ലോക്ഡൗണ്‍ കാലത്ത് കുമ്പസാരിക്കുവാന്‍ കഴിയുന്നില്ലല്ലേ,
പിതാവായ ദൈവത്തോട് പറയുക, മാര്‍പാപ്പ
ജോര്‍ജ് .കെ. ജെ - മാർച്ച് 2020
ദേവാലയങ്ങളെല്ലാം അടച്ചിട്ടിരിക്കുന്നു. നോമ്പുകാലത്ത് ദേവാലയത്തിലെ ഏറ്റവും കൂടുതല്‍ തിരക്കേറിയ സ്ഥലം കുമ്പസാരക്കൂടായിരുന്നു. പലര്‍ക്കും ദേവാലയങ്ങളില്‍ പോകണമെന്നും ദിവ്യബലിയില്‍ പങ്കെടുക്കണമെന്നും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന തിരുസഭയുടെ കല്പന നിറവേറ്റണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, എന്തുചെയ്യാന്‍. ഇന്നത്തെ പ്രത്യേക അവസ്ഥയില്‍ കുമ്പസാരിക്കണമെന്ന് അതിയായി ആഗ്രഹമുണ്ടായിട്ടും വൈദികരുടെ പക്കല്‍ പോയി പാപങ്ങളേറ്റുപറഞ്ഞ് കുമ്പസാരിക്കുവാന്‍ സാധിക്കാത്ത എല്ലാവരോടും മാര്‍പാപ്പ പറയുന്നു:
ഈസ്റ്ററിന് മുമ്പ് കുമ്പസാരിക്കുന്ന പതിവ് നിങ്ങള്ക്കെല്ലാവര്ക്കുമുണ്ട് എന്ന് എനിക്കറിയാം. പലരും എന്നോട് ചോദിക്കുന്നു... ഫാദര്‍, എനിക്ക് വീട് വിട്ട് പോയി കുമ്പസാരിക്കാന്‍ കഴിയില്ല, എങ്കിലും എനിക്ക് ദൈവവുമായി അനുരജ്ഞനപ്പെടണം. ദൈവപിതാവിന്റെ ആലിംഗനം എനിക്കുവേണം...ഒരു വൈദികനെ കാണാതെ എനിക്ക് അതെങ്ങനെ സാധിക്കും?
കത്തോലിക്കസഭയുടെ മതബോധന ഗ്രന്ഥത്തില്‍ അത് വ്യക്തമായി പറയുന്നുണ്ട്. അത് വളരെ വ്യക്തമാണ്. കുമ്പസാരിക്കാന്‍ ഒരു വൈദികനെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, ദൈവത്തോട് പറയുക. അവിടുന്ന് നിന്റെ പിതാവാണ്. ദൈവത്തോട് സത്യം പറയുക. കര്‍ത്താവേ... കര്‍ത്താവെ ഞാനിത് ചെയ്തു, ഞാനിത് ചെയ്തു.... പാപം ഏറ്റുപറയുക) എന്നോട് ക്ഷമിക്കേണമേ എന്ന് യാചിക്കുക.. യഥാര്‍ത്ഥമായ അനുതാപത്തോടെ പിതാവായ ദൈവത്തോട് ക്ഷമ ചോദിക്കുക. കുമ്പസാരിക്കാന്‍ അവസരം കിട്ടുന്ന ഉടനെ ഞാന്‍ വൈദികന്റെ അടുക്കല്‍ ചെന്ന് കുമ്പസാരിച്ചുകൊള്ളാമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്യുക.
ആ നിമിഷം നീ നിന്റെ പിതാവിന്റെ കൃപയിലേക്ക് മടങ്ങിയെത്തും. ഒരു വൈദികനില്ലാതെ തന്നെ നിനക്ക് സ്വയം പിതാവായ ദൈവത്തിന്റെ ക്ഷമയിലേക്ക് കടന്നുചെല്ലാനാവും എന്നാണ് കാറ്റക്കിസം പഠിപ്പിക്കുന്നത് മാര്‍പാപ്പ പ്രത്യേകം എടുത്തുപറയുന്നു.
