നോമ്പാചരണം വെറും ആചരണമാകാതിരിക്കാന് 10 മാര്‍ഗ്ഗങ്ങള്‍
ജെയ്സണ്‍ പീറ്റര്‍ - ഫെബ്രുവരി 2020
എല്ലാ വര്‍ഷവും പതിവുപോലെ നാം നോമ്പാചരിക്കാറുണ്ട്. മത്സ്യവും മാംസവും ഒഴിവാക്കുന്നു. ത്യാഗമനുഷ്ഠിക്കുന്നു. എന്നിട്ടൊന്നും ജീവിതത്തില്‍ യാതൊരു മാറ്റവും ഇല്ലാതെ പോകുന്നുവെങ്കില്‍ നോമ്പാചരണം ഫലപ്രദമായില്ല എന്നാണര്‍ത്ഥം. എങ്കില്‍പ്പിന്നെ എങ്ങനെയാണ് ഫലപ്രദമായ, വിശുദ്ധമായ ഒരു നോമ്പാചരണം. പേടിക്കേണ്ട നന്നായി നോമ്പാചരിക്കുവാനുമുണ്ട് ടിപ്സ്.
എപ്പോഴും എവിടെയും ദൈവം നല്‍കുന്നത് സമൃദ്ധമായിട്ടാണ്. ക്രൈസ്തവരെ സംബന്ധിച്ച് വലിയ ദൈവകൃപയുടെ രണ്ട് സീസണുകളാണുള്ളത്. ആഗമനകാലവും നോമ്പുകാലവും. നോമ്പുനോറ്റും ത്യാഗമനുഷ്ഠിച്ചും ദൈവകൃപ നാം വാരിക്കൂട്ടുന്ന കാലമാണിത്. ആഗമനകാലം തിരുപ്പിറവിക്കായി നാം ഒരുങ്ങുന്നു. നോമ്പുകാലത്ത് ക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും നാം ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കണമെങ്കില്‍ നാം ഉദാരമനസ്ക്കരായി ജീവിക്കുകയും നോമ്പുകാലത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുകയും വേണം. അതില്ലാതെ പോകുമ്പോഴാണ് നോമ്പാചരണം വെറും ആചരണമായി കടന്നുപോകുന്നത്. ഒരു കാര്യം ഓര്‍ക്കണം നോമ്പുകാലം വലിയൊരു സമ്മാനവും കൃപയുടെ പൂക്കാലവുമാണ്.
ഈ നോമ്പുകാലം നമ്മുടെ ജീവിതത്തിലെ ഏറ്റവും ഒടുവിലുത്തെ നോമ്പാണ് എന്ന് കരുതിക്കൊണ്ടു തന്നെ അതൊന്ന് ആചരിച്ചുനോക്കൂ. ഈ നോമ്പുകാലം ജീവിതത്തിലെ ഏറ്റവും മികച്ചതാക്കിമാറ്റാം. നോമ്പുകാലം ഫലവത്താക്കാന്‍ ഇതാ 10 ടിപ്സ്.
1. പ്രാര്‍ത്ഥന
നോമ്പുകാലത്ത് നമുക്ക് അനുകരിക്കാന്‍ പറ്റിയ ബൈബിളിലെ കഥാപാത്രമാണ് മറിയം. മര്‍ത്താ മറിയം സഹോദരിമാരില്‍ മര്‍ത്താ ഓടി നടന്ന് എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. മറിയം ആകട്ടെ ഈശോയുടെ പാദാത്തികത്തില് ഇരുന്നു. ഈശോയുടെ മുഖത്തേക്ക് നോക്കിയിരുന്നു. വളരെ സ്നേഹത്തോടും സൗഹൃദത്തോടും കൂടി അവിടുത്തോട് സംസാരിച്ചു. അതുകൊണ്ട് ഈ നോമ്പുകാലത്ത് മര്ത്തയെപ്പോലെയല്ല, മറിയത്തെപ്പോലെയാകുക. കാരണം പ്രാര്‍ത്ഥന ഈശോയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.
