വിശുദ്ധിയും നര്‍മ്മബോധവും ഒത്തുപോകുമോ?
ജിയോ ജോര്‍ജ് - ജൂലൈ 2024
വിശുദ്ധജീവിതം നയിക്കുന്നവര്‍ ചിരിക്കുകയോ, ചിരിപ്പിക്കുകയോ ഇല്ല എന്നാണ് നമ്മുടെ ധാരണ. ചിരിക്കുന്ന, നര്‍മ്മബോധമുള്ള ഒരു വിശുദ്ധനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും നമുക്കാകില്ല. പക്ഷേ സത്യത്തില്‍ കത്തോലിക്കനായിരിക്കുക എന്നാല്‍ ചിരിയെ, നര്‍മ്മത്തെ സ്നേഹിക്കുന്നവരാകുക എന്നും അര്‍ത്ഥമുണ്ട്. ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന നാം ചിരിച്ചില്ലെങ്കില്‍ പിന്നെ ആരാണ് ചിരിക്കുക, മറ്റുള്ളവരെ ചിരിപ്പിക്കുക. വിശുദ്ധിയുള്ളവരെല്ലാം നര്മ്മബോധമില്ലാത്തവരായിരുന്നു എന്നത് വെറുമൊരു തെറ്റിദ്ധാരണയാണെന്ന് നമുക്ക് മുമ്പേ കടന്നുപോയ വിശുദ്ധരുടെ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. നര്‍മ്മബോധം കൊണ്ടുമാത്രം പേരുകേള്‍പ്പിച്ച കുറെ വിശുദ്ധന്മാരും വിശുദ്ധകളും കത്തോലിക്കസഭയിലുണ്ടായിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ ചിരിയുടെ മദ്ധ്യസ്ഥനാണ്. സന്ദശകര്ക്കിടയില് പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്നതാണ് മാധ്യമങ്ങളില്‍ വരുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിലധികവും. ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കാണാനെത്തിയ കൊമേഡിയന്മാരോട് പറഞ്ഞത് -നിങ്ങള്‍ മറ്റുള്ളവരെ ചിരിപ്പിക്കുമ്പോള്‍ ദൈവത്തെയാണ് ചിരിപ്പിക്കുന്നതെന്നാണ്..
രക്തസാക്ഷിയും അഭിഭാഷകനുമായിരുന്ന വി തോമസ് മൂറിനെക്കുറിച്ച് കേട്ടിട്ടില്ലേ. ഭയങ്കര നര്‍മ്മബോധമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു രസകരമായ പ്രാര്‍ത്ഥന ഇങ്ങനെയാണ്.. അദ്ദേഹം ദിവസവും ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നത് ഇങ്ങനെയായിരുന്നു... ദൈവമേ എനിക്ക് നല്ല ദഹനശക്തി നല്കണമേ, ദഹിപ്പിക്കുവാനും എന്തെങ്കിലും തരണമേ. ദൈവമേ, എനിക്ക് നല്ല നര്‍മ്മബോധം തരണമേ... തമാശ കണ്ടെത്തി ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുവാനും അത് പങ്കുവെക്കുവാനും സഹായിക്കണേ.. മരണസമയത്തുപോലും കോമഡി അടിച്ചാണ് അദ്ദേഹം കടന്നുപോയത്.
വി. ജോണ്‍ 23-മന് മാര്‍പാപ്പ സന്തോഷം കൊണ്ടും നര്‍മ്മബോധം കൊണ്ടും മറ്റുള്ളവരെ അതിശയിപ്പിച്ച വ്യക്തിയായിരുന്നുവത്രെ. ഒരിക്കല്‍ അദ്ദേഹത്തോട് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു...വത്തിക്കാനില്‍ എത്ര പേര് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം പറഞ്ഞു... പകുതിപ്പേര്‍.
