മൊബൈൽ ആണ് വില്ലൻ
ജെയ്സണ്‍ പീറ്റര്‍ - ഡിസംബർ 2019
പണ്ടൊക്കെ പാട്ടുപാടിയും കാഴ്ചകള്‍ കാട്ടിക്കൊടുത്തുമാണ് കുഞ്ഞുങ്ങളെ അടക്കിയിരുത്തുകയും ഭക്ഷണം കഴിപ്പിക്കുകയും ചെയ്തിരുന്നത്. എന്നാല്‍ മൊബൈലും ടിവിയും വീട്ടില്‍ സ്ഥാനം പിടിച്ചതോടെ അമ്മമാരുടെ പണി എളുപ്പമായി. ടെലിവിഷന്‍ ഓണ്‍ ചെയ്തു കൊടുത്താല്‍ അല്ലെങ്കില്‍ മൊബൈല്‍ കളിക്കാന്‍ കൊടുത്താല്‍ കുഞ്ഞുങ്ങള്‍ മണിക്കൂറുകളോളം അതുമായി ഇരുന്നുകൊള്ളും. കാര്യം നിസാരം. പക്ഷേ, പ്രശ്നം ഗുരുതരമാണെന്നാണ് ഫ്രാന്‍സിലെ ഗവേക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അവര്‍ അതിനെതിരെ അപായമണി മുഴക്കുകയും ചെയ്തിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ വളരെ ചെറുപ്പത്തിലെയുള്ള ഇലക്ട്രോണിക്സ് സ്ക്രീന്‍ ഉപയോഗം വളരെ അപകടകരമാണെന്നാണ് കണ്ടെത്തല്‍. ഫ്രഞ്ച് സ്ക്രീന്‍ എക്സ്പോഷര്‍ കളക്ടീവ് നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലെ മോണ്ഡെയില് എന്ന ഫ്രഞ്ച് പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ക്ക് മൊബൈലും ടിവിയും ടാബും കൊടുക്കുന്നത് അവരുടെ ബുദ്ധിപരമായ കഴിവുളെയും ചിന്താശേഷിയെയും ഗുരുതരമായി ബാധിക്കുന്നുവെന്നാണ് പറയുന്നത്. ഇവയെല്ലാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.
ഫ്രാന്‍സിലെ നാഷണല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കനുസരിച്ച് അവിടെ കുട്ടികളില്‍ ഇന്റെലക്ച്വല്‍ ആന്റ് കോഗ്നിറ്റീവ് ഡിസോര്ഡറുകള് അസാധാരണമായ വിധത്തില്‍ കൂടുക്കൊണ്ടിരിക്കുകയാണ്. 2 വയസിനും 11 വയസിനും ഇടയിലുള്ള കുട്ടികളില്‍ ഇലക്ട്രോണിക്സ് സ്ക്രീനിന്റെ അമിതമായ ഉപയോഗം മൂലം ബുദ്ധിപരവും ചിന്താപരവുമായ വൈകല്യങ്ങള്‍ വളരെയധികം കൂടിയിട്ടുണ്ടത്രെ. 2010 മുതല്‍ ഇന്റല്ക്ച്വല്‍, കോഗ്നിറ്റീവ് പ്രശ്നങ്ങള്‍ക്ക് അടിമപ്പെട്ട കുട്ടികളുടെ എണ്ണത്തില്‍ 24 ശതമാനം വര്ദ്ധനവുണ്ടായിയെന്നും, മാനസികമായ പ്രശ്നങ്ങള്‍ 54 ശതമാനവും, സ്പീച്ച് ആന്റ് ലാംഗ്വേജ് വൈകല്യങ്ങള്‍ 94 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നു. 10 വര്‍ഷത്തിനുള്ളില്‍ മൊബൈലിന്റെയും ടെലിവിഷന്റെയും അമിതമായ ഉപയോഗം കൊണ്ട് സ്വയം പ്രകടിപ്പിക്കുന്നതിലും പഠിക്കുന്നതിലും വികാരങ്ങള്‍ നിയന്ത്രിക്കുന്നതിലും കുട്ടികള്‍ വളരെയധികം പിന്നോട്ടു പോയിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
കുഞ്ഞുങ്ങളില്‍ അമിതമായ എക്സ്പോഷര്‍ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിരുന്നു. അമിതമായ എക്സ്പോഷര്‍ കുഞ്ഞുങ്ങളില്‍ ഉറക്കക്കുറവിനും ഭാഷാ വൈകല്യങ്ങള്‍ക്കും അറ്റന്ഷന് സീക്കിംഗ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുവെന്നും ചൈല്‍ഡ് സൈക്കോളജിസ്റ്റുമാരും പീഡിയാട്രീഷന്മാരും ഒരേ സ്വരത്തില്‍ പറയുന്നു. മുതിർന്ന കുട്ടികളില്‍ ഇത് ആകുലതകള്‍ക്കും ഡിപ്രഷനും കാരണമാകുന്നു. മാത്രമല്ല ശാരീരികമായ പ്രവര്‍ത്തനങ്ങളെയും കാഴ്ചയെയും ഇത് ബാധിക്കുന്നു. മുന്ന് വയസ്സിനുമുമ്പ് ഒരു കാരണവശാലും കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കരുതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
മൊബൈല്‍,ടെലിവിഷന്‍ അമിതമായ ഉപയോഗത്തില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനുള്ള യുദ്ധം വളരെ കഠിനമായിരുന്നേക്കാം. പക്ഷേ, കുട്ടികളുടെ സ്ക്രീന്‍ സമയം കുറച്ച് അവരെ രക്ഷിക്കുവാനുള്ള കടമയില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ഒരിക്കലും ഒഴി്ഞ്ഞുമാറാനാവില്ലെന്നും ഗവേഷകര്‍ പറയുന്നു. കളികളും കഥകളും കുട്ടികളുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതാണ് ഉത്തമം, അതിലൂടെ മാത്രമെ അവരുടെ ഭാവി സമ്പുഷ്ടമാകു.
Send your feedback to : onlinekeralacatholic@gmail.com