പേരന്റിംഗില്‍ പണ്ടുമുതലെ അച്ഛനെ അകറ്റിനിര്‍ത്തിയിരുന്നു സമൂഹം. അപ്പം തേടി പുറത്തേക്ക്പോകുന്ന അച്ഛന് മക്കളെ വളര്‍ത്തുന്നതില്‍ എന്തു കാര്യം എന്നായിരിക്കും അന്നത്തെ സമൂഹം ഒരു പക്ഷേ ചിന്തിച്ചിട്ടുണ്ടാകുക. മാത്രമല്ല, സമൂഹം പലപ്പോഴും അച്ഛനെ ഒരു ഏകാധിപതിയുടെ, നിയമപാലകന്റെ കുപ്പായം അണിയിക്കുകയും വീട്ടിലെ പോലീസുകാരനായി മുദ്രകുത്തുകയും ചെയ്തിരുന്നു. മദേര്‍സ് ഡേ നാം ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോഴും ഫാദേര്‍സ് ഡേ എന്നൊരു സങ്കല്പത്തിന് ആരും വേണ്ടത്ര വിലകല്പിച്ചില്ല.
പേരന്റിംഗില്‍ അച്ഛന്റെ സാന്നിിധ്യവും ഇടപെടലും കട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് മനശാസ്ത്രപഠനങ്ങള്‍ തെളിയിക്കുന്നു.
പിതാവിന്റെ സ്നേഹസാമിപ്യം ജനനം മുതല്‍ നിരന്തരമായി അനുഭവിക്കുന്ന മക്കള്‍ കൂടുതല്‍ സുരക്ഷിതരും ആത്മവിശ്വാസമുള്ളവരും വൈകാരിക പക്വതയുള്ളവരുമായിരിക്കുമെന്ന് 'പിതാക്കന്മാരും കുട്ടികളുടെ ക്ഷേമത്തില്‍ അവര്‍ക്കുള്ള സ്വാധീനവും' എന്ന വിഷയത്തെ അധികരിച്ച് നടത്തിയ മനശാസ്ത്രപഠനം പറയുന്നു.
പേരന്റിംഗ് രംഗത്ത്, പണ്ടുമുതലെ, അച്ഛനെക്കാള്‍ പലപ്പോഴും അമ്മയ്ക്കാണ് പ്രാധാന്യം. മാധ്യമങ്ങളും പുസ്തകങ്ങളും കുഞ്ഞുങ്ങളെ വളര്ത്തുതില് അമ്മയുടെ പങ്കിനെക്കുറിച്ച് വാതോരാതെ പ്രഘോഷിക്കാറുണ്ടെങ്കിലും പിതാവിനെക്കുറിച്ച് മൗനത്തിലായിരുന്നു.
മിച്ചിഗണ്‍ യൂനിവേഴ്സിറ്റിയിലെ മൈക്കല്‍ ലാംബ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കുഞ്ഞുങ്ങള്‍ക്ക് മാതാവിനോടുള്ള ഇഷ്ടവും മമതയും ഒട്ടും കുറയാതെ തന്നെ പിതാവിനോടും ഉണ്ടെന്നാണ്. ഏഴ് മാസം മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികളില്‍ അദ്ദേഹം നടത്തിയ പരീക്ഷണത്തില്‍, അമ്മ അവരില്‍ നിന്ന് മാറിനില്ക്കുമ്പോള് കുഞ്ഞിനുണ്ടാകുന്ന അതേ പ്രതികരണം തന്നെയാണ് അച്ഛന് അവരെ വിട്ട് മാറിനില്ക്കുമ്പോഴും കുഞ്ഞിനുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അച്ഛന് ഒരു പോലെ പ്രിയങ്കരനാണ്. സ്നേഹസമ്പന്നനായ ഒരു പിതാവിന്റെ സാന്നിധ്യം കുഞ്ഞുങ്ങളില്‍ വളരെ പോസിറ്റീവായ മാറ്റങ്ങളും വളര്‍ച്ചയും ഉണ്ടാക്കുന്നു.
