വി. മദർതെരേസയെ ഇഷ്ടപ്പെടാനുള്ള കൊച്ചു കൊച്ചു കാരണങ്ങൾ
സൈമൺ സി.എം.ഐ - സെപ്തംബര് 2021
മദർ തെരേസയുടെ വിശുദ്ധ ജീവിതം നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളെ അടിമുടി ഉടച്ചുവാർക്കാനുതകുന്ന പ്രചോദനവും വെല്ലുവിളിയുമുയർത്തുന്നതാണ്. കൊച്ചുകൊച്ചു കാര്യങ്ങളിലാണ് മദർതെരേസയുടെ ശ്രദ്ധ ഏറ്റവും വേഗത്തിലോടിയെത്തിയിരുന്നത്.
1. ടെലഫോൺ, -എഴുത്തുകുത്തു നയം
സാധാരണഗതിയിൽ ഫോൺ രണ്ടുപ്രാവശ്യം റിംഗ് ചെയ്യുമ്പോഴേക്കും മദർതെരേസ റിസീവർ എടുത്തിരിക്കും! തന്നെ വിളിക്കാൻ സമയം നഷ്ടപ്പെടുത്തുന്ന വ്യക്തിയുടെ ത്യാഗത്തിന് അവർ കൊടുക്കുന്ന ബഹുമതിയാണത്. നമ്മളോ? ചിലർ ഫോൺ ആരുടേതാണെന്ന് നോക്കിയിട്ട് ഉപകാരമുള്ളതാണെങ്കിൽ മാത്രം എടുക്കും. മറ്റു ചിലർ ഫോൺ എടുക്കാറേയില്ല. വേറെ ചിലരാകട്ടെ ഫോൺ കുറച്ചങ്ങ് അടിക്കട്ടെ ഞാൻ തിരക്കാണെന്ന് അവർക്ക് തോന്നട്ടെ എന്ന് കരുതും.. അതാണ് മദറും നമ്മളും തമ്മിലുള്ള വ്യത്യാസം.
അതുപോലെതന്നെ, മദർ തെരേസയ്ക്ക് എഴുത്തയച്ചാൽ സ്വന്തം കൈപ്പടയിൽ മറുപടി കിട്ടുമെന്ന് കേട്ട് ഈ ലേഖകൻ ഒന്നു പരീക്ഷിച്ചു നോക്കി - അമ്മയ്ക്കൊരു ജന്മദിനാശംസ എഴുതിയയച്ചു. സത്യം! എനിക്കും കിട്ടി അമ്മയുടെ കൈയക്ഷരവും ഒപ്പും പതിഞ്ഞ മറുപടി -അതും മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ്!
നമുക്ക് മറ്റുള്ളവർ കുറിക്കുന്ന മെസ്സേജുകൾ, അവർ നമുക്കുവേണ്ടി നടത്തുന്ന സമയത്യാഗത്തിൻ്റെ തെളിവാണ്. ആ സമയത്യാഗത്തിനുള്ള ആദരമാണ് മറുപടിക്കുറിപ്പുകൾ.
നമുക്കു കിട്ടുന്ന മെസേജുകൾക്ക് നാം മറുപടി അയക്കാറുണ്ടോ? ഉണ്ടെങ്കിൽ എത്ര വേഗത്തിൽ. ഓരോ മറുപടിയും നാം അപരനെ പരിഗണിക്കുന്നു എന്നതിൻ്റെയും, വൈകുന്ന ഓരോ മറുപടിയും അപരനെ അവഗണിക്കുന്നു എന്നതിൻ്റെയും നേർസാക്ഷ്യമാണെന്നു കുറിക്കുമ്പോൾ സത്യത്തിൽ കൈ വിറയ്ക്കുന്നുണ്ട്.
2. ബഹുമതികൾ
മദർ തെരേസയ്ക്ക് കിട്ടിയ ബഹുമതി എന്ന ഒറ്റക്കാരണത്താൽ തന്നെ ആ അവാർഡിന് മഹത്വമേറുകയും ബഹുമതി കൊടുക്കുന്നവർ ആദരണീയരായിത്തീരുകയും ചെയ്യുന്ന അവസ്ഥയായിരുന്നു അവർ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നത്! തനിക്ക് കിട്ടിയ എണ്ണിയാൽ തീരാത്ത ബഹുമതികൾക്കൊന്നും കാര്യമായ മൂല്യമൊന്നും അവർ കൊടുത്തിരുന്നില്ല.
