ജാര്‍ഖണ്ഡിലെ പാവങ്ങള്‍ക്കുവേണ്ടി ഗര്‍ജ്ജിച്ച ഫാ. സ്റ്റാന്‍ സ്വാമി; കത്തോലിക്കസഭയുടെ പുതിയ രക്തസാക്ഷി
ജോര്‍ജ് കൊമ്മറ്റം - ജൂലൈ 2021
അനീതിക്കെതിരെ ചങ്കുലയാതെ ശബ്ദമുയര്‍ത്തിയ ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി നിശബ്ദനായിരിക്കുന്നു. ദൈവത്തിന്റെ പ്രവാചകനെ പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയതിന് അവര്‍ അദ്ദേഹത്തെ നിശ്ചലനാക്കിയിരിക്കുന്നു. കത്തോലിക്ക സഭയ്ക്ക് ഒരു രക്തസാക്ഷിയെക്കുടി കിട്ടിയിരിക്കുന്നു. സ്വന്തം സുഖസൗകര്യങ്ങള്‍ വെടിഞ്ഞ് പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെട്ടവന്റെയും നിര്‍ദ്ദയം തുറങ്കിലടയ്ക്കപ്പെട്ടവന്റെയും ശബ്ദമായതിന് അവര്‍ അദ്ദേഹത്തെ നിശബ്ദനാക്കിയിരിക്കുന്നു. അനീതിക്കെതിരെ പോരാടിയ ദൈവത്തിന്റെ പുരോഹിതന് യാതൊരു നീതിയും കിട്ടിയില്ല. എങ്കിലും അദ്ദേഹം ഇത്രമേല്‍ ശക്തനായ ഒരു പ്രവാചകനായിരുന്നുവെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ജീവിച്ചിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെക്കാള്‍ കരുത്തനായി ഒരു ദിവസം കൊണ്ടുതന്നെ അദ്ദേഹം മാറിയിരിക്കുന്നു.
ഫാ. സ്റ്റാന്‍ ലൂര്‍ദ് സ്വാമി എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ പേരെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ സ്റ്റാന്‍ സ്വാമി എന്നായിരുന്നു വിളിച്ചിരുന്നത്. വയോധികനും കൃശാഗാത്രനും പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയുമായിരുന്ന അദ്ദേഹത്തെ ഭരണകൂടം എന്തിനായിരുന്നു ഇത്രമാത്രം പേടിച്ചിരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ വെള്ളം കുടിക്കുവാന്‍ ഒരു സ്ട്രോ പോലും നല്കാന് വിസമ്മതിച്ചതെന്തിനായിരുന്നു. അതാണ് സത്യം വിളിച്ചുപറയുന്ന നാവുകളെ ഭരണകൂടം ഇത്രമേല്‍ ഭയക്കുന്നുവെന്നതിന്റെ തെളിവായിരുന്നു വയോധികനായ ആ വൈദികന്.
ഫാ. ലൂര്‍ദ്ദ് സ്വാമി എന്ന ഈശോ സഭ വൈദികന് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു. ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളികള്‍ കേട്ട് ആവൃതിക്കുള്ളില്‍ സുഖനിദ്ര നഷ്ടപ്പെട്ട ക്രിസ്തുവിന്റെ യഥാര്‍ത്ഥ വൈദികനായിരുന്നു അദ്ദേഹം. വിദേശവിദ്യാഭ്യാസം ലഭിച്ച അദ്ദേഹത്തിന് വേണമെങ്കില്‍ വല്ല കോളജുകളിലോ, സ്കൂളുകളിലോ പഠിപ്പിച്ച് സന്യാസം ജീവിച്ചുതീര്ക്കാമായിരുന്നു. പക്ഷേ, അദ്ദേഹം പാവപ്പെട്ടവരുടെ ഗര്‍ജ്ജിക്കുന്ന സിംഹമായി മാറി. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരമായി ശബ്ദിച്ചിരുന്ന അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഭരണകൂടം ജയിലിലടച്ചത്. ജയിലില്‍ എല്ലാ മനുഷികാവകാശങ്ങളും ഈ മനുഷ്യാവാകാശപ്രവര്ത്തകന് നിര്‍ദ്ദയം നിഷേധിക്കപ്പെട്ടു എന്നതാണ് അത്യന്തം ദുഖകരമായ വസ്തുത. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വൈദികന്റെ അറസ്റ്റും മരണവും ഇന്ത്യന്‍ ജനതയെ ഇത്രമേല്‍ അസ്വസ്ഥമാക്കിയിട്ടുണ്ടാകില്ല.