നല്ല അച്ഛന് നല്ല റോള്‍ മോഡലാണ് ആണ്കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും. ഒന്നും അടിച്ചേല്‍പ്പിക്കാതെ, ആവശ്യത്തിന് സ്വാതന്ത്യം നല്കി കുഞ്ഞുങ്ങളോടൊപ്പം സമയം ചിലവഴിക്കുന്ന പിതാവുള്ള കുഞ്ഞുങ്ങള്‍ക്ക് മാനസികവും ബൗദ്ധികവുമായ വളര്‍ച്ച കൂടുതലായിരിക്കുമത്രെ.
വിവാഹമോചനം വഴിയോ മറ്റോ പിതാവില്‍ നിന്നും അകന്നുകഴിയേണ്ടിവരുന്ന കുഞ്ഞുങ്ങളില്‍ പ്രതികൂലമായ ഭാവങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍, ജോലിക്കാര്യത്തിനോ മറ്റോ ആയി മക്കളോടൊപ്പം താമസിക്കാന്‍ കഴിയാത്ത പിതാക്കന്മാര്ക്കും കുഞ്ഞുങ്ങളുമായി നിരന്തര സമ്പര്‍ക്കത്തിലൂടെ ആ കുറവ് പരിഹരിക്കാനാകുമത്രെ. മക്കളും അപ്പനുമായുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതിന് പ്രചോദനമോകാന് മാതാവിനു കഴിയും.
അപ്പന്റെ സജീവമായ പങ്കാളിത്തം കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നു. മാനസികവും വൈകാരികവുമായ വളര്‍ച്ച, ലിംഗവ്യതിയാനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, ഉത്തരവാദിത്വങ്ങള്‍ എന്നീ രംഗത്തെല്ലാം വ്യക്തമായ കാഴ്ചപ്പാടുകള്‍ കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ അച്ഛന്രെ സാന്നിധ്യത്തിനും കരുതലിനും കഴിയും.
പിതാവുമായ സുദൃഡവും സമഗ്രവുമായ ബന്ധം പുലര്‍ത്തുന്ന മക്കള്‍ ഭാവിയില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിത്തീരും.
നവജാതശിശുവിന് അമ്മ സ്നേഹവും പരിലാളനയും നല്കുമ്പോള് അച്ഛന് സുരക്ഷയും കരുതലും നല്കുന്നു. ശിശു വളരുന്നതനുസരിച്ച്, സുരക്ഷിതത്വം നല്കുന്നവന് എന്നതില്‍ നിന്ന് അച്ഛന്റെ റോള്‍ മാര്‍ഗ്ഗദര്‍ശി എന്ന നിലയിലേക്ക് മാറുന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കാനും ചിരിക്കാനും കളിക്ക് പരിധിവെക്കാനും അച്ഛനെപ്പോലെ അമ്മയ്ക്ക് കഴിയില്ല.
ഉപജീവനത്തിനുവേണ്ടി അഹോരാത്രം അദ്ധ്വാനിക്കുകയും എന്നാല്‍ മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന അപ്പന്മാരും, ജീവിതയാത്രയില്‍ കാലിടറി, മക്കള്‍ക്ക് വഴിവിളക്കാകാന്‍ കഴിയാതെ പോകുന്ന അപ്പന്മാരും ലോകത്തിലുണ്ട്. എന്നാല്‍ ആയിരിക്കുന്ന അവസ്ഥയില്‍ പിതാവിനെ സ്നേഹിക്കുകയാണ് മക്കള്‍ ചെയ്യേണ്ട കാര്യം.
സുഹൃത്ത്, കളിക്കൂട്ടുകാരന്, സംരക്ഷകന്‍, റോള്‍ മോഡല്‍, പരിപാലകന് ഇതെല്ലാമാണ് സത്യത്തില്‍ ഇത്രയും കാലം സത്യത്തിലാരും തിരിച്ചറിയാതെ പോയ അപ്പന്.