"ആറാം മണി നേരം മുതല്‍ ഒമ്പതാം മണി നേരം വരെ ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി; ഏകദേശം ഒമ്പതാം മണി നേരത്ത് യേശു: 'ഏലി, ഏലി, ലമ്മാ ശബക്താനി' എന്ന് ഉറക്കെ നിലവിളിച്ചു. 'എന്റെ ദൈവമേ! എന്റെ ദൈവമേ! നീ എന്നെ കൈവിട്ടതെന്ത് എന്നര്‍ത്ഥം" (മത്താ: 27:45-46).
ദൈവപുത്രനാണെന്ന് അവകാശം പറഞ്ഞവന് കുരിശില്‍ കിടന്ന് നിലവിളിച്ചു. അവന് പ്രാര്‍ത്ഥിക്കുകയായിരുന്നോ, നിലവിളിക്കുകയായിരുന്നോ? ഏലിയായെ വിളിക്കുന്നോ? വെള്ളം ചോദിക്കുന്നോ? ദൈവവും ഏലിയായും വന്നുവോ? അവന് വെള്ളം കൊടുത്തുവോ? ദൈവവും വന്നില്ല, ഏലിയായും വന്നില്ല. അവന് വെള്ളംകിട്ടിയില്ല. പകരം ഭൂമിയിലെങ്ങും ഇരുട്ട് വ്യാപിച്ചു. നട്ടുച്ചക്ക് ഇരുട്ട്. ഞാന്‍ ദേശത്തിന്റെ വെളിച്ചമാണെന്ന് പറഞ്ഞവന് ഭൂമിയിലെങ്ങും ഇരുട്ട്. ദൈവമില്ലാത്ത ഇരുട്ട്. ദൈവം എവിടെപ്പോയി? യേശു ദൈവമെങ്കില്‍ പിന്നെ ഏത് ദൈവത്തോടാണീ ചോദ്യം? യേശു കുരിശില്‍ പരിത്യക്തനായിരുന്നോ? "എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്" എന്ന യേശുവിന്റെ വാക്കിലേക്കും അവിടുത്തെ മനസ്സിലേക്കുമൊരു തീര്‍ത്ഥയാത്ര അഭികാമ്യമാണ്.
സങ്കീര്‍ത്തനങ്ങളിലെ മിശിഹാ പ്രവചനങ്ങളിലൊന്നാണ് കുരിശിലെ നാലാം തിരുമൊഴി. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് അങ്ങെന്നെ ഉപേക്ഷിച്ചു" (സങ്കീര്‍ത്തനം 22:1) എന്ന പരിത്യക്തന്റെ വേദനയും രോദനവുമാണ് ക്രിസ്തു കുരിശില്‍ ആവര്‍ത്തിക്കുന്നത്. ബാല്യത്തില്‍ ഹൃദിസ്ഥമാക്കുന്ന നമസ്കാരങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ ഏറ്റുചൊല്ലുക എന്നത് ഒരു യഹൂദ ജീവിതശൈലിയായിരുന്നു.
മരുഭൂമിയിലെ പ്രലോഭനം മുതല്‍ കാല്‍വരി കുരിശിലെ അവസാന മൊഴിവരെ എഴുപത്തിയൊന്ന് തവണ പഴയനിയമത്തില്‍ നിന്നുള്ള വാക്യങ്ങള്‍ യേശു ആവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രഭുത്വസ്വഭാവം വിശദീകരിക്കുന്നതും വെളിപ്പെടുന്നതുമായ വചനങ്ങളും, ദാസഭാവം സ്വീകരിക്കുന്ന മൊഴികളുമുണ്ട്. കുരിശിലെ അന്ധകാര നിമിഷങ്ങളില്‍ കാല്‍വരിക്കുന്നില്‍ നിന്നും ഈ വാക്യം മുഴങ്ങിക്കേള്ക്കുന്നതുവരെ ഈ വാക്യത്തില്‍ നിഗൂഢമായിരുന്ന അര്‍ത്ഥം തിരശ്ശീലക്കുള്ളില്‍ ഒതുങ്ങി ഇരുന്നതേയുള്ളൂ.
