യൂദാസിനെ തോളിലേറ്റിയ നല്ല ഇടയന് നല്കുന്ന സന്ദേശം
ഫാ. ജോണ്‍ മണ്ണാറത്തറ - ഏപ്രില്‍ 2025
കുറ്റവും രക്ഷയുമാണ് യേശുവും യൂദാസും പ്രതിനിധീകരിക്കുന്നത്. ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുത്തപ്പോള്‍ നഷ്ടമായത് രക്ഷയും കിട്ടിയത് ശിക്ഷയുമാണ്. മനുഷ്യാത്മാവിനെ നാണയത്തിന് പണയപ്പെടുത്താവുന്നതല്ല. ''ഒരുവന് ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം?'' ഈ തിരുവചനം യേശു പറയുന്നിടത്ത് യൂദാസും ഉണ്ടായിരുന്നു. കാര്യത്തോടടുത്തപ്പോള്‍ യൂദാസ് താത്കാലിക ലാഭത്തില്‍ അഭിരമിച്ചു.
കുറ്റബോധവുമായി യൂദാസ് ഓടിയെത്തിയത് തിന്മയുടെ കരാറുകാരുടെ പക്കലേക്കാണ്. ''അതിനു ഞങ്ങള്‍ക്കെന്ത്?'' എന്ന ചോദ്യത്തോടെ യൂദാസിനെ പുച്ഛിച്ച് കൈയ്യൊഴിയുകയാണ്. തിന്മയുടെ കൂട്ടാളികള്‍ നേടേണ്ടത് നേടികഴിയുമ്പോള്‍ ഇടനിലക്കാരനെ ആട്ടിയകറ്റി. ചുംബനം ഇത്രമേല്‍ മാര
കമാകുന്നത് അത് വഞ്ചനയാകുമ്പോഴാണ്.
പ്രകാശകിരണങ്ങള്‍ ഒരിക്കലും എത്താത്ത ഇരുണ്ട ദുര്‍ഗമായി ഹൃദയം അടയുമ്പോഴാണ് ദുരന്തം ഭീകരമാകുന്നത്. യൂദാസ് എന്ന പേര് വഞ്ചനയുടെയും ലാഭേച്ഛയുടെയും ഗുരുനിന്ദയുടെയും പര്യായമാകുന്നതോടെ ചരിത്രത്തില്‍ യൂദാസിനോടുള്ള വെറുപ്പ് കലുഷിതമായിക്കൊണ്ടിരുന്നു. ഒരു വ്യക്തിയുടെ കുറ്റംകൊണ്ട് ഒരു സമൂഹത്തെ ആകെ ഉന്മൂലനം ചെയ്യുന്ന സെമിറ്റിക് വിരുദ്ധ പ്രവണതയ്ക്ക് ചരിത്രം സാക്ഷിയായി.
'ദ ലാസ്റ്റ് സപ്പര്‍' വരയ്ക്കുന്നതിന് ലിയനാര്‍ഡോ ഡാ വിഞ്ചി യേശുവിനും ശിഷ്യര്‍ക്കും മോഡലുകളെ തിരയുന്ന കഥയുണ്ട്. യേശുവിനെ വരയ്ക്കാന്‍ കോമളനായ യുവാവിനെ തിരഞ്ഞെടുത്തശേഷം, ഓരോരുത്തരെയായി ശിഷ്യന്മാരെ വരയ്ക്കാനും കണ്ടെത്തി. യൂദാസിനെ വരയ്ക്കുന്നതിന് തിന്മയുടെ ക്രൂരത ആവാഹിക്കുന്ന ഒരാളെ കണ്ടെത്താന്‍ പതിനൊന്നു വര്‍ഷം ഡാ വിഞ്ചിക്ക് കാത്തിരിക്കേണ്ടി വന്നു. യൂദാസിന്റെ മോഡലിനെ ഇരുത്തി ഡാ വിഞ്ചി വരയ്ക്കുന്നതിനിടെ 'ഈ മനുഷ്യന് അതുതന്നെ' എന്നു തിരിച്ചറിയുകയാണ്. യേശുവിനായി നിന്ന അതേയാള്‍ ഇന്ന് യൂദാസിലേക്ക് അപചയപ്പെട്ടു.
