വീട്ടിലിരുന്നു കുര്‍ബാന കണ്ടാല്‍ പോരേ? ദേവാലയത്തില്‍ പോകേണ്ട കാര്യമുണ്ടോ?
ഇതാ.പള്ളിയില്‍ പോകണമെന്ന് പറയാന്‍ അഞ്ച് കാരണങ്ങള്‍.
ജോര്‍ജ് കൊമ്മറ്റം - ഫെബ്രുവരി 2023
ലോക്ക്ഡൗണ്‍ വന്ന് ലോക്കാക്കിയതോടെ ഞായറാഴ്ച പോലും പള്ളിയില്‍ പോകാന്‍ മടി കൂടിക്കൂടി വരുന്നു. എന്നാല്‍ ചിലര്‍ക്ക് ജീവിതം വളരെ തിരക്കേറിയതും സങ്കീര്‍ണവുമാണ്. ദൈവത്തിനു കൊടുക്കാനും ദേവാലയത്തില്‍ പോകുവാനും നമുക്ക് സമയമില്ലാതായിപ്പോകുന്നു. കുടുംബത്തിലെ ഓരോരോ ഫംങ്ഷനുകള്, ജോലിത്തിരക്ക്, വീട്ടിലെ ക്ലീനിംഗ്, കുട്ടികളുടെ ട്യൂഷന് എന്നുവേണ്ട സകലമാന കാര്യങ്ങള്‍ക്കും ആകെയുള്ളത് ഒരു ഞായറാഴ്ചയാണ്. പിന്നെന്തു ചെയ്യും, ചിലര്‍ ചോദിക്കുന്നു.
ഞായറാഴ്ച പള്ളിയില്‍ പോകണമെന്ന് കര്‍ശനമായി വാശിപിടിച്ചിരുന്ന മാതാപിതാക്കളും ഗ്രാന്‍ഡ് പേരന്റസും ഇപ്പോള്‍ നിശബ്ദരായി. ആരും പുഷ് ചെയ്യാത്തതുകൊണ്ട് പള്ളിയിലേക്കുള്ള വഴി തന്നെ മറന്നുതുടങ്ങിയിരിക്കുന്നു പലരും. വീട്ടിലിരുന്നു കുര്‍ബാന കണ്ടാലും പോരേ എന്ന് വീട്ടിലിരുന്ന് സുഖംപിടിച്ചവര് ചോദിക്കുന്നു. ഇനിയും പള്ളിയില്‍ പോകണോ എന്ന് ന്യൂജെന്‍സ്. പള്ളിയില്‍ പോയിട്ടെന്തുകാര്യം എന്ന് ചിലരൊക്കെ വെട്ടിത്തുറന്ന് ചോദിക്കുന്നു. അങ്ങനെ ചോദിക്കുന്ന മിടുക്കന്മാര്ക്ക് ഉള്ളതാണ് ഇത്.
ദൈവം പറഞ്ഞതുപോലെ ചെയ്യുന്നുവെന്ന ഒരു ഫീലിംഗ് മാത്രമല്ല ഞായറാഴ്ച ദേവാലയത്തില്‍പ്പോയി ബലിയര്‍പ്പിച്ചതുകൊണ്ട് നമുക്ക് കിട്ടുന്നത്. ദേവാലയത്തില്‍ സ്ഥിരമായി പോയി എന്നതുകൊണ്ടുമത്രം നമുക്ക് മറ്റുള്ളവരെക്കാള്‍ വലിയ മേന്മയൊന്നും കിട്ടാനുമില്ല. കാരണം, ദേവാലയം പോകാനുള്ള ഒരു സ്ഥലം മാത്രമല്ല നമുക്ക്. അത് നാം ആജീവനനാന്തം ഭാഗമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശരീരമാണ്. ക്രിസ്തുവിന്റെ ശരീരവുമായി ചേര്‍ന്ന് ജീവിക്കുന്നതിന്റെ മൂല്യം അപാരവും അളക്കാനാവാത്തതുമാണെന്ന് പറയേണ്ടതില്ലല്ലോ. ദേവാലയത്തില്‍ പോകാന്‍ ഒട്ടുമിഷ്ടമില്ലെങ്കിലും ഉണ്ടെങ്കിലും ദേവാലയത്തില്‍ പോകണമെന്ന് പറയുവാനുള്ള 5 കാരണങ്ങളിതാ...