ഒരിക്കൽ മദർ തെരേസയുടെ ഒരു സന്യാസിനിസഹോദരിക്ക് പഠനത്തിൽ മൂന്നാം റാങ്ക് കിട്ടി. സ്വർണ മെഡൽ തന്നെയാണ് ലഭിച്ചതെന്നാണ് ജീവചരിത്രത്തിൽ കാണുന്നത്. സാഭിമാനം അവൾ അത് മദറിനെ അറിയിച്ചു. ആ യുവ സഹോദരിയെ അഭിനന്ദിച്ചിട്ട് മദർ പറഞ്ഞു: "മോളെ നമുക്കീ സ്വർണ്ണ മെഡൽ കൊണ്ട് എന്തുപകാരം? നാലാം റാങ്ക് കിട്ടിയ കുട്ടിക്ക് കൊടുത്തേരെ " സന്തോഷത്തോടെ അവൾ അതു ചെയ്തു. അവളുടെ സന്തോഷം ഇരട്ടിച്ചിരിക്കും -തീർച്ച. ലോകത്തിലെ നേട്ടങ്ങൾക്ക് അത്രയും വിലമാത്രമേ വിശുദ്ധ കൊടുത്തിരുന്നുള്ളു - അതിലപ്പുറം ഒന്നും അത് അർഹിക്കുന്നുമില്ല.
പണം കൊടുത്ത് അവാർഡ് നേടുന്നവരും, ബഹുമതി കിട്ടാത്തതിൽ പരിഭവിക്കുന്നവരും, ബഹുമതി കാത്തുകാത്തിരിക്കുന്നവരും ഒക്കെ അടങ്ങിയ സമൂഹത്തിൻ്റെ മനസ്സാക്ഷിയുടെ മുൻപിലാണ് ഈ സംഭവം സമർപ്പിക്കപ്പെടുന്നത്.
3. ദാരിദ്രം
ഭക്ഷണത്തിൽ
ചേരിയിലെ പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണമാണ് അമ്മ കഴിച്ചത്. ചോറും ഉപ്പും മാത്രം.!
പിന്നീട്, അത് ആരോഗ്യത്തെ ബാധിക്കും എന്ന വിദ്ഗ്ധോപദേശം മൂലം ചില മാറ്റങ്ങൾ വരുത്തിയെന്ന് കേട്ടിട്ടുണ്ട്. പട്ടിണിപ്പാവങ്ങളുടെ ഭാരതത്തിൽ അമിതാഹാരം മൂലം അസുഖം ഉണ്ടാക്കുന്നവരെക്കുറിച്ച് എന്ത് പറയാൻ!
വസ്ത്രത്തിൽ
പുതിയ സന്യാസസമൂഹം തുടങ്ങിയപ്പോൾ അവർ വെഞ്ചിക്കാനായി കൊണ്ടുപോയത് മൂന്നു സാരികളും ഒരു ക്രൂശിതരൂപവുമാണ്.
മൂന്ന് സാരികൾ എന്തിനെന്നോ?
ഒന്ന് ധരിക്കാൻ. മറ്റൊന്ന് അലക്കിയിടാൻ മൂന്നാമത്തേത് വിശേഷദിവസങ്ങളിൽ ധരിക്കാൻ. ചേരിയിലെ തൂപ്പു ജോലിക്കാരുടെ വസ്ത്രമാണ് അവർ തിരഞ്ഞെടുത്തത്. നമ്മുടെയൊക്കെ അലമാരയിൽ എത്രമാത്രം വസ്ത്രങ്ങൾ ഇരിക്കുന്നു എന്നൊന്ന് ആലോചിക്കുന്നതുനല്ലതാണ്. ആയിരത്തിൽ പരം സാരിയുണ്ടായിട്ടുപോലും സന്തോഷമില്ലാത്ത സഹോദരിമാരെയറിയാം.