2. അനുരജ്ഞനവും സമാധാനവും
ജീവിതത്തില്‍ നമുക്ക് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടാകും. നമുക്ക് വെറുപ്പോ, കലിപ്പോ, അമര്‍ഷമോ, നീരസമോ ഉള്ള കഥാപാത്രങ്ങളുണ്ടെങ്കില്‍ ഇതുതന്നെയാണ് അനുരജ്ഞനപ്പെടാനുള്ള ഉചിതമായ സമയം. എങ്കില്‍ മാത്രമേ സമാധാനമുണ്ടാകു. വെറുപ്പും കൊണ്ടുനടന്നാല്‍ ദൈവത്തിന് നിങ്ങളുടെ ഉള്ളിലേക്ക് വരാനാവില്ല. നേമ്പുകാലത്ത് വേലികള്‍ പൊളിച്ച് പാലം പണിയാം. ദമ്പതികളാണെങ്കില്‍ ഐ ലവ് യു. അയാം സോറി. ഐ ഫൊര്‍ഗീവ് യൂ... ഈ മൂന്ന് വാചകങ്ങള്‍ വലിയ ഗുണം ചെയ്യും. ജീവിതത്തില്‍ സ്നേഹത്തിന്റെ സമാധാനത്തിന്റെ പുളിമാവ് ചേര്‍ക്കേണ്ട സമയമാണ് നോമ്പുകാലം.
3. പ്രായ്ശ്ചിത്തം
പശ്ചാത്തപവും പ്രാശ്ചിത്തവും നോമ്പുകാലത്ത് നമ്മെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും. പശ്ചത്താപിക്കുന്നില്ലെങ്കില് നിങ്ങള്‍ നശിക്കും എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. ദൈവസ്നേഹത്തെപ്രതിയും ആത്മാക്കള്‍ക്കുവേണ്ടിയും നമുക്ക് സാധിക്കുന്ന കാര്യങ്ങള്‍ നാം ഉപേക്ഷിക്കണം. സ്വയം നോ പറയുക. ദൈവത്തോട് യെസ് പറയുക. ദൈവത്തിന് ഇഷ്ടമായതുചെയ്യുവാന് പരിശുദ്ധാത്മാവിനോട് സഹായിക്കണമെന്ന് യാചിക്കുക.
4. ബൈബിള്‍, ദൈവത്തിന്റെ വചനം
നോമ്പുകാലത്ത് ദൈവവചനത്തിനായി ദാഹിക്കുക. മനുഷ്യന് അപ്പം കൊണ്ടുമാത്രമല്ല ദൈവത്തിന്റെ വചനം കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് ഈശോ സാത്താനോട് പറഞ്ഞിട്ടുണ്ട്. ഈ നോമ്പുകാലം ദൈവവചനം വായിച്ച് ധ്യാനിക്കുക. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞതുപോലെ വായിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക. പ്രാര്‍ത്ഥനയിലൂടെ കിട്ടുന്നത് പ്രവര്ത്തിയിലാക്കുക. അത് ജീവിതത്തെ നവീകരിക്കും. പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ ഇനി ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നുവെന്ന് പറയാന്‍ കഴിയണം.
5. ദാനധര്‍മ്മം
നോമ്പുകാലം കൊടുക്കാനുള്ളതാണ്. പ്രത്യേകിച്ചും പാവപ്പെട്ടവര്‍ക്ക്. രോഗികള്‍ക്കും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും, സമൂഹം തിരസ്ക്കരിച്ചവര്ക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ തിരസ്കകരിക്കപ്പെട്ടവരെ ചുംബിക്കുന്നതും പാവപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തുന്നതും കാണുക. ഈ ചെറിയവരില്‍ ഒരുവന് നീ ചെയതതെല്ലാം എനിക്കുതന്നെയാണ് ചെയതത് എന്ന ക്രിസ്തുവചനം ഓര്‍ക്കാം.
