നല്ല കാര്യങ്ങള്‍ മറക്കാതെ സൂക്ഷിക്കുക
ജോര്‍ജ് .കെ. ജെ - ഒക്ടോബർ 2019
രണ്ടു സുഹൃത്തുക്കള്‍ ഒരു മണല്ക്കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകുന്ന വഴിക്ക് എന്തോ പറഞ്ഞ് അവര്‍ വഴക്കിട്ടു. പെട്ടെന്ന് ദ്വേഷ്യം സഹിക്കാന്‍ കഴിയാതെ അതിലൊരാള്‍ മറ്റവന്റെ കരണത്തടിച്ചു. അടികൊണ്ട സഹോദരന് മറുപടി ഒന്നും പറഞ്ഞില്ല. അവന് കുനിഞ്ഞ് മണലില്‍ ഇങ്ങനെ എഴുതിയിട്ടു: ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ മുഖത്ത് അടിച്ചു.
അവര്‍ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. കുറെ ദൂരം ചെന്നപ്പോള്‍ ഒരു പുഴ കണ്ടു. ഏതായാലും ഒന്ന് കുളിച്ചുകളയാമെന്ന് കരുതി അവര്‍ പുഴയിലിറങ്ങി. നേരത്തെ അടികിട്ടിയ സുഹൃത്ത് അടിതെറ്റി വെള്ളത്തില്‍ വീണ് മുങ്ങിത്താണു. എന്നാല്‍ വെള്ളത്തില്‍ മുങ്ങിപ്പോകാതെ അവന്റെ സുഹൃത്ത് അവനെ രക്ഷിച്ചു. കരയ്ക്കെത്തിയ അവന് അല്പനേരം മൗനമായി ഇരുന്നു. അതിനുശേഷം അവിടുത്തെ പാറയില്‍ ഇങ്ങനെ എഴുതി: ഇന്ന് എന്റെ സുഹൃത്ത് എന്റെ ജീവന് രക്ഷിച്ചിരിക്കുന്നു.
ജീവന് രക്ഷിച്ച സുഹൃത്ത് ചോദിച്ചു നീ എന്തുകൊണ്ടാണ് ഞാന്‍ അടിച്ച കാര്യം മണലിലെഴുതിയത്. ഇപ്പോള്‍ ഞാന്‍ രക്ഷിച്ചത് നീ പാറയിലാണല്ലോ എഴുതിയത്.
ആ സുഹൃത്ത് പറഞ്ഞു. മറ്റുള്ളവര്‍ നമ്മെ വേദനിപ്പിക്കുമ്പോള്‍ അത് മണലിലെഴുതുക. കാരണം ക്ഷമയുടെ കാറ്റടിക്കുമ്പോള്‍ അത് മാഞ്ഞുപോകും. മറ്റുള്ളവര്‍ നമ്മെ സഹായിക്കുമ്പോള്‍ അത് പാറയിലെഴുതുക, ഒരു കാറ്റിനും അത് മായ്ക്കാന്‍ കഴിയരുത്.
Send your feedback to : onlinekeralacatholic@gmail.com