1. വചനം കേള്‍ക്കാന്‍
ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് (ഹെബ്ര 4:12). ദേവാലയത്തില്‍പോയി ദൈവവചനം കേള്‍ക്കുമ്പോള്‍, നാം ക്രിസ്തുവിനെ വ്യത്യസ്തമായ വിധത്തില്‍ അനുഭവിക്കുന്നു, വീട്ടിലിരുന്ന് ടെലിവിഷനില്‍ കുര്‍ബാന കാണുന്നതുപോലെയല്ല, അതിനെക്കാള്‍ കൂടുതല്‍ സജീവമായിത്തന്നെ. ദൈവം കല്പിച്ചിരിക്കുന്നത് സത്യം പ്രഘോഷിക്കുവാനാണ്. കാരണം പ്രഘോഷിക്കുമ്പോള്‍, ദൈവവചനം നമ്മെ മാറ്റിമറിക്കുന്നു; പാപികളെ അനുതാപത്തിലേക്ക് നയിക്കുന്നു; നഷ്ടപ്പെട്ടുപോയതിനെ തിരികെ കൊണ്ടുവരുന്നു; ക്രിസ്തുവിനെ സ്നേഹിക്കുവാനും സേവിക്കുവാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശരീരത്തോട് ചേര്‍ന്നിരുന്നുകൊണ്ട് ദൈവവചനം കേള്‍ക്കുന്നത് അകന്നിരുന്നു കേള്‍ക്കുന്നതിനെക്കാള്‍ ശക്തിദായകവുമാണ്.
2. വരദാനങ്ങള്‍ പങ്കിടുവാന്‍
നാം ജനിച്ചനിമിഷം തന്നെ, ദൈവം തന്റെ മക്കളായ നമ്മെ ക്രിസ്തുവിനെ സേവിക്കുവാനുതകുന്ന വിധത്തിലുള്ള അനേകം വരദാനങ്ങള്‍കൊണ്ട് സമ്പന്നരാക്കിയിരിക്കുന്നു. വചനം പ്രസംഗിക്കുന്നതുമുതല് പ്രോത്സാഹിപ്പിക്കുന്നതുവരെ, ആതിഥേയത്വം വഹിക്കുന്നതു മുതല്‍ അഡ്മിനിസ്ട്രേഷന് വരെ, ദൈവം നമ്മോട് ആവശ്യപ്പെടുന്നത് നമുക്ക് ലഭിച്ചിരിക്കുന്ന വരദാനങ്ങള്‍ ഉപയോഗിക്കുവാനാണ്. അതുകൊണ്ട് നമുക്ക് ലഭിച്ചിരിക്കുന്ന വരദാനങ്ങള്‍ നാം മറ്റുള്ളവരുമായി പങ്കിടുമ്പോഴാണ് അത് കൂടുതല്‍ ഫലദായകവും ദൈവത്തിന് പ്രീതികരവും സഭയുടെയും ഓരോ വ്യക്തിയുടെയും വളര്‍ച്ചയ്ക്ക് അനുകൂലവുമായിമാറുന്നത്. അവന് അവരോട് പറഞ്ഞു കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം.അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയക്കുവാന്‍ കൊയ്ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍ (ലുക്ക: 10:2). പരസ്പരം സഹായിച്ചുകൊണ്ട്, സ്വന്തം വരദാനങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി പങ്കിടുവാന്‍ ദേവാലയത്തില്‍ പോകുന്നതുകൊണ്ട് നമുക്ക് സാധിക്കുന്നു.
