പ്രത്യാശ നിറയ്ക്കുന്ന ഉയിര്‍പ്പുതിരുന്നാള്‍
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ്
കാതോലിക്ക ബാവാ
മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ചുബിഷപ് - ഏപ്രിൽ 2020
ഏപ്രില്‍ 2020
ഒരു മരത്തടിക്ക് പൂക്കാലം ഭവിക്കുന്ന അനുഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്. യേശുവിനെ ഏറ്റവും നിന്ദ്യമായ രീതിയില്‍ വധിക്കുന്നതിന് യഹൂദര്‍ ഉപയോഗിച്ച രണ്ടു മരക്കഷണങ്ങള്‍ ലോകജനതയ്ക്ക് രക്ഷയുടെ അടയാളമായി മാറുന്നുവെന്നുള്ളതു യേശുവിന്റെ ഉയിര്‍പ്പ് മനുഷ്യന് എന്ത് മാറ്റമാണ് വരുത്തുന്നത് എന്നതിന്റെ സൂചനയാണ്. നിങ്ങള്‍ കല്ലെറിയുന്നതിന് എന്നില്‍ എന്ത് കുറ്റമാണ് കണ്ടത് എന്ന യേശുവിന്റെ ചോദ്യം സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യപുത്രനെ നിങ്ങള്‍ കുരിശില്‍ ഉയര്‍ത്തിക്കഴിയുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും ഞാന്‍ ദൈവത്തില്‍ നിന്നാണെന്ന്. ഒരു പൈതലായി യേശു ഈ ലോകത്തില്‍ ആരംഭിച്ചതും തുടര്‍ന്നതും ഉത്ഥാനം വഴി നിത്യജീവിനലേക്ക് പ്രവേശിച്ചതും വഴിയായി യേശുവിലൂടെ ദൈവികപദ്ധതി നിറവേറുകയാണ്. യേശുവില്‍ സംഭവിക്കുന്ന ഉയിര്‍പ്പ് എല്ലാ മനുഷ്യരിലും സംഭവിക്കും. സംശയരഹിതമായി വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നു. ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥം, നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.
കൊറോണയുടെ ഭയത്തിലും ആകുലതയിലുമാണ് ലോകജനത മുഴുവന്‍. വികസിതമെന്നു വിളിക്കുന്ന രാജ്യങ്ങള്‍ പോലും വലിയ ഭയത്തിലാണ്. ആരില്‍ അഭയം പ്രാപിക്കും. രോഗത്തിന്റെ മേലും മരണത്തിന്റെമേലും അധികാരമുള്ള ദൈവത്തിലല്ലാതെ ആരില്‍ നാം അഭയപ്പെടും. മനുഷ്യസ്നേഹമുള്ള ആ ദൈവത്തെ നാം പരിചയപ്പെടുന്നത് മനുഷ്യന്റെ വേദനകളിലൂടെ കടന്നു പോയ യേശുവിലൂടെയാണ്. ഈ വേദനയുടെ നടുവില്‍ നാം ഒറ്റയ്ക്കല്ല. നമുക്കു വേണ്ടി വേദനിച്ച യേശു കൂടെയുണ്ട്. കൊറോണയുടെ ഭയത്തിനും മുകളില്‍ യേശുവിന്റെ ഉയിര്‍പ്പ് നല്കുന്ന ജീവന്റെ പ്രത്യോശ നിറയെട്ടെയന്നു പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ എല്ലാ അനുഗ്രഹങ്ങളും ഏവര്‍ക്കും നേരുന്നു.
Send your feedback to : onlinekeralacatholic@gmail.com