ഓരോരുത്തര്‍ക്കും വ്യത്യസ്ത അനുഭവമാണ് അച്ഛന്. അച്ഛനെ നൊമ്പരത്തോടും നീറ്റലോടുംകൂടിയാണ് ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു ഓര്‍ക്കുന്നത്. അമ്മയെ തല്ലുന്ന അച്ഛന്. അച്ഛനോടു പ്രതികാരം ചെയ്യാന്‍ കഴിയാത്ത ശൈശവത്തെ പ്രാകുന്ന കുട്ടി. കാലങ്ങള്‍ കഴിഞ്ഞ് ഡെസ്മണ്ട് ആര്‍ച്ചുബിഷപ്പായി. ഒരിക്കല്‍ യാത്രക്കിടെ ബിഷപ്പ് വീട്ടിലെത്തിയപ്പോള്‍ അച്ഛന് മകനോടു പറഞ്ഞു: 'നിന്നോടു ചില കാര്യങ്ങള്‍ എനിക്കു പറയുവാനുണ്ട്'. ക്ഷീണിതനായ മകന് പ്രഭാതത്തിലാകാമെന്നു പറഞ്ഞ് ഉറങ്ങുവാന്‍ പോയി. അച്ഛന് രാത്രി തന്നെ മരിച്ചു. അച്ഛനു പറയുവാനുണ്ടായിരുന്നത് കേള്‍ക്കുവാന്‍ കിട്ടിയ അവസരം നഷ്ടമാക്കി. മരണത്തെ മുന്നില്‍ കണ്ട അച്ഛന് അമ്മയോടു ചെയ്ത ദ്രോഹത്തിനു മാപ്പു പറയാനായിരിക്കണം തന്നെ കാണുവാന്‍ ആവശ്യപ്പെട്ടതെന്നു കരുതി ബിഷപ്പ് പശ്ചാത്തപിച്ചു.
അച്ഛന് ആരായിരിക്കണമെന്നതും എങ്ങനെയായിരിക്കണമെന്നതും നമ്മുടെ തിരഞ്ഞെടുപ്പല്ല. അച്ഛനെന്ന കല്ലില്‍ തട്ടി വീണവരും സഹിച്ചവരും ആത്മീയതയുടെ ബലിപീഠത്തില്‍ അച്ഛനെ സമര്‍പ്പിച്ചും ക്ഷമിച്ചും കലുഷിതമായ ഭൂതകാലത്തെ സംസ്കരിക്കേണ്ടതുണ്ട്. ഓരോ അച്ഛനും കുഞ്ഞിനു മുന്നില്‍ ദൈവമായി അവതരിക്കണം. ദൈവവും അച്ഛനും തമ്മില്‍ ദൂരം കുറഞ്ഞില്ലാതാകണം. എല്ലാ മൂല്യങ്ങളുടെയും സ്വരൂപമായി അച്ഛന് കുട്ടിക്കു മുന്നില്‍ ദിനംപ്രതി പിറവിയെടുക്കണം.
മേരിക്കു അനുയോജ്യനായ ഭര്‍ത്താവിനെ തിരഞ്ഞെടുക്കാന്‍ ഏതാനും ചെറുപ്പക്കാരെ വരുത്തുകയും ഓരോരുത്തര്‍ക്കും ഉണങ്ങിയ കമ്പുകള്‍ കൊടുക്കുകയും ചെയ്തുവത്രേ. കൂട്ടത്തില്‍ ഉണ്ടായിരുന്ന ജോസഫിന്റെ കൈയ്യിലെ ചില്ലയില്‍ വെള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുകയും ജോസഫിനെ പ്രതിശ്രുത വരനായി നിശ്ചയിക്കുകയും ചെയ്തു എന്നത് ഒരു വെറും കഥയായിരിക്കാം.ചില ചിത്രങ്ങളില്‍ ജോസഫിന്റെ കൈയ്യില്‍ ലില്ലിപ്പൂക്കളുകളുള്ള വടി കാണാറുണ്ട്. ഒരു പിതാവിന്റെ പവിത്രതയെ ധ്വനിപ്പിക്കുന്നതാണ് കൈയ്യിലേന്തിയ വടിയും അതിലെ ലില്ലിപ്പൂക്കളും. ആത്മനൈര്മ്മല്യവും ജീവിതവിശുദ്ധിയും പൂത്തുനിന്ന മഹാവ്യക്തിയായിരുന്നു വിശുദ്ധ ജോസഫ്.
