എങ്ങനെയാണ് രോഗങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കേണ്ടത്
ജോര്‍ജ് .കെ. ജെ - മാർച്ച് 2020
ജീവിതത്തില്‍ സഹനങ്ങളുണ്ടാകുമ്പോള്‍ അത് ദൈവത്തിന് സമര്‍പ്പിക്കുക, എങ്കില്‍ മാത്രമേ അത് ഫലദായകമാകൂ.
സാധാരണ നമുക്ക് രോഗമുണ്ടാകുമ്പോള്‍ നാം ഉള്ളിലേക്ക് വലിയുന്നു, നമ്മില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വയം രക്ഷിക്കാനായി പരിശ്രമിക്കുന്നു. ശരിയാണ് രോഗവിമുക്തിക്കായി നാം സാധ്യമായ മരുന്നുകളും പരിചരണവും നേടുമ്പോള്‍ തന്നെ, നാം നമ്മുടെ സഹനത്തെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ട് അത് ആത്മീയമായി ഫലവത്താക്കി മാറ്റണം.
ഇന്ഡ്രൊഡക്ഷന് ടു ദ ഡിവോട്ട് ലൈഫ് എന്ന പുസ്തകത്തില്‍ വി. ഫ്രാന്‍സിസ് ഡി സാലസ് പറയുന്നു ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിച്ചിരിക്കുന്ന രോഗങ്ങള്‍ നാം എളിമയോടും ക്ഷമയോടും കൂടി സ്വീകരിക്കണമെന്ന്. അതിന് നമുക്ക് ദൈവത്തിന്റെ പരിപാലനയില്‍ വിശ്വാസമുണ്ടായിരിക്കണം. അതുപോലെ ദൈവം നമ്മുടെ ജീവിതത്തില്‍ ഈ സഹനം അനുവദിച്ചിരിക്കുന്നത് പ്രത്യേകമായ ഒരു കാര്യത്തിന് വേണ്ടിയാണ് എന്ന സത്യവും നാം തിരിച്ചറിയണം.
സഹനത്തിലും സന്തോഷത്തിലും ഒരു പോലെ ദൈവത്തിന് നന്ദിപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ദൈവം അതാണ് ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ സഹനങ്ങളുണ്ടാകുമ്പോഴും ദൈവം അത് മാറ്റിത്തരുമ്പോഴും നാം ദൈവത്തോട് നന്ദിയുളളവരായിക്കണം.
ദൈവത്തിന്റെ പക്കല്‍ നിന്ന് നാം രോഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ തന്നെ നാം അത് ദൈവത്തിനു തന്നെ ബലിയായി തിരികെ നല്‍കണം, ദൈവഹിതം നിറവേറ്റുന്നതിനുവേണ്ടി.
നീ രോഗിയായിരിക്കുമ്പോള്‍, നിന്റെ വേദനകളും ബലഹീനതകളും പ്രിയ ദൈവത്തിന് സമര്‍പ്പിക്കുക, എന്നിട്ട് അവിടുന്ന് നിനക്കുവേണ്ടി അനുഭവിച്ച വേദനകളോട് അത് ചേര്‍ത്ത് വെക്കണമെ എന്ന് പ്രാര്‍ത്ഥിക്കുക. രോഗകാലങ്ങളില്‍ ക്രിസ്തു നിനക്കുവേണ്ടി അനുഭവിച്ച വേദനകളും സഹനങ്ങളും അനുസ്മരിക്കുക.
രോഗങ്ങളിലൂടെ കടന്നുപോകുക ദുഷ്ക്കരമാണ്, പക്ഷേ, നാം ദൈവത്തിന് അത് സമര്‍പ്പിച്ചുകൊണ്ട് മുന്നേറുമ്പോള്‍ അത് ലഘുവായിത്തീരും.
Send your feedback to : onlinekeralacatholic@gmail.com