സ്നേഹപൂര്‍വ്വം ദൈവത്തിന്റെ സ്വന്തം അമ്മ
ഫാ. ജോണ്‍ മണ്ണാറത്തറ - ജൂലൈ 2020
വീണ്ടും ജനിക്കാന്‍ ഒരുവന് അമ്മയുടെ ഉദരത്തിലല്ല, ഹൃദയത്തിലാണ് എത്തേണ്ടത്. ദൈവത്തിന്റെ ചൈതന്യം തീക്ഷ്ണമായി ജ്വലിക്കു പ്രകാശഗോപുരമാണ് അമ്മ. അമ്മയും ഈശ്വരനും സ്രഷ്ടാക്കളാണ്. ഈശ്വരാന്വേഷണം അതുകൊണ്ട് അമ്മയിലൂടെ സാധ്യമാകുന്നു. ഈശ്വരന്റെ ജനനം അന്വേഷിച്ചിറങ്ങിയ ജ്ഞാനികള്‍ ദൈവത്തെ കണ്ടത് അമ്മയുടെ കരങ്ങളിലാണ്.
വീണ്ടും നാം അന്വേഷണം തുടരുമ്പോള്‍ അമ്മയുടെ ജനനത്തില്‍ എത്തിച്ചേരുന്നു. ദൈവത്തിന്റെ വാഹകയാകാന്‍ ഒരാളെ എപ്രകാരം ഒരുക്കിക്കൊണ്ടുവരുന്നുവെന്ന് ഈ അന്വേഷണത്തില്‍ നാമറിയുന്നു. ദൈവപുത്രന് ജനിക്കേണ്ടത് കന്യകയില്‍ നിന്നാകേണ്ടതുകൊണ്ട് അവരുടെ ജനനവും ജീവിതവും സംശുദ്ധമായിരിക്കണം. കുഞ്ഞുങ്ങള്‍ക്ക് ജന്മമേകാൻ എത്രമാത്രം നാം പരിശുദ്ധരായിരിക്കണം എന്നു നമ്മെ ഇത് ബോധിപ്പിക്കുന്നു. കന്യാമറിയത്തിന്റെ മാതാപിതാക്കള്‍ ജോവാക്കിമും അന്നയും ഇത്തരത്തില്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരും വിശുദ്ധരുമായിരുന്നു. വിശുദ്ധിയുടെ മാതൃക, കര്‍മ്മംകൊണ്ട് അനുഷ്ഠിക്കാതിരുന്നാല്‍ മനുഷ്യവര്‍ഗത്തിന്റെ ഭാവി നാം അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. സ്നേഹത്തിന് മാംസം നല്കുന്നവളാണ് അമ്മ. സ്നേഹത്തില്‍ ജനിക്കുന്നവരും സ്നേഹത്തെ ഗര്‍ഭം ധരിക്കുന്നവരും മരിക്കുന്നില്ല. പരിശുദ്ധമറിയത്തിന് ജീവിതത്തില്‍ മരണത്തിയതിയില്ല ജനനത്തിയതിയേയുള്ളു. സ്നേഹാവതാരങ്ങളൊക്കെ ജനിമൃതികള്‍ക്ക് അപ്പുറമാണ്. അമ്മ സ്നേഹത്തിന്റെ ഗര്‍ഭഗൃഹമാണ്. അതിന്റെ തുടര്‍ച്ചയാണ് വീട്. അതിന്റെ തുടര്‍ച്ചയാണ് സമൂഹം.