ആത്മവിമര്‍ശനത്തില്‍ യേശുവും യൂദാസും ഒരാളില്‍തന്നെ മിന്നിമറയുന്ന വിധി വൈപരീത്യം തിന്മയില്‍നിന്നും നന്മയിലേക്കുള്ള ആഹ്വാനവും അടയാളവുമാണ്. വിശുദ്ധി ആര്‍ജ്ജിച്ചെടുക്കേണ്ട അഭിരുചിയാണ്. എങ്കിലും എല്ലാ ഇടര്‍ച്ചയിലും 'എന്റെ കൃപ മതി' എന്ന് ക്രിസ്തു നമ്മുടെ മനസാക്ഷിയില് നിരന്തരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു.
തൂങ്ങിമരിച്ച യൂദാസിന്റെയും യൂദാസിനെ തോളിലേറ്റി നില്ക്കുന്ന നല്ല ഇടയന്റെയും കലാരൂപം വെസെലെയിലെ മഗ്ദലനാ മറിയത്തിന്റെ ബെസലിക്കയെ വ്യത്യസ്തമാക്കുന്നു. മുള്ളിലുടക്കിയ ആടിനു പകരം ക്രിസ്തു തോളിലേറ്റിയിരിക്കുന്നത് നഷ്ടപ്പെട്ട പ്രിയ ശിഷ്യനെയാണ്. ഇതിനെ പരാമര്‍ശിച്ച് ഫാദര്‍ ഡോണ്‍ പ്രിമോ മസോളാരി നടത്തിയ പ്രസംഗം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉദ്ധരിച്ചു സംസാരിക്കുന്നുണ്ട്.
'പാവം യൂദാസ്!'..പുരോഹിതന് പറഞ്ഞു തുടങ്ങി:
'അയാളുടെ ആത്മാവിനെ അപഹരിച്ചത് എന്ത് ദുര്ബോധമാവും എന്ന് എനിക്കറിയില്ല. തമ്പുരാനോടുള്ള സ്നേഹാഭിനിവേശത്തിന്റെ കാര്യത്തില്‍ ഏറ്റവുമേറെ ദുര്‍ജ്ഞേയത പുലര്‍ത്തുന്ന വ്യക്തിത്വങ്ങളിലൊരാളാണയാള്.
ആ പാവം സഹോദരനോടല്പ്പം കരുണ കാണിക്കണമെന്ന് മാത്രമാണ് എനിക്ക് നിങ്ങളോട് അഭ്യര്ഥിക്കുവാനുള്ളത്. നിങ്ങള്‍ അയാളോട് ബന്ധപ്പെട്ട് നില്ക്കുന്നു എന്നതോര്‍ത്ത് ലജ്ജിക്കേണ്ട കാര്യമില്ല. ദൈവത്തോട് എത്രതവണ വഞ്ചന നടത്തിയെന്ന് വ്യക്തമായ ആത്മബോധമുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്കതില്‍ അശേഷം ലജ്ജ തോന്നുന്നില്ല. യൂദാസിനെ സോദരനെന്ന് വിളിക്കുമ്പോള്‍ നാം ദൈവിക ഭാഷയെയാണ് അനുധാവനം ചെയ്യുന്നത്. ഗത്സമേനില്‍ വെച്ച് യൂദാസിന്റെ വഞ്ചനയുടെ ചുംബനമേറ്റുവാങ്ങവെ നാഥന് അയാളോട് പ്രതിവചിച്ചത് ഇപ്രകാരമായിരുന്നു: 'സുഹൃത്തേ, ഒരു ചുംബനം
കൊണ്ട് നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നുവോ?' നമുക്ക് ആ വാക്യം ഒരിക്കലും മറക്കാതിരിക്കാം.'