കര്‍ത്താവിന്റെ പക്കേലയ്ക്കു മടങ്ങുക, നിന്റെ ദൈവമായ കര്‍ത്താവിന്റെ പക്കലേക്കു മടങ്ങുക എന്ന ഹോസിയ പ്രവാചകന്റെ വാക്കുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 75 വര്‍ഷം മുമ്പ് കടന്നുപോയ കാര്‍ലോ ബുട്ടി എന്ന പ്രശസ്ത സംഗീതജ്ഞന്റെ വരികളാണ് തന്റെ മനസിലേക്ക് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ ഈരടികള്‍ ഇന്നും ബ്യൂവനോസ് ഐറിസിലെ ഇറ്റാലിയന്‍ കുടുംബങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടത്രെ. അവര്‍ക്ക് അത് വളരെ ഇഷടവുമായിരുന്നു. ആ ഈരടികള്‍ ഇങ്ങനെയാണ്:
നിങ്ങളുടെ ഡാഡിയുടെ പക്കലേക്ക് മടങ്ങുക,
അദ്ദേഹം നിനക്കുവേണ്ടി ഇപ്പോഴും താരാട്ട് പാടും.
മടങ്ങുക. അതെ നിന്റെ പിതാവാണ് വിളിക്കുന്നത്;
മകനെ മടങ്ങിവരിക.
ദൈവം നിന്റെ ഡാഡിയാണ്.
അദ്ദേഹം ന്യായാധിപനല്ല
നിന്റെ ഡാഡിയാണ്. വീട്ടിലേക്ക് മടങ്ങിവരിക.
ഈ ഈരടികള്‍ മാര്‍പാപ്പ സുവിശേഷത്തിലെ ധൂര്‍ത്തപുത്രന്റെ ഉപമയുമായിട്ടാണ് കചേര്ത്തുവെച്ചത്. ദൂരെനിന്നെ തന്റെ മകനെ തിരിച്ചറിഞ്ഞ പിതാവാണ് നമ്മുടേത്. കാരണം മാസങ്ങളായി അവിടുന്ന് തന്റെ മകന് വരുന്നതും കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് വളരെ ദൂരെ നിന്നു തന്നെ തന്റെ മകനെ ആ പിതാവ് തിരിച്ചറിഞ്ഞത്.
സ്നേഹധനനായ പിതാവിന്റെ വാത്സല്യമാണ് ഈ നോമ്പുകാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. നമ്മുടെ ഉള്ളിലേക്ക് തിരിഞ്ഞുനോക്കുവാനും പിതാവിനെക്കുറിച്ച് അവിടുത്തെ പക്കലേക്ക് മടങ്ങുവാനും നമ്മെ പ്രചോദിപ്പിക്കുന്ന കാലമാണ് നോമ്പുകാലം. പക്ഷേ, ഞാന്‍ മ്ലേച്ഛനാണ്, പല മോശമായ കാര്യങ്ങളും ചെയ്തു. അവിടുന്ന് എന്നോട് എന്ത് പറയും എന്നു നീ ആകുലപ്പെട്ടേക്കാം. എങ്കിലും മടങ്ങിച്ചെല്ലുക, അവിടുന്ന് നിന്റെ തെറ്റുകള്‍ ക്ഷമിക്കും. ഹോസിയ പ്രവാചകന് പറയുന്നു: ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്നേഹം ചൊരിയും. കാരണം അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു (ഹോസിയ: 14:4).
നമ്മുടെ ജീവിതത്തിലെ നിരവധിയായ മുറിവുകള്‍ പിതാവായ ദൈവം സുഖപ്പെടുത്തും. ദൈവത്തിലേക്ക് മടങ്ങുക എന്നതിനര്‍ത്ഥം പിതാവിന്റെ ആലിംഗനത്തിലേക്ക് മടങ്ങുക എന്നതാണ്. അത് ദൈവത്തിലേക്ക് പോകുകയല്ല, സ്വന്തം ഭവനത്തിലേക്ക് മടങ്ങിച്ചെല്ലുകയാണ്. ദൈവത്തിലേക്ക് മടങ്ങുന്ന നമ്മുടെ ശീലം മാംസം ധരിച്ചിരിക്കുന്ന കൂദാശയാണ് അനുരജ്ഞനം അഥവാ കുമ്പസാരം ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com