നമ്മള് സ്നേഹിക്കുന്നത് പണത്തെയോ, ദൈവത്തെയോ
ജോര്‍ജ് കൊമ്മറ്റം - മാര്‍ച്ച് 2021
പണത്തെ ദൈവമായും പണമില്ലാത്തവനെ പിണമായും കാണുന്ന കാലമാണിത്. സമ്പത്ത് എല്ലാത്തിന്റെയും അടിസ്ഥാന മാനദണ്ഠമായി ഭരണം നടത്തുന്ന കാലം. മഹാദുരന്തങ്ങള്‍ നമുക്ക് പണം കൊണ്ട് ഒരു കാര്യമില്ലെന്ന് വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കുമ്പേഴും അമിതമായി സ്വത്ത് വാരിക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ് നാം. പണം ഉണ്ടാക്കുവാനായി നാം മക്കളെ വളര്‍ത്തുകയും പണമുള്ളവരെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഈശോ പറയുന്നത് നിങ്ങള്‍ക്ക് ദൈവത്തെയും മാമോനെയും ഒരുപോലെ സേവിക്കാനാവില്ല എന്നാണ്. പണം സകലതിന്മകളുടെയും രാസത്വരകമായി മാറിക്കഴിഞ്ഞു.
ഒരു പക്ഷേ, യേശുവിന്റെ ഈ വാക്കുകള്‍ മറ്റെന്നത്തെക്കാളും ഇന്നത്തെ സമൂഹത്തിന് കൂടുതല്‍ പ്രസക്തമായിരിക്കും. ഉപഭോഗാസക്തി ഒരു പുണ്യമായും പണമുണ്ടാക്കല്‍ ഒരു ജീവിതചര്യയായും മാറിക്കഴിഞ്ഞിരിക്കുന്ന കാലമാണിത്. പണത്തോടുള്ള സ്നേഹത്താല്‍ കീഴടക്കപ്പെട്ടവര്‍ വി. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ സൂചിപ്പിക്കുന്ന ലോകം കീഴടക്കിയിരിക്കുന്ന-സ്ട്രക്ചര്‍ ഓഫ് സിന്നിലെ മുഖ്യ അഭിനേതാക്കളാണ്. അത് തീര്‍ച്ചയായും ഒരു വലിയ പ്രശ്നമാണ്. എങ്കിലും നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഓരോ ക്രൈസ്തവനും ദരിദ്രനോട് ഐക്യദാര്‍ഡ്യം ഉള്ളവനായിരിക്കണമെന്നാണ്.
വി. ഫ്രാന്‍സിസ് അസിസ്സീ ദാരിദ്ര്യത്തെ വിശേഷിപ്പിച്ചിരുന്നത് രാജകീയ പുണ്യം എന്നായിരുന്നു. വി. മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് പണത്തെയും ദൈവത്തെയും ഒരു പോലെ സേവിക്കാനാവില്ല.
ഒന്നുമില്ലായ്മ തീര്‍ച്ചയായും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഇല്ലാതെ നമ്മെ സഹനത്തിലേക്ക് തള്ളിവിടുന്നു. മറ്റുള്ളവരെ വിഷമിപ്പിക്കാതെ ഏറ്റവും മിനിമം കൊണ്ട് ജീവിക്കുവാന്‍ നാം എടുക്കുന്ന തീരുമാനമാണ് ദാരിദ്ര്യം എന്ന പുണ്യം. ദാരിദ്ര്യം പണമില്ലാത്ത അവസ്ഥയല്ല, പണം മാനേജ് ചെയ്യാന്‍ കഴിവില്ലാത്ത അവസ്ഥയുമല്ല. ഇന്നത്തെ സാമ്പത്തികസംവിധാനത്തില്‍ നാം പങ്കാളികളാണ് എന്നതില്‍ തെറ്റാന്നുമല്ല. എന്നാല്‍ നമുക്ക് ആവശ്യമുള്ളതിനേക്കാള്‍ ഉപയോഗിക്കുന്നതുമൂലം മറ്റുള്ളവരുടെ ജീവിതം ദുരന്തപൂര്ണമാക്കരുത്.
നിങ്ങള്‍ ശേഖരിച്ചുവെക്കുന്ന ഫുഡ് വിശക്കുന്നവന്റേതാണ്. നിന്റെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ നിനക്കു ചുറ്റുമുള്ള വസ്ത്രമില്ലാത്തവരുടേതാണ്. നിന്റെ ഷൂ റാക്കില്‍ നീ സൂക്ഷിച്ചിരിക്കുന്ന പാദുകങ്ങള്‍ നഗ്നപാദുകരുടേതാണ്. നിന്റെ അലമാരയിലെ പണം ദരിദ്രന്റേതാണ്. അതുകൊണ്ട് നിനക്ക് കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് നീ കൊടുക്കാതിരിക്കുമ്പോഴെല്ലാം നീ അനീതിയാണ് ചെയ്യുന്നത് എന്നാണ് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ബേസില്‍ ഓഫ് കസെറിയ പറയുന്നത്.
ഈ നോമ്പുകാലത്ത് നാം ചിന്തിക്കേണ്ടതും അതുതന്നെയാണ്. നല്ല തീരുമാനങ്ങള്‍ തീര്‍ച്ചയായും നല്ലതാണ്. സത്യത്തില്‍ നാം ആരെയാണ് ആരാധിക്കുന്നതെന്ന് തിരിച്ചറിയാനുള്ള കാലമാണ് നോമ്പുകാലം.
Send your feedback to : onlinekeralacatholic@gmail.com