3. ഭാരം പങ്കുവെയ്ക്കുവാന്‍
പരസ്പരം ഭാരം വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവിന്‍ (ഗലാ:6:2). കഷ്ടപ്പാടിന് കാലങ്ങളില്‍ ജീവിതം ദുഷ്കരമാകുമ്പോള്, സ്വന്തം മാളത്തിലേക്ക് നാം പിന്‍വലിയുന്നു. നമ്മെ മറ്റുള്ളവര്‍ക്ക് ആവശ്യമുണ്ടെന്ന കാര്യം തന്നെ നാം വിസ്മരിക്കുന്നു. എന്നാല്‍, സഭയാകുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് അറിയാം ജീവിതത്തിലെ ഏറ്റവും ഭാരപ്പെട്ട ദിനങ്ങളില്‍ ദേവാലയത്തിലേക്ക് ചെല്ലുന്നതിന്റെ പ്രസക്തി. അവര്‍ക്കൊരിക്കലും ഏകാന്തത അനുഭവപ്പെടുകയില്ല. ദേവാലയത്തിലേക്ക് പോകുന്നവര്‍ക്ക് മറ്റുള്ളവരുടെ പിന്തുണയും പ്രാര്‍ത്ഥനാസഹായവും അനുഗ്രഹവും ലഭിക്കും.
4. വരുംതലമുറയക്ക് മാതൃകയാകാന്‍
മാതാപിതാക്കള്‍ ദേവാലയത്തോട് ചേര്‍ന്നിരുന്നാലെ മക്കളും ദേവാലയത്തോട് ചേര്‍ന്നിരിക്കു. മക്കളെ ദേവാലയത്തില്‍ വിട്ട് വീട്ടിലേക്കു മടങ്ങുന്ന മാതാപിതാക്കളുടെ മക്കള്‍ പ്രായമാകുമ്പോള്‍ ദേവാലയത്തില്പ്പോകാന് ഇഷ്ടപ്പെടുകയില്ല. അവര്‍ ദേവാലയത്തില്‍ നിന്ന് അകന്നകന്നു പോകും. അങ്ങനെ പോയവരുടെ മക്കള്‍ക്ക് ആര് ദൈവത്തെ കൊടുക്കും. നമ്മുടെ മക്കളെ ദൈവത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കണമെങ്കില്‍, നാം ആദ്യം ദൈവത്തെ സ്നേഹിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലാകണം, അത് മാതാപിതാക്കളുടെ മാതൃക കണ്ടുതന്നെ പഠിക്കുകയും വേണം. അവര്‍ ദൈവജനത്തെ സ്നേഹിക്കണമെങ്കില് മാതാപിതാക്കളും ദൈവജനത്തെ സ്നേഹിക്കുന്നവരായിരിക്കണം.
5. ദൈവം ആഗ്രഹിക്കുന്നതിനാല്‍
ചിലര്‍ സാധാരണ ചെയ്യാറുള്ളതുപോലെ നമ്മുടെ സഭായോഗങ്ങള്‍ നാം ഉപേക്ഷിക്കരുത്. മാത്രമല്ല, ആ ദിനം അടുത്തുവരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വേണം(ഹെബ്ര 10 25).
നമുക്ക് ഏറ്റവും നന്മയായതു മാത്രമേ ദൈവം നമുക്കായി ആഗ്രഹിക്കുകയുള്ളു. നാം സ്ഥിരമായി ദേവാലയത്തിലെ ദിവ്യബലിയില്‍ പങ്കുചേരണമെന്ന് ദൈവം ആഗ്രഹിക്കുന്നതിനു ദൈവത്തിനറിയാം നമുക്കത് നല്ലതാണെന്ന്. തന്റെ മക്കള്‍ ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തിനുമുമ്പ് ഒരുങ്ങിയിരിക്കുവാനും പരസ്പരം ചേര്‍ന്നു നടക്കുവാനും പിതാവായ ദൈവം ആഗ്രഹിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com