കാല്‍വരി ക്രിസ്തുവില്‍ എത്തുവാനുള്ള ദൂരമാണ്
ജോണ്‍ മണ്ണാറത്തറ CMI - മാര്‍ച്ച് 2021
'ഞാന്‍ തന്നെ വഴി, ഞാന്‍ തന്നെ
പാന്ഥന്, ഞാന്‍ തന്നെ യാത്രയും!'
- വിഷ്ണുനാരായണന്‍ നമ്പൂതിരി
കാല്‍വരി ക്രിസ്തുവില്‍ എത്തുവാനുള്ള ദൂരമാണ്.
കുരിശിന്റെ വഴിയില്‍ പതിനാല് ഇടങ്ങളുണ്ട്.
ക്രിസ്തുവിന്റെ യാതനകളുടെ ക്ലിപ്തമായ പടവുകള്‍.
മുപ്പത്തിമൂന്ന് വയസ് പ്രായം വരുന്ന ക്രിസ്തുവിന്റെ അന്ത്യനിമിഷങ്ങളെ നിശ്ചയിച്ചത് കലാപവും കാരുണ്യവും ഇടകലര്‍ന്ന ജീവിതമായിരുന്നു.
ക്രിസ്തു മുപ്പത് വര്‍ഷം ജീവിച്ചത് അകമേയായിരുന്നു. ഉള്ളിലാണ് കാതങ്ങള്‍ പിന്നിട്ടത്.
ഏവരുടേയും ആത്മാവിന്റെ അയല്ക്കാരനാകാന് ക്രിസ്തു അരൂപിയാല്‍ അഭിഷിക്തനായി.
ഗിരിപ്രഭാഷണം ഔന്നത്യത്തില്‍ നടത്തിയ പ്രസംഗമായിരുന്നു.
കാല്‍വരി വികസ്വരമാകുന്ന ആത്മബലത്തിന്റെ രൂപകമാണ്.
ദണ്ഡനമേറ്റ് സര്‍ഗ്ഗചേതന ഉണരുന്നിടമാണ് കാല്‍വരി.
വീഴ്ച ഉയര്ച്ചയാകുന്ന സ്ഥലവും സാധ്യതയുമാണ് കാല്‍വരി.
മടങ്ങുന്ന മുട്ടുകള്‍ കുതിപ്പിനായി നിവരുന്നിടം.
രക്തത്താല്‍ ആത്മാവ് സ്നാനപ്പെടുന്നിടം.
ആക്രോശങ്ങളെ സൗമ്യതയാല്‍ ശമിപ്പിക്കുന്നിടം.
പരിഹാസങ്ങളെ പരിഹാരമാക്കുന്നിടം.
നഗ്നതയെ ലജ്ജയില്‍ നിന്ന് മോചിപ്പിക്കുന്നിടം.
ശത്രുക്കളെ മൈത്രിയില്‍ ചേര്‍ത്തു നിര്‍ത്തുന്നിടം.
ഗുരുവിനെ വിട്ട് ശിഷ്യര്‍ വിരണ്ടോടുന്നിടം.
അന്ധതകൊണ്ട് സൂര്യന് അസ്തമിക്കുന്നിടം.
കണ്ണീരൊപ്പുമ്പോള്‍ പീഡിതന്റെ മുഖഛായ ഹൃദയത്തില്‍ പതിയുന്നിടം.
അപരന്റെ കുരിശ് സ്വന്തം ചുമലില്‍ ചുമക്കുന്നിടം.
മാറു പിളര്ക്കുന്നവര്ക്കുവേണ്ടി പ്രാര്ഥിക്കുന്നിടം.
ദൈവികതയിലേക്ക് സംക്രമിക്കാന്‍ അഹം വെടിയുന്നിടം.
കുരിശ് സത്യാഗ്രഹമാകുന്നിടം.
ആത്മസമരത്തിന് അരങ്ങാകുന്നിടം.
ത്യാഗം വിമോചനമാകുന്നിടം.
പീഡിതന് രക്ഷകനാകുന്നിടം.
പ്രാണനെ തികവില്‍ പിതാവിന് അര്പ്പിക്കുന്നിടം.
മരണം ജനനമാകുന്നിടം.
കാല്‍വരി ക്രിസ്തുവില്‍ എത്തുവാനുള്ള ദൂരമാണ്.
Send your feedback to : onlinekeralacatholic@gmail.com