നോമ്പെന്ന ആത്മീയ ഡയറ്റിംഗ്
ജെയ്സണ്‍ പീറ്റര്‍ - ഏപ്രിൽ 2019
ഡയറ്റിംഗ് ആധുനിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ശരീര സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനാണെങ്കിലും രോഗനിയന്ത്രണത്തിനാണെങ്കിലും ഡയറ്റിംഗ് സര്‍വ്വസാധാരണമാണ്. ഇഷ്ടപ്പെട്ട ഭക്ഷണമൊന്നും കഴിക്കാതെ, ശരീരം തടിയ്ക്കാതിരിക്കാന് പലരും കാണിക്കുന്ന പെടാപ്പാട് കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. ഇഷ്ടമുള്ളതെല്ലാം വേണ്ടെന്ന് വെയ്ക്കുന്നതില്‍ നമുക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. കാരണം ഡയറ്റിംഗിലൂടെ ശരീരത്തിന്റെ രൂപഭംഗി കാത്തുസൂക്ഷിച്ചാലേ സുന്ദരന്മാരും സുന്ദരിമാരും ആകൂ. കൊളസ്ട്രോളും ഷുഗറും കൂടിയാല്‍ പിന്നെ നാം ഡോക്ടര്‍മാര്‍ പറയുന്നത് അതുപോലെ അനുസരിക്കും. മാംസവും കൊഴുപ്പുകൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും നാം നിരസിക്കും. നോമ്പുകാലവും ഡയറ്റിംഗിന്റെ കാലമാണ്. ആത്മാവിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുവാനും ആത്മാവിന്റെ ദുര്‍മേദസ്സ് അകറ്റുന്നതിനും സ്പിരിച്ച്വല്‍ ഡയറ്റിംഗ് കൂടിയേ തീരൂ.
ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നതില്‍ ഏതറ്റം വരെയും പോകാന്‍ നാം തയാറാണ്. എന്നാല്‍ തിന്മയാകുന്ന കൊഴുപ്പടിഞ്ഞ് ദൈവത്തിലേയ്ക്കുള്ള വഴികള്‍ അടഞ്ഞുകിടക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യവും ആരോഗ്യവും നാം ശ്രദ്ധിക്കാറേയില്ല. നോമ്പുകാലം ആത്മാവിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള കാലമാണ്. തിന്മയുടെ മാറാലകള്‍ അടിച്ചുവൃത്തിയാക്കി ദൈവത്തെ വീണ്ടും ആത്മാവില്‍ പ്രതിഷ്ഠിക്കുവാനുള്ള കാലം.
സഭയുടെ ആരംഭം മുതല്‍ നോമ്പുകാലത്ത് ഉപവാസമനുഷ്ഠിച്ചും പ്രാര്‍ത്ഥിച്ചും ഈസ്റ്ററിനുവേണ്ടി ഒരുങ്ങുന്ന പാരമ്പര്യമുണ്ടായിരുന്നു. ഇന്ന് ഉപവാസത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. പഴയതുപോലെ കുടുംബാംഗങ്ങളെല്ലാം മാംസവും മീനും ഉപേക്ഷിക്കുന്ന പാരമ്പര്യമൊക്കെ ഇന്ന് അന്യം നിന്നുപോയിരിക്കുന്നു. ഇപ്പോള്‍ പല വീട്ടിലും നോമ്പും ഉപവാസവും അമ്മമാരുടെയും പെങ്ങന്മാരുടെയും മാത്രം ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.
നോമ്പിന് കത്തോലിക്ക മതത്തില്‍ മാത്രമല്ല, എല്ലാ മതത്തിലും വേരുകളുണ്ട്. ഹിന്ദുമതത്തിലും ബുദ്ധമതത്തിലും ഇസ്ലാമതത്തിലും ഉപവാസം പ്രസക്തമാണ്. എന്നല്‍ മറ്റ് മതങ്ങളില്‍ നിന്നെല്ലാ വ്യത്യസ്തമാണ് കത്തോലിക്ക സഭ നിര്‍ദ്ദേശിക്കുന്ന ഉപവാസം. നമുക്കിഷ്ടമില്ലാത്തത് നാം വേണ്ടെന്നുവെക്കുന്നത് ശരീരത്തെ കീഴടക്കുവാനോ, പീഡിപ്പിക്കുവാനോ അല്ല. മറിച്ച് ദൈവത്തില്‍ നിന്ന് നമ്മെ അകറ്റിനിറുത്തുന്ന തടസ്സങ്ങളെ കീഴടക്കാനാണ്.
ഇതരമതങ്ങള്‍ മതാചരങ്ങളുടെ അനുസരണത്തിന്റെ ഭാഗമായോ, നിര്‍വാണം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗമായോ ഉപവാസത്തെ കാണുന്നു. എന്നാല്‍ നാം ഉപവസിക്കുന്നത് 40 രാവും 40 പകലും ഉപവസിച്ച ക്രിസ്തുവിനോടൊപ്പമാണ്. ആത്മസാക്ഷാത്ക്കാരത്തെക്കാളുപരി ദൈവസാക്ഷാത്ക്കാരമാണ് അതിന്റെ ലക്ഷ്യം. ക്രിസ്തു ഉപവസിച്ചത് പിതാവിനോടുള്ള ഏകാന്ത സംഭാഷണത്തിനായിരുന്നു. ദൈവം ഭരമേല്പിച്ചിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുവാനുള്ള ശക്തി യേശു സംഭരിച്ചത് ഉപവാസത്തിലൂടെയും പ്രാര്ത്ഥനയിലൂടെയുമായിരുന്നു.
പിന്തിരിഞ്ഞുനോക്കുന്നതിനും ദൈവത്തോട് ചേര്‍ന്ന് പോകുന്നതിനും ഉള്ള കാലമാണ് നോമ്പുകാലം. പിന്തിരിഞ്ഞുനോക്കാത്ത ജീവിതം ജീവിക്കപ്പെടാന്‍ അര്‍ഹതയുള്ളതല്ല. ആത്മീയതയും അച്ചടക്കവുമില്ലാത്ത ജീവിതത്തിനുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ നോമ്പാചരണം നമ്മെ സഹായിക്കും.
നോമ്പുകാലം നാം ഇതുവരെ ജീവിച്ചതില്‍ നിന്നും വ്യത്യസ്തമായി ജീവിക്കുവാനുള്ള ആഹ്വാനമാണ്. ഭക്ഷണം ഒഴിവാക്കുന്നതിനെക്കാള്‍ അത് ഇല്ലാത്തവനുമായി പങ്കുവെക്കാന്‍ തയാറാകുമ്പോഴാണ് നോമ്പ് പൂര്‍ണമാകുന്നത്. ദാനദര്‍മ്മം പോലെ നോമ്പുകാലത്തിന് തിളക്കമേകാന്‍ മാറ്റൊന്നിനുമാകില്ല. മാത്രമല്ല, നോമ്പുകാലം ഉണ്ണാനും ഉടുക്കുവാനുമില്ലാത്തവന്റെ ജീവിതവുമായി താദാത്മ്യപ്പെടുവാനുമുള്ള ഒരു അവസരം കൂടിയാണ്. ഉപവാസത്തിന്റെ ആത്യന്തികലക്ഷ്യം നമ്മുടെ സഹോദരങ്ങളിലേയ്ക്കും സഹായം എത്തിക്കുക എന്നതാണ്. വി. യോഹന്നാന് ചോദിക്കുന്നു ഒരുവന് തന്റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? (യോഹ: 3:17)
Send your feedback to : onlinekeralacatholic@gmail.com