ജീവിതം ഫുള്‍ ടെന്‍ഷനാണോ, അതിനു കാരണം ഇതാണ്
ജെയ്സണ്‍ പീറ്റര്‍ - മാർച്ച് 2020
ഒരു യുനിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെല്ലാവരും കൂടി അവരെ പഠിപ്പിച്ചിരുന്ന, വിശ്രമജീവിതം നയിക്കുന്ന അദ്ധ്യാപികയെ കാണാനെത്തി. എല്ലാവരും തന്നെ ജീവിതത്തില്‍ ഉന്നതവിജയം കൈവരിച്ച് വലിയ വലിയ പദവികളില്‍ വിലസുന്നവര്‍. തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയോട് അവര്‍ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചു. എന്നാല്‍, എല്ലാവരുടെയും വിശേഷങ്ങള്‍ ഒരുപോലെയാണ് അവസാനിച്ചിരുന്നത്. എല്ലാമുണ്ടെങ്കിലും ജോലിയിലും ജീവിതത്തിലും ഫുള്‍ ടെന്‍ഷനാണ്.
എല്ലാവരുടെയും പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന അദ്ധ്യാപിക അവരോട് പറഞ്ഞു. നമുക്ക് ഒരു കപ്പ് ചായ കുടിക്കാം. എല്ലാവര്ക്കും സന്തോഷമായി. അദ്ധ്യാപിക അടുക്കളയിലേയ്ക്ക് പോയി. ഒരു ഫ്ളാസ്കില്‍ നിറയെ ചായയുമായി വന്നു. ഒപ്പം പലതരത്തിലുള്ള ചായകോപ്പകളും ഉണ്ടായിരുന്നു. വിലകൂടിയ പോര്‍സലെയ്ന്‍ കപ്പുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, ക്രിസ്റ്റല്‍ കപ്പുകള്‍.. വളരെ മനോഹരമായ കപ്പുകള്‍. എന്നാല്‍, ആ കപ്പുകളോടൊപ്പം തന്നെ അദ്ധ്യാപിക ഏതാനും പ്ലെയിന്‍ കപ്പുകളും മേശപ്പുറത്ത് വെച്ചിരുന്നു. അദ്ധ്യാപിക അവരോട് പറഞ്ഞു. ഓരോരുത്തരും ചായയെടുത്ത് കുടിക്കുക. ഓരോരുത്തരായി കപ്പുകളെടുത്തു. ചായ പകര്‍ന്നു, കുടിക്കുവാന്‍ തുടങ്ങി.
എല്ലാവരും തിരഞ്ഞെടുത്തത് വളരെ വിലപിടിച്ചതും മനോഹരവുമായ കപ്പുകളായിരുന്നു. ആരും തന്നെ പ്ലെയിന്‍ കപ്പുകള്‍ എടുത്തില്ല. പ്രഫസര്‍ അവരോട് പറഞ്ഞു. ഇതുതന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളുടെയും ടെന്‍ഷന്റെയും കാരണം. ഏത് കപ്പ് ഏടുത്താലും നിങ്ങള്‍ കുടിക്കുന്ന ചായയുടെ ഗുണം വര്‍ദ്ധിപ്പിക്കുവാന്‍ അതിനൊന്നിനും കഴിയില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയിരുന്നത് ചായയായിരുന്നു, ചായകപ്പല്ല. എന്നാല്‍ നിങ്ങള്‍ ബോധപൂര്‍വ്വം അതിലെ ഏറ്റവും വിലപിടിച്ചതും മനോഹരവുമായ കപ്പുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ കപ്പ് സ്വന്തം കൈയിലിരിക്കുമ്പോഴും നിങ്ങളുടെ കണ്ണ് മറ്റുള്ളവരുടെ കപ്പിലായിരുന്നു.
ജീവിതം ചായയാണ്. നമ്മുടെ കരിയറും പണവും സമൂഹത്തിലെ സ്ഥാനമാനങ്ങളും വെറും ചായക്കപ്പുകള്‍ മാത്രം. അവ നമ്മുടെ ജീവിതത്തെ ഉള്‍ക്കൊള്ളുന്ന വെറും കപ്പുകളാണ്, ആ കപ്പുകള്‍ക്ക് നമ്മുടെ ജീവിതത്തെ നിര്‍വചിക്കുവാനോ ജീവിതത്തിന്റെ നിലവാരം കൂട്ടുവാനോ കൂടുതല്‍ സ്വാദ് പകരുവാനോ കഴിയുകയില്ല. അദ്ധ്യാപികയുടെ വാക്കുകള്‍ അവരുടെ മനംനിറച്ചു.
ഏറ്റവും സന്തോഷവാനായ വ്യക്തിക്ക് ഏറ്റവും നല്ലതെല്ലാം ഉണ്ടായിരിക്കണമെന്നില്ല. പക്ഷേ, അവര്‍ എല്ലാം ഏറ്റവും മഹത്തരമാക്കി മാറ്റുന്നു. അതുകൊണ്ട് ചായകപ്പുകളല്ല, ജീവിതമാകുന്ന ചായയാണ് പ്രധാനമെന്ന് തിരിച്ചറിയുക. ജീവിതം ടെന്‍ഷന്‍ ഫ്രീയാകും.
Send your feedback to : onlinekeralacatholic@gmail.com