ദാനധര്‍മ്മം കൊണ്ട് മതില്‍കെട്ടുക
ജോര്‍ജ് .കെ. ജെ - ഏപ്രിൽ 2019
കൊണ്ടും കൊടുത്തും ജീവിക്കുക എന്നതായിരുന്നു നമ്മുടെ പൂര്‍വ്വികരുടെ ജീവിതശൈലി. എന്നാല്‍ ഇന്ന് കൊടുക്കുവാന്‍ ഏറ്റവും വിഷമമുള്ള ജനതയായി നാം മാറിയിരിക്കുന്നു. നമുക്ക് ആരുടേതും വേണ്ട, നമ്മള് ആര്‍ക്കും കൊടുക്കാനും ഇല്ല എന്നതാണ് പലരുടെയും മനോഭാവം. ഉള്ളതെല്ലാം പങ്കിട്ടുജീവിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്തിരുന്ന ആദിമ ക്രൈസ്തവസമൂഹത്തിന്റെ ചൈതന്യമൊക്കെ നമുക്ക് എന്നേ കൈമോശം വന്നുപോയി. അന്യോന്യം പങ്കിട്ടുജീവിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്തിരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ഓര്‍മ്മ പുതുക്കലാണ് നോമ്പുകാലം. സ്വീകരിക്കുവാന്‍ മാത്രം ശീലിച്ചു പോന്ന നമുക്ക് പതിവിനു വിപരീതമായ നല്കുവാന് പഠിക്കേണ്ട നാളുകളാണിത്. കൊടുക്കുമ്പോഴാണ് ലഭിക്കുക എന്നാണല്ലോ പറയുക.
മലബാറിലെ ഒരു കുടിയേറ്റ കുടുംബത്തിലെ കാരണവരെകുറിച്ച് ഒരു സംഭവം പറഞ്ഞുകേട്ടിട്ടുണ്ട്. കാരണവര്‍ മക്കള്‍ക്കായി വലിയ സമ്പാദ്യം ഒന്നും കരുതിവെച്ചിരുന്നില്ല. ദാനധര്‍മ്മത്തിന് പേരുകേട്ട വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം മരണാസന്നനായപ്പോള്‍ മക്കള്‍ക്ക് കൊടുത്ത ഏക ഉപദേശം ദാനധര്‍മ്മം കൊണ്ട് മതിലുകെട്ടുക എന്നതായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പിതാവിന്റെ വാക്കുകള്‍ അക്ഷരം പ്രതി നിറവേറ്റി, ദൈവത്തിന്റെ അനുഗ്രഹം നേടി. വിദേശത്തുള്ള മക്കള്‍ വരുമ്പോള്‍ അമ്മ അവരോട് പറയും, മക്കളെ മതിലുകെട്ടാനുള്ളത് എനിക്ക് തന്നേക്ക്. അങ്ങനെ കിട്ടുന്ന തുക മുഴുവന്‍ ആ അമ്മ അയല്‍വക്കത്തെ പാവപ്പെട്ടവര്‍ക്കും നിരാലംബരായവരുടെ മക്കള്‍ക്ക് പഠിക്കുവാനുമായി നല്‍കും. ഇന്ന് ആ കുടുംബത്തിന്റെ ഐശ്വര്യം അരേയും അമ്പരപ്പിക്കുന്നതാണ്.
ദാനധര്‍മ്മം ഇല്ലാതായതുകൊണ്ടാകാം കേരളത്തില്‍ ഇത്രയധികം മതിലുകള്‍ ഉയരാന്‍ കാരണം. ഉള്ളത് മറ്റുള്ളവരുമായ പങ്കിടുവാന്‍ സന്നദ്ധതയുള്ളവര്‍ കുറവാണ്. വി. സിപ്രിയാന്‍ പറയുന്നു നാം ദരിദ്രന് ദാനം കൊടുക്കുമ്പോള്‍ ദൈവത്തിനു തന്നെയാണ് കൊടുക്കുന്നത്. ചെറിയവരിലൊരുവനെ നാം സഹായിക്കുമ്പോള്‍ ക്രിസ്തുഏപ്രിൽ 2019വിനെത്തന്നെയാണ് നാം സഹായിക്കുന്നത്. അതുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ നമുക്ക് തീര്‍ച്ചയായും നിക്ഷേപം കുന്നുകൂടും.