യേശുവിന്റെ പിതൃത്വം ദൈവത്തിനു നല്കുന്ന അച്ഛനാണ് ജോസഫ്. നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവത്തില്‍ നിന്നു വരുന്നതാണെന്നും കുഞ്ഞുങ്ങള്‍ ദൈവം നമ്മെ ഏല്പിച്ച നിക്ഷേപങ്ങളാണെന്നും കരുതുമ്പോള്‍ നാം വിനീതരാകും. ഉണ്ണിയേശുവിന്റെ മുന്നില്‍ കൈകള്‍ കൂപ്പി നില്ക്കുന്ന യൗസേപ്പിതാവിനെയാണ് ചിത്രങ്ങളില്‍ നാം കാണാറുള്ളത്. 'I am not your father, You are mine' എന്നൊരു പാട്ടുണ്ട്. 'Child is the father of man' എന്ന് വേഡ്സ്വര്‍ത്ത് പറഞ്ഞതിന് ഇങ്ങനെയും അര്‍ഥമാകാം. ജോസഫ് എന്ന അച്ഛനാണ് ദൈവത്തെയും അച്ഛനെന്നു വിളിക്കാന്‍ ക്രിസ്തുവിനെ പ്രാപ്തനാക്കിയത്. അച്ഛന് കുഞ്ഞിന്റെ ആകാശഗോവണിയാണ് (celestial stairs). സ്വര്‍ഗസ്ഥനായ പിതാവിലേക്കുള്ള വഴി ഭൂമിയിലെ അച്ഛനാണ്.
മേരിയെ വിശ്രമിക്കാന്‍ വിട്ടിട്ട് കുഞ്ഞിനെ കൈയിലെടുത്ത് ജോസഫ് രാരീരം പാടിയിട്ടുണ്ട്. അമ്മ ഉറങ്ങുമ്പോള്‍ കുഞ്ഞിന് ആരാണ് കാവല്‍? ദൈവമെന്നും അച്ഛനെന്നുമാണ് ഉത്തരം. കുഞ്ഞിനും അമ്മയ്ക്കും കാവലും കവചവുമാണ് അച്ഛന്. ഞാന്‍ നല്ല ഇടയനാണെന്നും ആടുകള്‍ക്ക് കവചമാണെന്നും ക്രിസ്തു പറയുന്നത് അഭയമാകുന്ന അച്ഛനെ കണ്ടിട്ടാണ്.
ദാവീദിന്റെ വംശത്തില്‍ രക്ഷകനായി ഒരു ആണ്‍കുട്ടി പിറന്ന വിവരം ഹേറോദേസിനെ ക്രൂദ്ധനാക്കി. ഒരു വയസിനു താഴെയുള്ള ആണ്‍കുട്ടികളെ കുരുതികഴിക്കാന്‍ രാജാവ് ആജ്ഞാപിച്ചു. അപായം മുന്‍കൂട്ടിയറിഞ്ഞ ജോസഫ് മേരിയേയും കുഞ്ഞിനെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്തു.
ഷൂസെ സരമാഗുവിന്റെ The Gospel According to Jesus Christ എന്ന നോവലില്‍ ജോസഫ് കുറ്റബോധത്താല്‍ പീഡിതനായി കാണപ്പെടുന്നുണ്ട്. "മറ്റു കുട്ടികളെ ഭീകരമായ വിധിക്ക് വിട്ടിട്ട് സ്വന്തം കുഞ്ഞിനെ രക്ഷിക്കാനോടി. അതുകൊണ്ട് ജോസഫിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. വല്ലപ്പോഴും ഉറങ്ങുമ്പോഴാകട്ടെ, അയാള്‍ നടുങ്ങി എണീക്കുന്നു. സ്വപ്നം അയാളെ വേട്ടയാടുകയാണ്. ഉണര്‍ന്നിരിക്കുമ്പോഴും ജോസഫ് അതുതന്നെ കാണുന്നു." ജോസഫ് പശ്ചാത്താപ വിവശനായി.
കുരുന്നു രക്തസാക്ഷികളുടെ നിലവിളി ജോസഫിനെ അസ്വസ്ഥനാക്കി. സാമൂഹികവും ആത്മീയവുമായ മാനങ്ങളിലേക്ക് വളരുമ്പോഴാണ് ഉത്തരവാദിത്വങ്ങളുടെ കലാലയമായി ഒരച്ഛന് ജീവിതത്തെ കാണാനാകുന്നത്. സമൂഹത്തില്‍ പിറവികൊള്ളുന്ന കുഞ്ഞുങ്ങളുമായി ഒരച്ഛന് ആത്മൈക്യം പ്രാപിക്കും.
സ്ത്രീയേക്കാള്‍ ബലിഷ്ഠമായ ശരീരം പുരുഷനുള്ളത് സ്ത്രീയെ കീഴ്പ്പെടുത്താനല്ല, സംരക്ഷിക്കാനാണ്. വീട്ടില്‍ അച്ഛന് അമ്മയുടെ അലിവും അമ്മക്ക് അച്ഛന്റെ ആര്‍ജ്ജവവും ചേരുംപടി ചേരണം.
