ഓര്‍മ്മകള്‍ പേറി ചിറകു കുഴയുന്നവര്‍
ജോര്‍ജ് കൊമ്മറ്റം - ജനുവരി 2021
ആകാശത്തില്‍ പാറിപറന്ന് നടക്കാന്‍ ആ പക്ഷിക്ക് വലിയ ഇഷ്ടമായിരുന്നു. കാറ്റിന്റെ മര്‍മ്മരവും ഉദയസൂര്യന്റെ മനോഹാരിതയും ആസ്വദിച്ച് ആ പക്ഷി വിഹായസ്സിലങ്ങനെ പാറിപറന്നു. ജീവിതം സന്തോഷകരമായിരുന്നെങ്കിലും ആ പക്ഷിക്ക് ഒരു ശീലമുണ്ടായിരുന്നു. ഓരോ ദിവസവും അതിന് മറക്കാനാവാത്ത എന്തെങ്കിലും അനുഭവമുണ്ടായാല്‍ അത് ഒരു ചെറിയ കല്ല് ഓര്‍മ്മയ്ക്കായി കൊത്തിയെടുക്കും. ദുഖമായാലും സന്തോഷമായാലും അത് ഓരോ കല്ലുകള്‍ കൊത്തിയെടുത്തുകൊണ്ടിരുന്നു. ഓരോ ദിവസവും രാത്രി ആ കല്ലുകള്‍ എണ്ണിനോക്കും. സന്തോഷത്തിന്റെ കല്ലുകള്‍ കാണുമ്പോള്‍ അത് ചിരിക്കുകയും ദുഖത്തിന്റെ കല്ലുകള്‍ കാണുമ്പോള്‍ അത് കരയുകയും ചെയ്യുമായിരുന്നു. ഒരു കല്ലുപോലും കളയുവാന്‍ ആ പക്ഷിക്ക് മടിയായിരുന്നു. എപ്പോഴും അത് ആ കല്ലുകള്‍ കൂടെ കൊണ്ടുപോകും. ആകാശത്തില്‍ ഉയര്ന്നുപറക്കുമ്പോഴായാലും ഭൂമിയിലൂടെ നടക്കുമ്പോഴായാലും ആ കല്ലുകള്‍ ആ പക്ഷി ചിറകുകള്ക്കുള്ളില് സൂക്ഷിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. പക്ഷിയോടൊപ്പം നൂറുകണക്കിന് കല്ലുകളായി. സാവധാനം കല്ലിന്റെ കനം കൂടിവന്നു. പക്ഷിയേക്കാള്‍ കനം കല്ലുകള്‍ക്കായി. പറക്കാനാകാതെ പക്ഷി കൂട്ടില്‍ തന്നെ കഴിഞ്ഞുകൂടി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള പറക്കല്‍ തന്നെ പക്ഷിക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇത് വെറുമൊരു കഥയാണ്.
ഈ ബുദ്ധിശൂന്യയായ പക്ഷിയെപ്പോലെയാണ് നാമും. പലപ്പോഴും പഴയ ഓര്‍മ്മകളും പേറി നമ്മുടെ ചിറകുകളുടെ പറന്നുയരുവാനുള്ള കഴിവിനെ നാം നശിപ്പിക്കുന്നു. പഴയതിനെ വിട്ടുപോന്നാലേ നമുക്ക് ഉയരത്തിലേക്ക് പറക്കാനാകു. പഴതിനെ മുറുകെപ്പിടിക്കുമ്പോള്‍ നമ്മുടെ ചിറകിന്റെ ശക്തി ക്ഷയിച്ചുപോകും.
പഴയ ഓര്‍മ്മകളെ വിട്ടുപോകുന്നതിന് ആദ്യം നാം ചെയ്യേണ്ടത് അത് മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. മാത്രമല്ല, ദുഖമായാലും സന്തോഷമായാലും അത് അനുഭവിച്ചു തന്നെ തീര്‍ക്കുക. ദുഖം നാം അടച്ചുസൂക്ഷിച്ചാല്‍ അത് തികട്ടിവരും. അതുകൊണ്ട് കരയുമ്പോള്‍ കരയുകയും ചിരിക്കുമ്പോള്‍ ചിരിക്കുകയും ചെയ്യുക. അവനവനോട് സ്വയം ക്ഷമിക്കുക. സ്വയം ക്ഷമിക്കാന്‍ കഴിയാത്തവന് മുന്നോട്ട് പോകാനാവില്ല. ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കി അതിനെ സ്വീകരിക്കുക. ഭാവിയെ ലക്ഷ്യം വച്ച് ഉയര്ന്നുപറന്നുകൊണ്ടേയിരിക്കുക.
Send your feedback to : onlinekeralacatholic@gmail.com