ആദ്യവെള്ളിയാഴ്ച ഭക്തിയെക്കുറിച്ച്
കത്തോലിക്കര്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
ഷേര്‍ളി മാണി - ജൂണ്‍ 2022
നമ്മുടെ പൂര്‍വ്വികര്‍ ആദ്യവെള്ളിയാഴ്ചകളില്‍ മുടങ്ങാതെ ദേവാലയത്തില്‍ പോകുകയും ആരാധനയില്‍ പങ്കെടുക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. കാലം മാറി. തിരക്കേറിയപ്പോള്‍ നാം സൗകര്യപൂര്‍വ്വം ആദ്യവെള്ളിയെ മറന്നു. പല ദേവാലയങ്ങളിലും പതിവായുണ്ടായിരുന്ന ആദ്യവെള്ളിയാഴ്ചത്തെ ആരാധന കോവിഡ് വന്നതോടെ താനെ അപ്രത്യക്ഷമായി.
ആദ്യവെള്ളിയാഴ്ചത്തെ തിരുഹൃദയഭക്തിയെക്കുറിച്ചുള്ള താലപര്യം നമുക്ക് നഷ്ടമാകുവാന്‍ ഒരു കാരണം അതിനെക്കുറിച്ചുള്ള അറിവില്ലായ്മ തന്നെയാണ്. കാരണം പുതിയതലമുറയ്ക്ക് ആദ്യവെള്ളിയാഴ്ച ആചരണത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിന് നാം മറന്നുപോയിരിക്കുന്നു. ഇതാ ആദ്യവെള്ളിയാഴ്ച ഭക്തിയെക്കുറിച്ച് കത്തോലിക്കര്‍ അറിഞ്ഞിരിക്കേണ്ട ആ 5 കാര്യങ്ങള്‍.
1. എങ്ങനെയാണ് ആദ്യവെള്ളിയാഴ്ച ഭക്തി ആരംഭിച്ചത്?
ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് ചില വിശുദ്ധര്‍ അവരുടെ എഴുത്തുകളില്‍ പരമാര്‍ശിച്ചിട്ടുണ്ടെങ്കിലും, 1673 ലാണ് ഫ്രഞ്ച് വിസിറ്റേഷന്‍ കന്യാസ്ത്രിയായ മാര്‍ഗരറ്റ് മേരി അലകോക്കിന് ഈശോയുടെ ദര്ശനമുണ്ടായതിനുശേഷമാണ് തിരുഹൃദയഭക്തി വേരുപിടിച്ചുതുടങ്ങിയത്. മേരി അലക്കോക്കിന് നല്കിയ ദര്‍ശനത്തില്‍ ഈശോ സഭയോട് തന്റെ തിരുഹൃദയത്തെ വണങ്ങുവാന് ആവശ്യപ്പെട്ടു. വിശ്വാസികളോട് തുടര്‍ച്ചയായി 9 ആദ്യവെള്ളിയാഴ്ചകളില്‍ പരിശുദ്ധകുര്ബന സ്വീകരിക്കുവാനണ് ഈശോ പ്രധാനമായും ആവശ്യപ്പെട്ടത്. സി. മാര്‍ഗരറ്റ് മേരി അലകോക്കിന്റെ മരണത്തിനുശേഷം, ആദ്യവെള്ളിയാഴ്ച ആചരണം സഭയില്‍ പടര്‍ന്നുപിടിച്ചു. മാര്‍പാപ്പമാര്‍ അതിനെ അടിവരയിടുകയും വിശുദ്ധര്‍ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ തിരുഹൃദയ ഭക്തി വളരെ വേഗം പ്രചാരം നേടി. യ്തു. എന്നാല്‍ ഇത് വളരെയധികം പോപ്പുലര്‍ ആയത് സി. മാര്‍ഗരറ്റ് മേരി അലക്കോക്കിനെ 1920 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ വിശുദ്ധയായി വാഴിച്ചതോടെയാണ്.