1980 കളില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കുമ്പോള്‍ തന്നെ ദളിതരുടെയും ആദിവാസികളുടെയും മനുഷ്യവകാശങ്ങള്ക്കുവേണ്ടി പോരാടിയ വ്യക്തിയായിരുന്നു ഫാ. സ്റ്റാന്‍. അതിനുശേഷമാണ് ജാര്‍ഖണ്ഡ് എന്ന ചൂഷണ ഖനിയിലെത്തിപ്പെട്ടത്. കാരണം ജാര്‍ഖണ്ഡ് ജെസ്യൂട്ട് പ്രോവിന്സിലെ അംഗമായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡിലെ ചൂഷണം ചെയ്യപ്പെടുന്നവരുടെ രോദനം അദ്ദേഹത്തിന്റെ കാതുകളില്‍ മുഴങ്ങി. അദ്ദേഹം അവരുടെ പോരാളിയായി മാറി.
സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഇടയിലിറങ്ങി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ പെട്ടൈന്നു തന്നെ ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും മിശിഹയായി മാറി. കാരണം അവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അത്രമേല്‍ ദുര്‍ബലരായിരുന്നു അവര്‍.
ഭരണകൂടം തന്നെ അവിടുത്തെ ജനങ്ങളെ ഖനികമ്പനികള്ക്കു തീറെഴുതികൊടുക്കുമ്പോള്, ആദിവാസികളുടെ ഭൂമിയും വനവും തട്ടിയെടുക്കാൻ ഭരണകൂടത്തിന്റെ ഒത്താശയോടെ വന്‍കിട കമ്പനികള്‍ സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ഖനനം തുടങ്ങിയപ്പോള്‍ കൃശാഗാത്രനായ സ്റ്റാന്‍ സ്വാമി അവര്‍ക്കുവേണ്ടി ശബ്ദിച്ചുതുടങ്ങി.
ലോകത്തിലെ തന്നെ ഏറ്റവും ധാതുസമ്പുഷ്ടമായ പ്രദേശമാണ് ജാര്‍ഖണ്ഡ്. ഇന്ത്യയിലെ ധാതുനിക്ഷേപത്തിന്റെ 40 ശതമാനവും ഇവിടെയാണത്രെ. എങ്കിലും ഇവിടുത്തെ ജനങ്ങള്‍ അധികവും ദാരിദ്ര്യത്തിലാണു താനും. പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയും ആദിവാസികളെ അവരുടെ സ്വന്തം ഭൂമി കൂടി പിടിച്ചുപറിച്ച് പിച്ചക്കാരാക്കി മാറ്റുകയും ചെയ്യുന്ന ഭരണകൂട ഭീകരത അദ്ദേഹത്തിന് നോക്കിനില്ക്കാനായില്ല. അദ്ദേഹം സത്യം വിളിച്ചുപറയുന്നവനായി മാറി.