വസ്ത്രങ്ങളിൽ ഒരിത്തിരിപോലും അഴുക്ക് കാണപ്പെടാതെ അത്രമാത്രം വൃത്തിയായി സൂക്ഷിച്ചിരുന്നു. അലമാരയിലേക്ക് ഒന്ന് നോക്കുക. നമുക്ക് എന്തിനാണ് ഇത്രയും വസ്ത്രങ്ങൾ എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉള്ള വസ്ത്രം വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ?
പണത്തിന്റെ ഉപയോഗം
പണത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള മദർ തെരേസയുടെ പോളിസിയെക്കുറിച്ച് പറയാനേറെയുണ്ട്. ഒരൊറ്റക്കാര്യം മാത്രം പറയട്ടെ, അവർ നാലാമതൊരു വ്രതം എടുത്തിരുന്നു:
പാവങ്ങളെ സൂക്ഷിക്കുന്നതിന് നായാ പൈസ പ്രതിഫലം വാങ്ങിയില്ല!
പ്രതിഫലത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് എന്താണ്?
4. അനുസരണം,
1946 ലാണ് ആണ് പുതിയ സന്യാസിനീ സഭയ്ക്ക് അനുവാദം ചോദിച്ചത് 1948 ൽ മാത്രമാണ് അനുവാദം കിട്ടിയത്. അതുവരെ യാതൊരു പരിഭവവുമില്ലാതെ അവർ സന്തോഷത്തോടെ ജീവിച്ചു. ഞാനെൻ്റെ ഇഷ്ടത്തിനു പോയി സുവിശേഷാനു സാരം ജീവിക്കും എന്നോ, സന്യാസിനീസഭ സ്ഥാപിച്ച് കഴിവ് തെളിയിക്കും, മാതൃകയാകും എന്നൊന്നും അവർ പറഞ്ഞില്ല.
5. യാത്രയയപ്പ്
അനുവാദം കിട്ടിക്കഴിഞ്ഞപ്പോൾ യാത്രാമംഗളങ്ങൾക്കൊന്നും കാത്തുനിൽക്കാതെ തന്നെ പുതിയ സാരിയും ധരിച്ച് അമ്മ പടിയിറങ്ങി.
മദർ പുതിയ യൂണിഫോം ധരിച്ചു കാണാൻ സഹോദരിമാർക്ക് ആഗ്രഹമുണ്ടായിരുന്നു. അതുപോലും നടന്നില്ല കാരണം, രാത്രിയിൽത്തന്നെയാണ് അവർ തൻ്റെ പുതിയ ദൗത്യത്തിനായി പോയത്.
തൻ്റെ യാത്രയയപ്പിന്റെ മോടി കുറഞ്ഞു പോയതിൽ പരിഭവിക്കുന്നവരെ കാണുമ്പോൾ ഈ സംഭവം ഓർക്കാറുണ്ട്.
6. സ്വന്തം വീടുമായുള്ള ബന്ധം
പത്തു കൊല്ലത്തിലൊരിക്കൽ സന്യാസിനിമാർക്ക് വീട്ടിൽ പോകാം. അതിനുമുമ്പ് മാതാപിതാക്കന്മാർ മരിച്ചാലോ, അതുമല്ലെങ്കിൽ വിദേശത്തേക്ക് സേവനത്തിനായി പോകുന്നതിനുമുമ്പോ ഭവന് സന്ദർശിക്കാം - അത്രമാത്രം. നമ്മുടെ കർത്താവീശോമിശിഹായിലുമുപരി മറ്റൊരുവിധ ബന്ധങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ടതില്ല.
7. പ്രവേശനയോഗ്യത
അവരുടെ മഠത്തിൽ പ്രവേശിക്കാനുള്ള പ്രധാന യോഗ്യതകളിൽ ഒന്ന് പ്രസാദാത്മകവദനമാണ്. എന്നുവെച്ചാൽ എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന സന്യാസിനികളെ മതി അവർക്ക്. തൻറെ സിസ്റ്റേഴ്സ് സദാ സംതൃപ്തരായിരിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. അസംതൃപ്തർ എല്ലായിടത്തും ഉപദ്രവകാരികളാണല്ലോ. കീപ്പ് സ്മൈലിംഗ്!
Send your feedback to : onlinekeralacatholic@gmail.com