ഉപേക്ഷയുടെ വിലാപത്തില്‍ തുടങ്ങുന്ന സങ്കീര്‍ത്തനം അവസാനിക്കുന്നത് പ്രത്യാശയുടെ വിളക്കുകൊളുത്തിക്കൊണ്ടാണ്. "ഭാവിതലമുറയോട് കര്‍ത്താവിനെക്കുറിച്ചും, അവിടുന്ന് സംലഭ്യമാക്കിയ മോചനത്തെക്കുറിച്ചും അവര്‍ പറയും" എന്ന വിമോചനത്തിന്റെ കെടാവിളക്ക് കത്തിച്ചുവെച്ചുകൊണ്ടാണ് ഇരുപത്തിരണ്ടാം സങ്കീര്‍ത്തനം അവസാനിക്കുന്നത്. ദുഃഖവെള്ളിയില്‍ തുടങ്ങി, ഉയിര്‍പ്പുതിരുനാളില്‍ അവസാനിക്കാത്ത തിരുമൊഴികളുടെ പ്രഭാവലയം. "ദൈവമാണെന്റെ ഇടയന്, എനിക്കൊരു കുറവും വരില്ല" എന്നു ചൊല്ലി പ്രാര്ത്ഥിച്ചവന് ഇത് പാറമേല്‍ പണിത ഭവനമാണോ, മണലില്‍ പണിത ഭവനമാണോ എന്ന് ഉരച്ചുനോക്കാനുള്ള അവസരമാണ്. കുരിശില്‍ കിടന്നു കരഞ്ഞ യേശു ആ കരച്ചിലിനെ സങ്കീര്ത്തനമാക്കുന്നു.
അവിടുത്തെ വാക്കിനോടൊപ്പം പ്രധാനമാണ് അതുച്ചരിച്ച ക്രിസ്തുവിന്റെ മനസ്സും. മരണത്തിന് ഏതാനും മണിക്കൂര്‍ മുമ്പ് ആ പരമചൈതന്യത്തെ വിളിച്ച് യേശു ഇങ്ങനെ പ്രാര്‍ത്ഥിച്ചു: "പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ'." കുരിശിലെ വേദനയില്‍ അവന് ഉറക്കെ വിളിക്കുന്നു: "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ കൈവിട്ടതെന്തേ?" ദൈവം എന്നത് യേശുവിനും ദൈവത്തിനും അത്ര പരിചിതമായ അഭിസംബോധനയല്ല. 'അപ്പാ', 'പിതാവേ' എന്നൊക്കെയാണ് യേശു ഉപയോഗിക്കുക. വലിയ കഷ്ടതയുടെ നിമിഷങ്ങളില്‍ ഒരാള്‍ക്ക് ദൈവവുമായുള്ള അടുപ്പം തീരെ കുറയുകയും, താന്‍ ഉപേക്ഷിക്കപ്പെട്ടവനും, ദൈവത്താല്‍പോലും മറക്കപ്പെട്ടവനുമാണെന്ന ചിന്തയില്‍ കൊരുക്കപ്പെടുകയും ചെയ്യും. ദൈവത്തിന്റെ ഉപേക്ഷയില്‍ കൊരുക്കപ്പെട്ട മനസ്സ് എന്നതാണ് ആദ്യത്തെ ചിന്ത.
നിരാശയുടെ നീര്ച്ചുഴിയിലെന്ന് തോന്നിക്കുമെങ്കിലും പ്രത്യാശ കൈവിടാത്ത മനസ്സ് എന്നതാണ് രണ്ടാമത്തെ ചിന്ത. പ്രഥമ ശ്രവണത്തില്‍ പ്രകടമാകുന്നത് നിറഞ്ഞുകവിയുന്ന നിരാശയെന്ന് തോന്നുമെങ്കിലും, ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശതാധിപന് " ഈ മനുഷ്യന് സത്യമായും ദൈവപുത്രനാണെന്ന്" അഭിപ്രായപ്പെട്ടു. അവന്റെ നിലവിളിക്കും ഈ അഭിപ്രായ പ്രകടനത്തിനും മധ്യേ സംഭവിച്ച ചില കാര്യങ്ങളാണ് ഇതിനു കാരണം. തന്റെ ദ്രോഹകരോട് ക്ഷമിച്ചതും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതും, "അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു" എന്നുപറഞ്ഞ് പ്രാണനെ കയ്യാളിയതും ക്രിസ്തു നിരാധാരനും നിരാശനുമെന്നവണ്ണം തോന്നിപ്പിക്കുന്നു എന്ന വാദത്തെ ഖണ്ഡിക്കുതാണ്.
