സത്യക്രിസ്ത്യാനിയായിരുന്നിട്ടും ഇഷ്ടമില്ലാത്തവരെ സ്നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്നു വായിച്ചു നോക്കൂ
സി. അര്‍പ്പണ - ഒക്ടോബര്‍ 2021
സ്നേഹമാണ് ക്രൈസ്തവമതത്തിന്റെ കാതല്‍. ദൈവത്തെ സ്നേഹിക്കുക, അയല്‍ക്കാരനെ സ്നേഹിക്കുക എന്നതാണ് പത്തുകല്പനയുടെ സംഗ്രഹം തന്നെ. ശത്രുക്കളെപ്പോലും സ്നേഹിക്കണമെന്നാണ് ക്രൈസ്തവര്‍ക്ക് ലഭിച്ചിരിക്കുന്ന കല്പന. ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ സ്നേഹമാണ്. നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാല്‍ അതിലെന്തു മേന്മയാണുള്ളത്. ശത്രുവിനെക്കൂടി സ്നേഹിക്കുക എന്നാണ് ഈശോ നല്കിയ ഉപദേശം.എന്നിട്ടും നമുക്ക് ശത്രുവിനെ സ്നേഹിക്കുവാന്‍ കഴിയുന്നുണ്ടോ?
ശത്രുക്കള്‍ പല വിധത്തില്‍ നമ്മുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പട്ടേക്കാം. അത് നമ്മളെ പീഡിപ്പിക്കുന്നവരാകാം, നമ്മെ അപമാനിക്കുന്നവരായിരിക്കാം, നമ്മെ ബുദ്ധിമുട്ടിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന അയല്വക്കകാരനാകാം, നമ്മുടെ ആശയങ്ങളുമായി ചേര്ന്നുപോകാത്തവരാകാം, സോഷ്യല്‍ മീഡിയയില്‍ നമ്മെ കടന്നാക്രമിക്കുന്നവരാകാം. അവരെയൊന്നും സ്നേഹിക്കാന്‍ നമുക്കാകുന്നില്ല അല്ലേ...
നാം ഇഷ്ടപ്പെടുന്നവരെ സ്നേഹിക്കുവാന്‍ വളരെ എളുപ്പമാണ്, പക്ഷേ നമുക്ക് ഇഷ്ടമില്ലാത്തവരെ സ്നേഹിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ല. നാം ആരെയെങ്കിലും ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അവരില്‍ നിന്ന് അകന്നിരിക്കാനും അവര്‍ പരാജയപ്പെട്ടുകാണാനും നാം ആഗ്രഹിച്ചുപോകുന്നു, അറിയാതെയാണെങ്കില്‍ പോലും.
പക്ഷേ, ക്രൈസ്തവനെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പില്ല. നമ്മുടെ വിശ്വാസമനുസരിച്ച് ജീവിക്കണമെങ്കില്‍ നാം ഇഷ്ടപ്പെടാത്തവരെക്കൂടി സ്നേഹിച്ചേ മതിയാവൂ. അതെങ്ങനെ ചെയ്യാനാകും എന്നതാണ് ചോദ്യം. അടിസ്ഥാനകാര്യങ്ങളില്‍ നിന്ന് നമുക്ക് ആരംഭിക്കാം..
സ്നേഹം എന്നാല്‍ എന്താണ്?
സ്നേഹത്തിന് അനേകം നിര്‍വചനങ്ങള്‍ ഉണ്ട്. പലതരത്തിലുളള സ്നേഹവും ഉണ്ട്. പക്ഷേ ക്രീസ്തീയ സ്നേഹം എന്നത് വ്യത്യസ്തമാണ്. അപരന്റെ നന്മ ആഗ്രഹിക്കുന്നതാണ് സ്നേഹം എന്നാണ് വി. തോമസ് അക്വീനാസ് പറയുന്നത്.
സ്നേഹം എന്നാല്‍ ഒരാളുടെ സാമിപ്യം ഇഷ്ടപ്പെടുന്നതോ, അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ സന്തോഷം ഉണ്ടാക്കുന്ന ഒരു ഫീലിംഗോ അല്ല. യഥാര്‍ത്ഥ സ്നേഹം എന്നു പറയുന്നത് അപരന് ഏറ്റവും നല്ലത് തന്നെ ലഭിക്കണമെന്ന ആഗ്രഹമാണ്. നമുക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് നന്മ വരണമെന്നാഗ്രിച്ചുകൊണ്ട് അവരെ നമുക്ക് സ്നേഹിക്കാന്‍ കഴിയും. നാം അവര്‍ക്ക് ഏറ്റവും നല്ലതു തന്നെ കിട്ടണമെന്ന് ആഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, നാം നമ്മെപ്പോലെ തന്നെ അവരെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. അതേ, ദൈവം നമ്മെ ഓരോരുത്തരേയും സ്നേഹിക്കുന്നതുപോലെ തന്നെ.
അപരന് നന്മ ഉണ്ടാകണമെന്ന് നാം വെറുതെ ആഗ്രഹിച്ചതുകൊണ്ടു മാത്രമായില്ല, അതു പൂര്‍ണമാകണമെങ്കില്‍ നാം നമ്മെത്തന്നെ അവര്‍ക്ക് നല്‍കണം. അത് എന്തുമാകാം, സ്നേഹത്തിന്റെ ഒരു പ്രവൃത്തിയായിരിക്കാം, ക്ഷമയായിരിക്കാം, സഹായമായിരിക്കാം എല്ലാറ്റിനുമുപരി അത് ഒരു പ്രാര്‍ത്ഥനയായിരിക്കാം...
ഇഷ്ടമില്ലാത്തവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍ ഇഷ്ടമില്ലാത്തവര്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് സഭ പറയുന്നത്. ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് നമ്മോട് പറയുന്നത് മറ്റാരുമല്ല, ഈശോ തന്നെയാണ്.
ഇഷ്ടമില്ലാത്തവര്ക്കുവേണ്ടി നാം കുര്‍ബാനയിലും അനുദിനപ്രാര്ത്ഥനയിലുമൊക്കെ പ്രാര്‍ത്ഥിക്കണം. നാം അവരെ നേരില്‍ കാണുകയാണെങ്കില്‍, ദൈവമേ അവരെ അനുഗ്രഹിക്കണമേ എന്ന് പ്രാര്‍ത്ഥിക്കണം. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ, സ്ഥിരമായി അങ്ങനെ ചെയ്യുമ്പോള്‍ അത് വളരെ എളുപ്പമാകും. സത്യത്തില്‍ ആ പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തില്‍ നിന്നും വെറുപ്പിനെ നീക്കി സ്നേഹം നിറയ്ക്കും.
നമുക്ക് ഇഷ്ടമില്ലാത്തവരെ സ്നേഹിക്കുക എന്നാല്‍ അവര്‍ക്ക് നന്മ വരട്ടെ എന്ന് ആഗ്രഹിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നാം ദൈവത്തിന്റെ സ്നേഹത്തിന് ആധികാരികമായ സാക്ഷ്യം നല്‍കുകയാണ് ചെയ്യുന്നത്.
Send your feedback to : onlinekeralacatholic@gmail.com