'സുഹൃത്തേ!' എന്ന പ്രയോഗം ദൈവത്തിന്റെ ഉപവിയുടെ നിസ്സീമമായ സ്നിഗ്ദധതയാണ് അടയാളപ്പെടുത്തുന്നതെന്ന് ഡോണ്‍ പ്രിമോ മസോളാരി അഭിപ്രായപ്പെടുന്നു. താന്‍ അയാളെ സഹോദരന് എന്ന് വിശേഷിപ്പിച്ചതിന്റെ വിശദീകരണവും അതില്‍ അന്തര്‍ലീനമാണെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു.
സെഹിയോന്‍ ഊട്ടുശാലയില്, 'നിങ്ങളെ ഞാന്‍ സുഹൃത്തുക്കളെന്നേ വിളിക്കുകയുള്ളൂ' എന്ന് ക്രിസ്തു വ്യക്തമാക്കിയിരുന്നു. അപ്പോസ്തലന്മാര്, അവര്‍ നല്ലവരായാലും അധമരായാലും ഉദാരമതികളായാലും ലുബ്ധരായാലും വിശ്വാസികളായാലും അവിശ്വാസികളായാലും, അതോടെ അവിടുത്തെ തോഴന്മാരായി മാറുകയാണ്! നമുക്ക് ക്രിസ്തുവിന്റെ സൗഹാര്‍ദത്തെ ഒറ്റിക്കൊടുക്കുവാന്‍ സാധിക്കില്ല. ക്രിസ്തു ഒരിക്കലും നമ്മെ, അവിടുത്തെ സുഹൃത്തുക്കളെ, ചതിക്കുകയില്ല. നാം അതര്‍ഹിക്കാത്ത ഘട്ടങ്ങളിലും ക്രിസ്തുവിന് എതിര് നില്ക്കുന്ന ഘട്ടങ്ങളിലും ക്രിസ്തുവിനെ നിരസിക്കുന്ന ഘട്ടങ്ങളിലും അവിടുത്തെ ഹൃദയവനിയിലും തിരുനയനങ്ങളിലും എപ്പോഴും ദൈവത്തിന്റെ എളിയ തോഴന്മാരായാവും നാം ഗണിക്കപ്പെടുക. തന്റെ നാഥനെ ഒരു ചുംബനത്തിലൂടെ ഒറ്റിക്കൊടുക്കുന്ന ദുര്‍നിമിഷത്തിന്റെ അഗ്രസ്ഥായിയിലെത്തുമ്പോഴും യൂദാസ് ദൈവത്തിന്റെ തോഴനായിത്തന്നെ തുടരുകയാണെന്നോര്‍ക്കുക.''
ദൈവത്തിന്റെ നിസ്വന് എന്ന നിക്കോസ് കസാന്ത്സാകിസിന്റെ പുസ്തകത്തില്‍ ഫ്രാന്‍സിസ് അസ്സീസി ക്ലാരയോടും കൂടെയുള്ള സഹോദരിമാരോടും സംസാരിക്കുന്ന ഒരു മുഹൂര്‍ത്തം ഉണ്ട്. ഫ്രാന്‍സിസ് പറയുന്നു, 'രക്തദാഹിയും വികൃതരൂപനുമായ സാത്താന്റെ മൂര്‍ദ്ധാവില്‍ ദൈവം ചുംബിച്ചാല്‍ തീര്‍ച്ച
യായും അവന് വീണ്ടും ഉന്നതമാലാഖയായി മാറും. ദൈവമേ നീ, അപാരമായ സ്നേഹം, തിന്മയുടെ സാത്താന് മുത്തംവെച്ചാല് അവന്റെ മുഖത്ത് ആദിയി
ലെ പ്രഭാപ്രസരണം തിരികെ കിട്ടും.'
ആരും നഷ്ടപ്പെടാതിരിക്കാന്‍ ദൈവത്തിന്റെ കരുണ സദാ നമ്മെ ആവരണം ചെയ്യുന്നു. ദൈവത്തിന്റെ ആലിംഗനത്തില്‍ സമസ്തവും വീണ്ടെടുക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com