"ഇതാ ദൈവത്തിന്റെ കുഞ്ഞാട്, ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍" എന്ന സാക്ഷ്യപത്രം മനസ്സില്‍ ഉറപ്പിച്ചവനായതു കൊണ്ട് തന്റെ പാപയാഗം മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് പരിഹാരം വരുത്തുവാനാണെന്ന ചിന്തയാണ് മൂന്നാമത്തേത്. ഈ പാപയാഗം ശാരീരിക ദണ്ഡനങ്ങളിലോ ദുരിതങ്ങളിലോ കേന്ദ്രീകരിച്ചു നില്ക്കുന്നതല്ല. പാവനവും നിഷ്ക്കളങ്കവുമായ തന്റെ അന്തരാത്മാവില്‍ പാപത്തിന്റെ ഭവിഷ്യങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍, കണ്ണീരോടും നിലവിളിയോടും കൂടെ അപേക്ഷയും അഭയയാചനയും കഴിക്കേണ്ടി വന്നു എന്നതാണ് പരമാര്‍ത്ഥം. ദൈവകുഞ്ഞാടിന്റെ പ്രാണനെ പാപത്തിനു യാഗമായി അര്‍പ്പിക്കുകയായിരുന്നു.
ഇരുട്ടിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശം ലഭിക്കും എന്ന സെഖര്യായുടെ ഗീതകം അവന്റെ മരണനേരത്ത് ഭൂമി മുഴുവന്‍ പരന്നു. ഇരുട്ടിനെ ഉത്ഥാനത്തിന്റെ ഉദയരശ്മിയിലേക്കുള്ള പകര്ാന്നട്ടത്തിന് ഇടയാക്കി എന്നതാണ് നാലാമത്തെ മൊഴിയുടെ നാലാമത്തെ മനസ്സ്. മൂന്നാം മണിമുതല്‍ ആറാം മണിവരെ അതായത് ഇന്നത്തെ ഒമ്പതുമണി മുതല്‍ ഉച്ചയുടെ പന്ത്രണ്ടുമണി വരെ സൂര്യന് ക്രൂശില്‍ പ്രകാശംവീശി നിന്നു. എന്നാല്‍ പെട്ടെന്ന് അന്തരീക്ഷം കാര്‍മേഘപടലങ്ങളാല്‍ മൂടപ്പെട്ടു. ആറാം മണി മുതല്‍ ഒമ്പതാം മണി വരെ എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ പന്ത്രണ്ടു മണി മുതല്‍ മൂന്നു മണിവരെ ദേശത്തെങ്ങും ഇരുട്ടുവ്യാപിച്ചു. പുനര്‍ജനി ഗുഹയുടെ ഇരുട്ടിലൂടെ നൂണിറങ്ങി പ്രകാശം കണ്ട് സായൂജ്യമടയും പോലെ മരണത്തിന്റെ ഇരുള് നൂണ്ട് ഉത്ഥാനത്തിന്റെ മഹിമയേറിയ പ്രകാശം ധരിക്കും എന്ന വിശ്വാസം ഭീതിപ്പെടാതെ ധൈര്യപൂര്‍വ്വം ഇവയെ നേരിടാന്‍ ക്രിസ്തുവിനെ പ്രാപ്തനാക്കി.
അപ്രതീക്ഷിതവും പ്രതികൂലവുമായ സംഭവങ്ങള്‍ ഒന്നിനു പുറകേ ഒന്നായിവന്ന് ഏറ്റുമുട്ടുമ്പോള്‍ "ദൈവം എന്നെ കൈവിട്ടോ" എന്നും" എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോട് പരിഭവം" എന്നും നാം ചോദിക്കുക സാധാരണം. എന്നിട്ടും ദുഃഖവെള്ളിയുടെ കാല്‍വരി കയറുന്നവര്‍ ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു - ജോബിനേപ്പോലെ, കുരിശില്‍ കിടന്ന് പ്രാര്‍ത്ഥിച്ച യേശുവിനേപ്പോലെ. ഒന്നിനുംവേണ്ടിയിട്ടല്ല അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ഉത്തരം കിട്ടാതെ അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. സഹിക്കുന്നവന്റെ സഹന ദുരിതങ്ങളുടെ ജീവിതമാണ് പ്രാര്‍ത്ഥന.
"ഏലി, ഏലി ലാമാ സബക്താനി."
"എന്റെ ദൈവമേ, എന്റെ ദൈവമേ
എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?"