കൊക്കൂണില്‍ നിന്നു പുറത്തുവരാം
ജെയ്സണ്‍ പീറ്റര്‍ - ജൂണ്‍ 2020
കാണാനെന്തു ചന്തം. പൂമ്പാറ്റയെ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. മനോഹരമായ വര്‍ണങ്ങളില്‍ അവ പാറിപറന്നു നടക്കുതു കാണുന്നതു തന്നെ നമുക്ക് എന്ത് ആനന്ദമാണ്. പക്ഷേ, നിങ്ങള്‍ക്കറിയാമോ അത് നമ്മുടെ മനംകവരുന്ന ചിത്രശലഭമായി മാറുന്നതിന് മുമ്പ് അതിന് കടന്നുപോകേണ്ടി വന്ന പരിവര്‍ത്തനത്തെക്കുറിച്ച്. ഒരു പൂമ്പാറ്റയായി മാറുന്നതിന് മുമ്പ് കടന്നുപോയ നാള്‍വഴികളെക്കുറിച്ച്. ഏതാനും ദിനങ്ങള്ക്കൊണ്ട് ചിത്രശലഭപുഴു അഥവാ കാറ്റര്‍പില്ലര്‍ പഴയരൂപവും ഭാവവും വെടിഞ്ഞ് പൂര്‍ണമായും മറ്റൊന്നായിമാറുന്നു. ഒരുചിത്രശലഭം ചിറകുകളുള്ള വെറുമൊരു പുഴുവല്ല. അത് തികച്ചും വ്യത്യസ്തമായ ഒരുസൃഷ്ടിയായിമാറുന്നു.
വെറുമൊരു പുഴുവില്‍ നിന്നും ചന്തമേറുന്ന ഒരു പൂമ്പാറ്റയാകുന്നതിനുള്ള ദ്രുതഗതിയിലുള്ള മാറ്റവും അതിന് സ്വയംവിട്ടുകൊടുക്കുന്ന കാറ്റര്‍പില്ലറിന്റെ മനോഭാവവും നമ്മുടെയും ജീവിതവിജയത്തിന് അനിവാര്യമാണ്. പുഴുവില്‍ നിന്നും ഒരുചിത്രശലഭമുണ്ടാകുന്നതുപോലെ... നാം സ്വയം അസ്തിത്വം കണ്ടെത്തുവാനും കൊക്കൂണുകള്‍ പൊട്ടിച്ച് പുറത്തുവരുവാനും തയാറായാലേ നമുക്കും ചിത്രശലഭമായി പറന്നുയരാനാകൂ. മാറ്റത്തിന് വിസമ്മതിച്ചാല്‍ കൊക്കൂണ്‍ നല്കുന്ന സുരക്ഷിതത്വത്തിന്റെ ചൂടില്‍ നാം അസ്തമിച്ചുപോകും. ഇതൊക്കെ മതി എന്നുള്ള നമ്മുടെ മനോഭാവത്തില്‍ നിന്ന് ഏറ്റവും മികച്ചതാവണം എന്നുള്ള മാറ്റത്തെയാണ് ഓരോ പൂമ്പാറ്റയും സൂചിപ്പിക്കുന്നത്.
ചിത്രശലഭമാകുക എന്നതിനര്‍ത്ഥം നമ്മുടെ പഴയ മനോഭാവങ്ങളും പ്രവര്‍ത്തനശൈലികളും പാടെ ഉപേക്ഷിച്ച് പുതിയ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി, പുതിയ മനോഭാവം വളര്‍ത്തിയെടുത്ത് കാതലായ ഒരു മാറ്റത്തിന് തയാറാവുക എന്നതാണ്. അത് വിചാരിക്കുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല. മാറ്റംവളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. നമ്മുടെ സുഖസൗകര്യങ്ങളും ഇപ്പോഴത്തെ സുഖദമായ അവസ്ഥയും വിട്ടുപോകാന്‍ ആര്‍ക്കാണ് താല്പര്യമുണ്ടാവുക. പക്ഷേ, ഒന്ന് ചിന്തിച്ചുനോക്കു. കാറ്റര്‍പില്ലര്‍ തന്റെ പഴയ അവസ്ഥ വിട്ട് കാതലായ ഒരു മാറ്റത്തിന് തയാറായിരുന്നില്ലെങ്കില്‍ എന്തുസംഭവിച്ചേനെ. പൂമ്പാറ്റയായി മാറുമായിരുന്നില്ല അത്രതന്നെ.
പലപ്പോഴും നാം മാറ്റത്തിന് തുനിയുന്നത് പഴയ വഴിതുറന്നിട്ടുകൊണ്ടുതന്നെയായിരിക്കും. നമ്മുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി എന്തെങ്കിലും സംഭവിച്ചാല്‍ മടങ്ങിപ്പോകാമല്ലോ. അങ്ങനെ വിചാരിക്കുമ്പോള്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍, പാത സുഖകരമല്ലെന്നു തോന്നിയാല്‍ നമ്മുടെ പഴയ കൊക്കൂണിലേയ്ക്ക് മടങ്ങിപ്പോകാമെന്ന കണക്കുകൂട്ടലോടെയാണ് നാം പുറപ്പെടുക.
പക്ഷേ ഒരു പൂമ്പാറ്റ ഒരിക്കലും അതിന്റെ കൊക്കൂണിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്നില്ല, അതിന് കഴിയുകയുമില്ല. കൊക്കൂണില്‍ നിന്നും പുറത്തെത്തിയാല്‍ അത് ചിറകുവിരിക്കും, പറന്നുയരും. നമുക്കും നമ്മുടെ ജീവിതത്തിലെ സുരക്ഷിത കവചങ്ങളില്‍ നിന്നും പുറത്തുവരാം...ചിത്രശലഭത്തെപ്പോലെ പറന്നുയരാം.
Send your feedback to : onlinekeralacatholic@gmail.com