6. ടാലന്റ്സ്, ടൈം, ട്രെഷേര്‍സ്
ഇവ മൂന്നും മറ്റുള്ളവര്‍ക്കായി മാറ്റിവെക്കുക. സമയം മറ്റുള്ളവര്‍ക്കായി ചിലവഴിക്കുക. കഴിവുകള്‍ ഉപയോഗിക്കുക. മടി ഒഴിവാക്കി. ദൈവം നല്കിയ കഴിവുകള്‍ പ്രയോജനപ്പെടുത്തുക. നിങ്ങള്‍ക്ക് അധികം ഭക്ഷണമുണ്ടെങ്കില്‍, വസ്ത്രമുണ്ടെങ്കില്‍, വസ്തുക്കളുണ്ടെങ്കില്‍ മറ്റുള്ളവരുമായി പങ്കിടുക.
7. ആനന്ദം
ക്രിസ്തുശിഷ്യന്റെ മുഖ മുദ്ര ആനന്ദമാണ്. ജോയ്. എന്നാല്‍ ജീസസ് ആദ്യം, അദേര്‍സ് രണ്ടാമത്, ഐ മൂന്നാമത് വരുമ്പോഴാണ് ജോയ് ആകുന്നത്. സ്വാര്‍ത്ഥത വെടിയുക. അപ്പോള്‍ പരിശുദ്ധാത്മാവ് നല്കുന്ന ആനന്ദം നമുക്ക് ലഭിക്കും. പരിശുദ്ധാത്മാവ് എന്നില്‍ നിറയുമ്പോള്‍ നാം കണ്ടുമുട്ടുന്നവരിലേയ്ക്കും പരിശുദ്ധാത്മാവ് പ്രവഹിക്കും.
8.അനുദിന കുര്‍ബാന സ്വീകരണം
യേശുവിനോട് അടുത്തിരിക്കുകയാണ് നോമ്പിന്റെ ലക്ഷ്യം. അതിനായി എല്ലാം ദിവസവും കുർബാനയിൽ പങ്കെടുക്കുക. അനുദിന കുര്‍ബാന സ്വീകരണത്തിലൂടെ, ദൈവത്തെ നമ്മുടെ ഉള്ളിലേക്ക് വിളിച്ചുകൊണ്ടുവരിക. എന്നും ഓരോ നിയോഗവുമായി പള്ളിയില്‍ പോകുക.
ക്രിസ്തു ഇത്രമാത്രം വേദന അനുഭവിച്ചത് പാപത്തിന്റെ ഭീകരത നമുക്ക് കാണിച്ചുതരുവാനും അവിടുത്തെ സ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തിത്തരുവാനായിരുന്നുവെന്നും വി. ഇഗ്നേഷ്യസ് ലയോള പറയുന്നു. നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും പാപപരിഹാരത്തിനായി ബലി അര്‍പ്പിക്കുക. അബോര്ഷന്, ദയാവധം, സ്വവര്‍ഗ്ഗഭോഗം തുടങ്ങിയ പാപങ്ങള്‍ തുടച്ചുനീക്കുവാനായി ബലിയര്‍പ്പിക്കുക.
9. നിങ്ങളുടെ ദൗര്‍ബല്യങ്ങളെ കീഴടക്കുക.
ഓരോരുത്തര്‍ക്കും ഓരോ ദൗര്‍ബല്യങ്ങളുണ്ട്. ആ വീക്ക് പോയിന്റിലൂടെയാണ് സാത്താന് ഉള്ളില്‍ പ്രവേശിക്കുന്നതും നമ്മെ പാപത്തിന് അടിമകളാക്കുന്നതും. അത് കണ്ടെത്തുക. അത് അലസത, അസൂയ തുടങ്ങിയ മൂലപാപങ്ങളാകാം. അതിനെല്ലാം എതിരെ പോരാടാനുള്ള ശക്തി സംഭരിക്കുക.
10. മാതാവിന്റെ കൈപിടിക്കുക
മാതാവിന്റെ കൈപിടിച്ച് നോമ്പുകാലത്തെ അഭിമുഖീകരിക്കുക. കൊന്ത ചൊല്ലുക, കരുണ കൊന്ത, കുരിശിന്റെ വഴി ഇവയെല്ലാം ചൊല്ലുന്നത് നോമ്പിന്റെ ചൈതന്യം നമ്മില്‍ നിറയുന്നതിന് കാരണമാകും.
Send your feedback to : onlinekeralacatholic@gmail.com