2. എന്തുകൊണ്ടാണ് തുടര്‍ച്ചയായ 9 മാസങ്ങള്‍?
9 എന്ന നമ്പര്‍ സഭയില്‍ പാരമ്പരാഗതമായി നൊവേനയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതാകട്ടെ പന്തക്കുസ്തയ്ക്കുമുമ്പ് ക്രിസ്തുശിഷ്യന്മാര് 9 ദിവസം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചതിനെ അനുസ്മരിപ്പിക്കുന്നു. നൊവേന നമുക്ക് ആത്മീയമായ ഒരുക്കത്തിനും നവീകരണത്തിനും ആവശ്യമായ സമയം നല്കുന്നു.
3. ആദ്യവെള്ളിയാഴ്ച എങ്ങനെ ആചരിക്കണം?
ഈശോയുടെ തിരുഹൃദയത്തെ ബഹുമാനിച്ചുകൊണ്ട്, ധ്യാനിച്ചുകൊണ്ട് ദിവ്യബലിയില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും വേണം. കൃപയുടെ അവസ്ഥയിലല്ലെങ്കില്‍ കുമ്പസാരിച്ചതിനുശേഷം വേണം കുര്‍ബാന സ്വീകരിക്കുവാന്‍.
4. ആദ്യ വെള്ളിയാഴ്ച ഭക്തര്‍ക്ക് ഈശോ നല്‍കിയിരിക്കുന്ന മഹത്തായ വാഗ്ദാനങ്ങള്‍ എന്തൊക്കയാണ്?
വി. മാര്‍ഗരറ്റ് മേരി അലകോക്കിന് ഈശോ പ്രത്യക്ഷപ്പെട്ട് തന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. വിശുദ്ധ തന്റെ മദര്‍ സൂപ്പിരയറിന് 1688 മെയ് മാസത്തില്‍ എഴുതിയ കത്തില്‍ ഒമ്പത് ആദ്യവെള്ളിയാഴ്ച ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ ഈശോ നല്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പരമാര്ശിച്ചിട്ടുണ്ട്....ഒരു വ്യക്തി തുടര്‍ച്ചയായ 9 ആദ്യവെള്ളിയാഴ്ചകളില്‍ വിശ്വാസത്തോടെ ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചാല്‍ ആ ആത്മാവ് നശിച്ചുപോകുവാന്‍ ദൈവം ഒരിക്കലും അനുവദിക്കില്ല എന്ന് വ്യക്തമാക്കി... ആദ്യവെള്ളിയാഴ്ച ഭക്തിപൂര്‍വ്വം ആചരിക്കുന്നവര്‍ക്ക് ഈശോ നല്കിയ വാഗ്ദാനങ്ങള്‍ ഇതാ...
1. അവരുടെ ജീവിതാവസ്ഥയ്ക്ക് ആവശ്യമായ കൃപകള്‍ ഞാന്‍ നല്‍കും.
2. അവരുടെ ഭവനങ്ങളില്‍ ഞാന്‍ സമാധാനം സ്ഥാപിക്കും.
3. അവരുടെ ദുരിതങ്ങളിലെല്ലാം ഞാന്‍ അവരെ ആശ്വസിപ്പിക്കും.
4. അവരുടെ ജീവിതകാലത്തും മരണനേരത്തും ഞാന്‍ അവരുടെ സുരക്ഷിതമായ അഭയമായിരിക്കും.
5. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ സമൃദ്ധമായി അനുഗ്രഹം വര്‍ഷിക്കും.
6. പാപികള്‍ എന്റെ ഹൃദയത്തില്‍ അനന്തമായ കരുണയുടെ ഉറവയും സമുദ്രവും കണ്ടെത്തും.
7.മന്ദോഷണരായ ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാക്കപ്പെടും.
8. തീക്ഷണതയുളള ആത്മാക്കള്‍ പൂര്‍ണതയുടെ ഉന്നതിയിലേക്ക് നയിക്കപ്പെടും.