ഈശോ-മറിയം-യൗസേപ്പ് ഈ മൂവരും യഥാക്രമം നങ്കൂരമായും നൗകയായും കപ്പിത്താനായും യാത്രികരെ മറുകരക്കെത്തിക്കുന്നു. ഇത് ചാവറയച്ചന്റെ കാവ്യഭാവനയാണ്. സ്വര്ഗയാത്രയെ തീര്‍ഥാടകന്റെ പുരോഗതിയായി കാണുമ്പോഴാണ് ഈ രൂപകം കൂടുതല്‍ അര്‍ഥവത്താകുന്നത്. കോളിളക്കങ്ങളുള്ള ക്ഷുഭിത സാഗരമാണ് ജീവിതം. ഈ മൂവര്‍സംഘം സുരക്ഷിതമായി നിത്യതയുടെ തീരത്ത് എത്തിക്കുമെന്ന ഉറപ്പാണ് യാത്രികര്‍ക്കുള്ളത്. ഒരാളുടെ നല്ല ജീവിതത്തിനും നല്ല മരണത്തിനും ഈ തിരുകുടുംബം പങ്കാളികളാകുന്നു. 'നല്‍മരണം നല്കണമേ' എന്നു പ്രാര്ഥിക്കുവാന് ചാവറയച്ചന് വിശ്വാസികളോട് ആവശ്യപ്പെടുമ്പോള്‍ ജീവിതത്തികവിനായി പരിശ്രമിക്കാനുള്ള ആഹ്വാനം നടത്തുകയാണ്. നല്‍മരണം നല്ല ജീവിതത്തിന്റെയുംകൂടി ഫലമാണ്. മരണം സുനിശ്ചിതമെങ്കിലും അനിശ്ചിതമാണ് അതിന്റെ സമയം. മരണം ഭയമുളവാക്കുന്നു.
'മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍
ഇത്തിരി നേരം ഇരിക്കണേ.'
എന്ന റഫീക് അഹമ്മദിന്റെ വരികള്‍ ഏതൊരു മനുഷ്യന്റെയും അന്ത്യനിമിഷത്തെ ഏകാന്തതയെ ധ്വനിപ്പിക്കുന്നതാണ്. തൊട്ടുതലോടി പ്രാണനെ പറഞ്ഞയക്കാന്‍ അരികിലൊരാള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. അതും ജീവനുതുല്യം സ്നേഹിച്ചവര്‍. സ്നേഹത്തിന്റെ ആഴമാണ് മരണത്തെയും വിരഹത്തെയും അസഹ്യമായ നൊമ്പരമാക്കുന്നത്.
പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥം 'എപ്പോഴും മരണസമയത്തും' ഉണ്ടാകുവാന്‍ പ്രാര്‍ഥിക്കുന്നു. പ്രാണനെ ദൈവസമക്ഷം എത്തിക്കാന്‍ സമയരഥം തെളിക്കേണ്ടത് ജോസഫ് ആകണമെന്നാണ് മറ്റൊരു പ്രാര്‍ഥന. മൈക്കലാഞ്ചലോയുടെ പിയാത്തയില്‍ അമ്മയുടെ മടിത്തട്ടിലാണ് മകന് തല ചായ്ക്കുന്നത്. അച്ഛനിലും അനന്തതയിലും മകന്റെ ആത്മാവ് എത്തുന്നു. മാതാവും പിതാവും മക്കളുടെ മരണത്തിലും കൂടെയുണ്ടാവും, ആത്മീയമായിട്ടെങ്കിലും. ആരെയും തനിച്ചാക്കാത്ത അച്ഛനും അമ്മയുമാണ് ജോസഫും മറിയവും.
ബഹുദൈവാരാധനയില് നിന്നാണ് ഏകദൈവാരാധന പരിണമിച്ചത്. ദൈവം ഏകമെന്നാണ് ക്രൈസ്തവപ്രമാണം. എങ്കിലും ദൈവം ത്രിത്വവുമാണ്. സമൂഹവുമാണ്. ജോസഫും മേരിയും ഉണ്ണിയേശുവും ചേരുന്ന തിരുകുടുംബവും ഒരു ത്രിത്വമാണ്. പിതാവായ യാഹ്വെ അമ്മയായും പൈതലായും അവതരിക്കുന്ന ആഘോഷമാണ് തിരുപ്പിറവി. ദൈവം ഇവിടെ അച്ഛനും അമ്മയും പൈതലുമാണ്.
മാതാ-പിതാ-ശിശു-ദൈവം.