നിഷേധിക്കപ്പെട്ട മാതൃത്വം എന്ന തലകെട്ടിൽ 2010 ല്‍ ലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ച ജി. പ്രതാപന്റെ ചിത്രം ഇങ്ങനെയാണ്. വലകള്‍ക്കുള്ളില്‍ ചൂടുള്ള ബള്‍ബുകളുടെ പരമ്പര. അതിനിടയില്‍ മുട്ടകള്‍ നിരത്തിവെച്ചിരിക്കുന്നു. വലയ്ക്കു പുറത്ത് അമ്മക്കോഴി. പരമ്പരാഗതമായി മുട്ടകള്‍ക്കുമുകളില്‍ തപം ചെയ്ത് സ്നേഹോര്ജ്ജം കൊണ്ട് കുഞ്ഞുങ്ങളെ വിരിയിച്ചിരുന്ന കോഴിയുടെ അവകാശം യന്ത്രവല്കൃതലോകം കവര്‍ന്നെടുത്തിരിക്കുന്നു. പ്രകൃതിയുടെ താളത്തിനും സാവകാശത്തിനും ഒത്തുനീങ്ങുവാന് തിരക്കിട്ട മനുഷ്യര്‍ക്കു സമയവും ക്ഷമയുമില്ല. പ്രകൃതിയുടെ നന്മയും ജീവിതത്തിന്റെ സുകൃതവുമില്ലാതെ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണം മാരകവും രുചിരഹിതവുമാണ്. സ്വഭാവിക പ്രത്യുത്പാദനത്തെ വെല്ലുവിളിക്കുന്നത് ജീവിത നിഷേധമാണ്. നെറ്റിനുള്ളില്‍ ഇന്റര്‍നെറ്റില്‍ കൃത്രിമവും ഉപരിപ്ലവവുമായ ഉത്പാദന-ലൈംഗികപ്രവണതകളെ പ്രദര്‍ശിപ്പിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്ന സമകാലിക ജീവിതശൈലിയെ കോഴിയമ്മയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആത്മീയവും പ്രകൃതിദത്തവുമായതിനെ പടിക്കുപുറത്താക്കുന്നതിനെ വിഭ്രാന്തിയോടും ഉത്കണ്ഠയോടും കൂടി അമ്മക്കോഴി നേരിടേണ്ടിവരുന്നു. ഇതൊന്നും ജീവന്റെ സുവിശേഷത്തിന് നല്ലതല്ലെന്ന് ഈ അമ്മയ്ക്കറിയാം. സ്നേഹമില്ലാതെ ജന്മം നല്‍കുന്നതും ഉത്തരവാദിത്വമില്ലാതെ ആനന്ദിക്കുന്നതും മരണസംസ്ക്കാരമാണ്. വിവാഹത്തെ പുറത്താക്കിയുള്ള ബന്ധങ്ങളൊക്കെ ആരോഗ്യകരമായ പ്രവണതകളല്ല. നമ്മുടെ കുഞ്ഞുങ്ങള്‍ അമ്മയില്‍ നിന്നും പറിച്ചുമാറ്റപ്പെടുന്നുണ്ട്. അമ്മയെ കുഞ്ഞുങ്ങളില്‍നിന്നും. മാതൃത്വത്തെപ്പറ്റിയുള്ള നമ്മുടെ എല്ലാ ഉടഞ്ഞ സങ്കല്പങ്ങളും മുറിപ്പെട്ട അനുഭവങ്ങളും പുനര്‍നിര്‍മ്മിക്കേണ്ടതും സുഖപ്പെടുത്തേണ്ടതും പരിശുദ്ധയായ അമ്മയോടൊപ്പമവണം.
അമ്മയിലാണ് നമുക്ക് വിശ്വാസം. വളര്‍ച്ചയെത്തുമ്പോള്‍ കൂടിന്റെ വിളുമ്പിലേയ്ക്ക് അമ്മ നമ്മെ വിളിക്കും. ആഴം ഭീകരമാണ്. അതുകൊണ്ട് നാം മടിക്കും. വീണ്ടും അമ്മ വിളിക്കും. അമ്മ വിളിക്കുന്നതുകൊണ്ട് നാം വരും. അപ്പോള്‍ അമ്മ തള്ളും. നാം ചിറകുവിരിക്കും. സ്നേഹമുള്ള അമ്മ പക്വതയെത്തിയ മക്കളെ സാഹസികതയിലേക്കും നല്ല ഭാവിയിലേക്കും പറക്കാന്‍ നിര്‍ബന്ധിക്കും. തനിക്കുവേണ്ടി അവരെ തളച്ചുനിര്ത്തില്ല. തന്റെ കാര്യം ദൈവത്തിന്റെ കരങ്ങളില്‍ ഭദ്രമെന്ന് ഏതമ്മയാണ് അറിയാത്തത്?
Send your feedback to : onlinekeralacatholic@gmail.com