ഇസ്ലാമതവിശ്വാസികള്‍ നോമ്പുകാലത്ത് തങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത വരുമാനം സക്കാത്ത് അഥവാ ദാനധര്‍മ്മമായി നല്കുന്നു. മാത്രമല്ല, അവരുടെ പല ബിസ്നസ്സ് സ്ഥാപനങ്ങളും തങ്ങളുടെ വിറ്റുവരവിന്റെ ഒരു നിശ്ചിത വരുമാനം സക്കാത്തിനായി മാറ്റിവെക്കുക പതിവാണ്.
ക്രൈസ്തവര്‍ക്കിടയില്‍ ദശാംശം കൊടുക്കുന്ന പാരമ്പര്യം ഉണ്ടെങ്കിലും അത് കൃത്യമായി പാലിക്കുന്നവര്‍ തുലോം കുറവാണ്. വരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവര്‍ക്കും പള്ളിക്കുമായി നല്കിയപ്പോള് സാമ്പത്തികമായി മെച്ചപ്പെട്ട അനവധി വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. നമുക്ക് ദൈവം നല്കിയ സമൃദ്ധിയുടെ ഒരു ഭാഗം മറ്റുള്ളവര്‍ക്കായി മാറ്റിവെക്കുന്നതുകാണുമ്പോള് ദൈവം സന്തോഷിക്കുകയും അവരെ വീണ്ടും വീണ്ടും സമൃദ്ധിനല്കി അനുഗ്രഹിക്കുകയും ചെയ്യും.
തോബിത് മകനു നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് വളരെ പ്രസ്ക്തമാണ്. സമ്പത്തേറുമ്പോള്‍ അതനുസരിച്ച് ദാനം ചെയ്യുക. ദാനധര്‍മ്മം മൃത്യുവില്‍നിന്ന് രക്ഷിക്കുകയും അന്ധകാരത്തില്പ്പെടുന്നതില്നിന്ന് കാത്തുകൊള്ളുകയും ചെയ്യുന്നു. (തോബിത്: 8-10)
ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും നോമ്പുകാലത്തെ വിശുദ്ധീകരിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ സ്നേഹപ്രകടനമാണ് ദാനധര്‍മ്മത്തിലൂടെ വെളിപ്പെടുന്നത്. ദൈവം നമുക്ക് നല്കിയിട്ടുള്ളതിനെല്ലാം നന്ദിപറയുകയാണ് ദാനം നല്കുമ്പോള് നാം ചെയ്യുന്നത്. ഞാനും എന്റെ ദൈവവും എന്നതിലുപരി എന്റെ അയല്ക്കാരനെക്കൂടി പരിഗണിക്കുന്നതാണ് ദാനധര്‍മ്മത്തിന്റെ പ്രസക്തി. ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളെന്ന നിലയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ക്രിസ്തുവിന്റെ ശരീരത്തിലെ എല്ലാ അംഗങ്ങള്‍ക്കും കടമയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പ്രത്യേകിച്ചും ദാനധര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. പരസ്പരം പങ്കുവെയ്ക്കാതെ മറ്റുള്ളവന്റെ കൈയിലുള്ളതുകൂടി എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന മനോഭാവം വളര്‍ന്നതോടുകൂടിയാണ് സാമ്പത്തിക തകര്‍ച്ച ഇത്ര രൂക്ഷമായത്. ദാനധര്‍മ്മം നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം മാത്രമല്ല, സമൂഹത്തിന്റെ സുസ്ഥിതിയ്ക്ക് നല്ലതുമാണ്.
Send your feedback to : onlinekeralacatholic@gmail.com