9. എന്റെ തിരുഹൃദയത്തിന്റെ ചിത്രം സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്ന ഇടങ്ങളെ ഞാന്‍ അനുഗ്രഹിക്കും.
10. കഠിനമായ ഹൃദയങ്ങളെപ്പോലും സ്പര്ശിക്കുവാനുള്ള അനുഗ്രഹം ഞാന്‍ വൈദികര്‍ക്ക് നല്‍കും.
11. തിരുഹൃദയഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്റെ ഹൃദയത്തിലെഴുതപ്പെട്ടിരിക്കും.
12. 9 ആഴ്ച തുടര്‍ച്ചയായി ദിവ്യബലിയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ക്ക് എന്റെ ഹൃദയത്തിന്റെ അതിശക്തമായ സ്നേഹത്തില്‍ നിന്നും പ്രവഹിക്കുന്ന കൃപയാല്‍ അവസാനം വരെ പിടിച്ചുനില്‍ക്കുന്നതിനുള്ള കൃപ ഞാന്‍ വര്‍ഷിക്കും; അവര്‍ കൃപാവരാസ്ഥയിലല്ലാതെയും കൂദാശകള്‍ സ്വീകരിക്കാതെയും മരിക്കുകയില്ല. അവരുടെ അവസാന നാഴികകളില്‍ എന്റെ വിശുദ്ധമായ ഹൃദയം അവരുടെ സുരക്ഷിതമായ അഭയമായിരിക്കും.
5. ആദ്യവെള്ളിയാഴ്ച ആചരണം സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റ് ആണോ?
ആദ്യവെള്ളിയാഴ്ച ഭക്തി സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റാണെന്ന് പറയാന്‍ കാരണം ഇതാണ്. ഒരു വ്യക്തി 9 ആഴ്ച വേണ്ടതുപോലെ ഒരുങ്ങി ദിവ്യകാരുണ്യം സ്വീകരിച്ചതിനുശേഷം പിന്നെ ആ വ്യക്തിക്ക് ഒരിക്കലും ദിവ്യബലിയില്‍ പങ്കെടുക്കാതെ ഒരു പാപകരമായ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുകയില്ല. തിരുഹൃദയഭക്തിയുടെ ആത്യന്തികമായ ലക്ഷ്യം അതുകൊണ്ട് തന്നെ ഒരു വ്യക്തിയെ ഈശോയുടെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുക എന്നതുതന്നെയാണ്. ഈ കടമകളെല്ലാം വിശ്വസ്തയോടെ ഒരു വ്യക്തി നിറവേറ്റിയാല്‍, ആ വ്യക്തി സ്വഭാവികമായും ദൈവത്തോട് അടുക്കുകയും മരണത്തിന് എപ്പോഴും റെഡിയായിരിക്കുകയും ചെയ്യും. എന്നാല്‍, തിരുഹൃദയഭക്തി വെറുമൊരു ആചരണമായി മാറിയാല്‍ ഈശോ നല്കുന്ന വാഗ്ദാനങ്ങള്‍ ലഭിക്കുകയില്ല.
വിശുദ്ധ യോഹന്നാനെപ്പോലെ, അവിടുത്തെ ഹൃദയത്തില്‍ ചാരിക്കിടക്കുവാന്‍ നമ്മെയും ഈശോ ക്ഷണിക്കുന്നു. അതിനുള്ള ഏറ്റവും നല്ല അവസരമാണ് ആദ്യവെള്ളിയാഴ്ച ആചരണം.
ഈശോയുടെ തിരുഹൃദയത്തെ സ്നേഹിക്കുകയും നമ്മുടെ ആകുലതകളും വേദനകളും അവിടുത്തെ തിരുഹൃദയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യുക അതാണ് തിരുഹൃദയഭക്തിയുടെ അന്തസത്ത.
Send your feedback to : onlinekeralacatholic@gmail.com