍ മുതലാളിയക്ക് കൈമാറി. താക്കോല്‍ സ്വീകരിച്ച മുതലാളി അത് തിരികെ ആശാരിയുടെ കൈയില്‍ തിരികെ കൊടുത്തിട്ടു പറഞ്ഞു. ഇത് നിന്റെ വീടാണ്. നിനക്കുള്ള എന്റെ സമ്മാനം. ആശാരി ക്ഷോക്കടിച്ചതുപോലെയായി. സ്വന്തം വീടാണ് പണിയുന്നതെന്ന് താനറിഞ്ഞിരുന്നെങ്കില് അത് കുറച്ചുകൂടി നന്നായി പണിയാമായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചു.
ഇതുപോലെയുള്ള ആശാരിയാണോ നാം. ഓരോ നിമിഷവും ജീവിതമാകുന്ന വീട് പണിയുന്ന ആശാരിമാരാണ് നാം. പലപ്പോഴും നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കാതെയാണ് നാം വീട് തട്ടിക്കൂട്ടുന്നത്. അവസാനം നാം പണിതവീട്ടില്‍ നാം തന്നെ താമസിക്കണമെന്ന് ഓര്‍ക്കുമ്പോഴാണ് നാം വിഷമിക്കുക.
ഓരോ ദിവസവും നമ്മള് സ്വന്തം വീടുപണിയുകയാണ്. എന്താണ് നമ്മുടെ മനോഭാവം. ഇന്നത്തെ നമ്മുടെ തീരുമാനങ്ങളാണ് നാളത്തെ നമ്മുടെ വീട്ടില്‍ ഉണ്ടാകുക. അതുകൊണ്ട് വിവേകത്തോടെ വീട് പണിയുക.
Send your feedback to : onlinekeralacatholic@gmail.com