മഹാനായ ജോ പോള്‍ രണ്ടാമന് മാര്‍പാപ്പ നല്ല നര്‍മ്മബോധമുള്ള വ്യക്തിയായിരുന്നു. ഇടയ്ക്ക് വിഡ്ഢിത്തരമൊക്ക കാട്ടി അദ്ദേഹം മറ്റുള്ളവരെ ചിരിപ്പിക്കുക അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമായിരുന്നു. വി. ഫിലിപ്പ് നേരി, പിയര്‍ ജിയോര്‍ജിയോ ഫ്രസാറ്റി തുടങ്ങിയവരുടെ ജീവിതവും നമുക്ക് കാണിച്ചുതരുന്നത് വിശുദ്ധനായിരിക്കുക എന്നാല്‍ സന്തോഷമുള്ള, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വ്യക്തിയായിരിക്കുക എന്നുതന്നെയാണ്. ചിരിയും നര്‍മ്മബോധവും ഒന്നും ഒരിക്കലും നമ്മുടെ വിശുദ്ധിയെ കുറച്ചുകളയുകയില്ല, നര്‍മ്മബോധവും ചിരിയും ഒരു പക്ഷേ നമ്മുടെ വിശുദ്ധിയുടെ അളവുകോല്‍ ആയിമാറുന്നുവെന്നതാണ് സത്യം.
സെന്റ് ലോറന്‍സ് ഓഫ് റോം എന്നറിയപ്പെടുന്ന വിശുദ്ധന് വളരെ രസികനായിരുന്നുവത്രെ. ഒരിക്കല്‍ ഭരണാധികാരികള്‍ കത്തോലിക്കസഭയുടെ നിധികള്‍ ഹാജരാക്കുവാന്‍ അദ്ദേഹത്തോട് കല്പിച്ചു. അദ്ദേഹം തെരുവീഥികളിലേക്കിറങ്ങി അവിടെ കണ്ട പരമദരിദ്രന്മാരെ അധികാരികള്‍ക്കുമുമ്പില്‍ കൊണ്ടുവന്ന് നിറുത്തിയിട്ട് പറഞ്ഞു- ഇതാ കത്തോലിക്ക സഭയുടെ നിധികള്‍.
വി. ഫിലിപ്പ് നേരി അറിയപ്പെടുന്ന ജോക്കര്‍ ആയിരുന്നു. ഇടയ്ക്ക് മീശ പകുതി വടിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുക, വാക്കുകള്‍ അറിഞ്ഞുകൊണ്ട് തെറ്റിച്ച് ഉച്ചരിക്കുക തുടങ്ങിയ വിക്രസുകളൊക്കെ ഒപ്പിച്ച് അദ്ദേഹം മറ്റുള്ളവരെ കുടുകുടെ ചിരിപ്പിക്കുമായിരുന്നുവത്രെ.
എളിമയും നര്‍മ്മബോധവും തമ്മില്‍ നല്ല ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. നര്‍മ്മബോധം നമ്മളെത്തന്നെ ഗൗരവമായി എടുക്കാതെ കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നതിന് സഹായിക്കും. അതുകൊണ്ടാണ് ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത്... മാലാഖമാര്‍ക്ക് പറക്കാന്‍ കഴിയുന്നത് അത് അവര്‍ തങ്ങളെത്തന്നെ ലൈറ്റായി എടുക്കുന്നതുകൊണ്ടാണെന്ന്.
ദുഖിതനായ ഒരു വിശുദ്ധന് ഒരു വിശുദ്ധനെക്കുറിച്ചുള്ള സങ്കടകരമായ മാതൃകയാണെന്നാണ് വി. ഫ്രാന്‍സിസ് ഡി സാലസ് പറഞ്ഞതിലും സത്യമുണ്ട്. ദൈവഭക്തരായതുകൊണ്ട് അടക്കിപ്പിടിച്ച് ജീവിക്കണമെന്നല്ല, മറിച്ച് ചിരിച്ചുകളിച്ച് ജീവിക്കണമെന്നാണ് വിശുദ്ധരും ബൈബിളും പറയുന്നത്.
Send your feedback to : onlinekeralacatholic@gmail.com