ആദിവാസി യുവാക്കളെ കള്ളക്കേസുകളില്‍ കുടുക്കി അവരുടെ ഭുമി തട്ടിയെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിയതാണ് അദ്ദേഹം ചെയ്ത തെറ്റ്. വിചാരണ കൂടാതെ ജയിലിലടയ്ക്കപ്പെട്ട ആദിവാസി യുവാക്കള്‍ കേസ് വാദിക്കുവാന്‍ ഒരു വക്കീലിനെ വെക്കാന്‍ പോലും നായ പൈസ വരുമാനമില്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞ ഫാ. സ്റ്റാന്‍ അത് ലോകത്തിന്റെ ശ്രദ്ധിയില്‍പ്പെടുത്തി. അദ്ദേഹം വ്യക്തിപരമായി അവരുടെ മോചനത്തിന് വേണ്ട വഴിയൊരുക്കി. അദ്ദേഹം തന്നെ നിസ്വാര്‍ത്ഥമായ സംഭാവാനകള്‍ നല്കിക്കൊണ്ടും ജാമ്യം നിന്നുകൊണ്ടും വക്കീല്‍മാരെ ഏര്‍പ്പാടാക്കിയുമാണ് അവരെ പുറത്തിറക്കിയത്. ആദിവാസികളെ അദ്ദേഹം സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കി. സ്വന്തം മണ്ണില്‍ നിന്ന് കുടിയിറങ്ങാന്‍ അവര്‍ വൈമനസ്യം കാണിച്ചു. ആദിവാസികളുടെയും കര്‍ഷകരുടെയും ഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്കാന് അനുവദിക്കില്ലെന്ന് ഫാ. സ്റ്റാന്‍ നിലപാടെടുത്തതോടെ അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി.
കത്തോലിക്ക സഭ പാവങ്ങള്‍ക്കൊപ്പമാണ് എന്നും എപ്പോഴും. അവരുടെ സമുദ്ധാരണത്തിനുവേണ്ടി സഭ തന്റെ സര്‍വ്വ സമ്പത്തും സമയവും മാറ്റിവെക്കുന്നു. എന്നാല്‍ അവരില്‍ നിന്നെല്ലാം വേറിട്ട് പാവങ്ങള്‍ എന്തുകൊണ്ട് പാവങ്ങളായിത്തുടരുന്നു എന്ന ചോദ്യം ചോദിച്ച വ്യക്തിയാണ് ഫാ. സ്റ്റാന്‍. ചോദ്യം മാത്രമല്ല അതിനുളള ഉത്തരം തേടുകയും ചെയ്തു അദ്ദേഹം. പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശബ്ദിക്കുവാന്‍ ആരും തുനിഞ്ഞിരുന്നില്ല. എന്നാല്‍ സ്വാമിയച്ചന് തന്റെ പ്രവാചകദൗത്യമെന്താണ് നന്നായി അറിയാമായിരുന്നു. അദ്ദേഹം സത്യം വിളിച്ചുപറഞ്ഞു. നീതിക്കുവേണ്ടി പോരാടി. അത് പലരുടെയും ഉറക്കം കെടുത്തി. അദ്ദേഹത്തെ നിശബ്ദമാക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നു.
അഞ്ചുപതിറ്റാണ്ടിലേറെ ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. ആദിവാസികളുടെയും മറ്റ് അധകൃതവര്ഗ്ഗത്തിന്റെയും ആവകാശങ്ങള്ക്കുവേണ്ടി അദ്ദേഹം പോരാടി, ആദിവാസി സമൂഹങ്ങളെ കുടിയിറക്കുന്നതിനെതിരെ അദ്ദേഹം ശബ്ദിച്ചു. കോര്‍പറേറ്റുകള്‍ വിഭവങ്ങള്‍ കൊള്ളയടിക്കുതിനെതിരെ നിലകൊണ്ടു, മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിചാരണപോലുമില്ലാതെ ജയിലിലടക്കപ്പെട്ട ആയിരക്കണക്കിന് ആദിവാസിയുവാക്കള്‍ക്ക് രക്ഷകനായി, ജാര്‍ഖണ്ഡിലെ ഭുപരിഷ്ക്കരണ - ഭുമിയേറ്റെടുക്കല്‍ നിയമങ്ങളെ എതിര്‍ത്തു... ഇതൊക്കെയാണ് സ്റ്റാന്‍ സ്വാമിയെ ഭരണകൂടത്തിന്റെ ശത്രുവാക്കി മാറ്റിയത്.
Send your feedback to : onlinekeralacatholic@gmail.com