ശിഷ്യന്മാരുടെ കാലുകഴുകിയ ഗുരു
ഫാ. മാര്ട്ടിന് എന്‍ ആന്റണി - മാര്‍ച്ച് 2021
ഈശോയ്ക്ക് തന്റെ മരണസമയം അടുത്തു എന്ന ബോധ്യമാണ് കാലുകഴുകല്‍ എന്ന തന്റെ അവസാനത്തെ പാഠം നല്കാന് പ്രേരിപ്പിച്ചത്. ഇനി പഠിപ്പിക്കലില്ല. പ്രാര്‍ത്ഥനയും താന്‍ എന്തൊക്കെയാണ് ശിഷ്യരെ പഠിപ്പിച്ചത് അതിന്റെയെല്ലാം പ്രവര്ത്തിതലങ്ങളുമാണ്. അതായത് നിശബ്ദമായ ഒരു കാല്‍വരി യാത്ര.
അവന് ആരുടെ കാലാണ് ആദ്യം കഴുകിയതെന്നോ ആരുടേതായിരുന്നു അവസാനത്തേതെന്നോ സുവിശേഷം വ്യക്തമാക്കുന്നില്ല. യേശു യൂദാസിന്റെ കാല് കഴുകിയെന്നും ഇല്ലെന്നും ഉള്ള തര്‍ക്കങ്ങള്‍ ആദിമസഭയില്‍ ഉണ്ടായിരുന്നു. ഈ തര്‍ക്കം തന്നെയാണ് സഭാപിതാക്കډാരായ ഒറിജിനും അഗസ്റ്റിനും തമ്മിലുള്ള വ്യത്യാസം. എന്തായാലും ആരില്‍നിന്നും തുടങ്ങിയെന്നും ആരില്‍ അവസാനിച്ചുവെന്നും സുവിശേഷം വ്യക്തമാക്കുന്നില്ല. അതുകൊണ്ട് തന്നെ കാലുകഴുകല്‍ നിത്യതയുടെ ഭാഗമാണ്. കാരണം യേശുവിന്റെ ഈ പ്രവര്‍ത്തിക്ക് ആദ്യാവസാനങ്ങളില്ല. അതായത് കാലുകഴുകല്‍ എന്നത് സഭയുടെ ഐഡന്റിറ്റിയാണ്.
യേശുവിന്റെ ഈ പ്രവര്‍ത്തി മുകളില്‍ നിന്നും ഇട്ടുകൊടുക്കുന്ന ദാനധര്‍മ്മ പരിപാടി അല്ല. മറിച്ച് അടിത്തട്ടിലേക്ക് ഇറങ്ങിവന്നു താഴെനിന്നുള്ള ഉയര്‍ത്തലാണ്. കര്‍ത്താവും ഗുരുവുമാണ് യേശു. അധികാരമുള്ളവന് ദാസനായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകുന്നു. എല്ലാവരും തന്നെ പോലെ ദാസരാകു, നമ്മളെല്ലാവരും സമരാണ്, ആരും ആര്‍ക്കും മുകളിലല്ല എന്ന സന്ദേശമാണ് അവന് നല്‍കുന്നത്. പറഞ്ഞുവരുന്നത് സഭയുടെ ഐഡന്റിറ്റിയുടെ കാര്യമാണ്.
ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന പത്രോസിനാണ് ഇത് വിഷമതകള്‍ ഉണ്ടാക്കുന്നത്. അവന് യേശുവിനെ തടയുന്നു. എല്ലാവരും സമരാണെന്നും ഉയരങ്ങളില്‍ നിന്നല്ല താഴെ നിന്നാണ് എല്ലാം തുടങ്ങേണ്ടതും. സാഹോദര്യത്തിനാണ് സ്വാര്‍ത്ഥതയെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതും എന്ന ഗുരുവിന്റെ സന്ദേശം അവന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.
ജോര്‍ജ് ഓര്‍വെല്‍ തന്റെ ആനിമല്‍ ഫാം എന്ന നോവലില്‍ പറയുന്നതു പോലെ "ഓള് ആര് ഇക്വല്, ബട്ട് സം ആര് മോര് ഇക്വല്" എന്ന മനോഭാവമായിരിക്കണം പത്രോസിന്റെ അപക്വമായ മനസ്സില്‍ ഉണ്ടായിട്ടുണ്ടാവുക. ചിലപ്പോള്‍ കൂട്ടത്തില്‍ പ്രായം കൂടിയവനായതുകൊണ്ടായിരിക്കണം ദാസന് എന്ന സങ്കല്പത്തിനോടും കാലു കഴുകലിനോടും ഇത്തരി അകലം കാണിച്ചതെന്നു തോന്നുന്നു.
എന്തായാലും അവസാനം കര്‍ത്താവേ നീ എന്നെ കുളിപ്പിച്ചോ എന്ന് പറഞ്ഞത് ഇത്തിരി കടന്ന കൈയ്യായിപ്പോയി.
ഇങ്ങനെയാണ് ചിലപ്പോള്‍ നമ്മളും. അവസാനം കര്ത്താവിനെപോലും കണ്‍ഫ്യൂഷനാക്കി കളയും. അതുകൊണ്ടാണ് ഇപ്പോഴും അധികാരം വിട്ടുകൊണ്ടുള്ള ഒരു കളിയും നമുക്കില്ല. കാലുകഴുകല്‍ എന്നത് നമ്മുടെ ഐഡന്റിറ്റിയാണ് എന്ന കാര്യം മറന്നു ഒരു റിച്വല്‍ ആയി മാത്രം ചുരുങ്ങിയിരിക്കുന്നു. സ്വയം ശൂന്യനായ യേശുവിനെ ഇനിയും അറിയേണ്ടിയിരിക്കുന്നു.
Send your feedback to : onlinekeralacatholic@gmail.com