വീണ്ടും ജനിക്കാന്‍ ഒരുവന് അമ്മയുടെ ഉദരത്തിലല്ല, ഹൃദയത്തിലാണ് എത്തേണ്ടത്. ദൈവത്തിന്റെ ചൈതന്യം തീക്ഷ്ണമായി ജ്വലിക്കുന്ന പ്രകാശഗോപരുമാണ് അമ്മ. അമ്മയും ഈശ്വരനും സ്രഷ്ടാക്കളാണ്. ഈശ്വരാന്വേഷണം അതുകൊണ്ട് അമ്മയിലൂടെ സാധ്യമാകുന്നു. ഈശ്വരന്റെ ജനനം അന്വേഷിച്ചിറങ്ങിയ ജ്ഞാനികള്‍ ദൈവത്തെ കണ്ടത് അമ്മയുടെ കരങ്ങളിലാണ്. വീണ്ടും നാം അന്വേഷണം തുടരുമ്പോള്‍ അമ്മയുടെ ജനനത്തില്‍ എത്തിച്ചേരുന്നു. ദൈവത്തിന്റെ വാഹകയാകാന്‍ ഒരാളെ എപ്രകാരം ഒരുക്കിക്കൊണ്ടുവരുന്നുവെന്ന് ഈ അന്വേഷണത്തില്‍ നാം അറിയുന്നു. ദൈവപുത്രന് ജനിക്കേണ്ടത് കന്യകയില്‍ നിന്നാകേണ്ടതുകൊണ്ട് അവരുടെ ജനനവും ജീവിതവും സംശുദ്ധമായിരിക്കണം.
കുഞ്ഞുങ്ങള്‍ക്ക് ജന്മമേകാന് എത്രമാത്രം നാം പരിശുദ്ധരായിരിക്കണം എന്നു നമ്മെ ഇതു ബോധിപ്പിക്കുന്നു. കന്യാമറിയത്തിന്റെ മാതാപിതാക്കള്‍ ജോവാക്കിമും അന്നയും ഇത്തരത്തില്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരും വിശുദ്ധരുമായിരുന്നു. വിശുദ്ധിയുടെ മാതൃക, കര്‍മ്മം കൊണ്ട് അനുഷ്ഠിക്കാതിരുന്നാല്‍ മനുഷ്യവര്‍ഗത്തിന്റെ ഭാവി നാം അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്.
സ്നേഹത്തിനു മാംസം നല്കുന്നവളാണ് അമ്മ. സ്നേഹത്തില്‍ ജനിക്കുന്നവരും സ്നേഹത്തെ ഗര്‍ഭം ധരിക്കുന്നവരും മരിക്കുന്നില്ല. വിശുദ്ധമറിയത്തിനു ജീവിതത്തില്‍ മരണത്തീയതിയില്ല. ജനനത്തീയതിയേയുള്ളു. സ്നേഹാവതാരങ്ങളൊക്കെ ജനിമൃതികള്ക്കപ്പുറമാണ്. അമ്മ സ്നേഹത്തിന്റെ ഗര്‍ഭഗൃഹമാണ്. അതിന്റെ തുടര്‍ച്ചയാണ് വീട്. അതിന്റെ തുടര്‍ച്ചയാണ് സമൂഹം.
മാതൃത്വത്തെപ്പറ്റിയുള്ള നമ്മുടെ എല്ലാ ഉടഞ്ഞ സങ്കല്പങ്ങളും മുറിപ്പെട്ട അനുഭവങ്ങളും പുനര്‍നിര്‍മ്മിക്കേണ്ടതും സുഖപ്പെടുത്തേണ്ടതും പരിശുദ്ധയായ അമ്മയോടൊപ്പമാവണം.
അമ്മയിലാണ് നമുക്ക് വിശ്വാസം. വളര്‍ച്ചയെത്തുമ്പോള്‍ കൂടിന്റെ വിളുമ്പിലേക്ക് അമ്മ നമ്മളെ വിളിക്കും. ആഴം ഭീകരമാണ്. അതുകൊണ്ട് നാം മടിക്കും. വീണ്ടും അമ്മ വിളിക്കും. അമ്മ വിളിക്കുന്നതായതുകൊണ്ട് നാം വരും. അപ്പോള്‍ അമ്മ തള്ളും. നാം ചിറകുവിരിക്കും. സ്നേഹമുള്ള അമ്മ പക്വതയെത്തിയ മക്കളെ സാഹസികതയിലേക്കും നല്ല ഭാവിയിലേക്കും പറക്കാന്‍ നിര്‍ബന്ധിക്കും. തനിക്കുവേണ്ടി അവരെ തളച്ചുനിര്ത്തില്ല. തന്റെ കാര്യം ദൈവത്തിന്റെ കരങ്ങളില്‍ ഭദ്രമാണെന്ന് ഏതമ്മയാണ് അറിയാത്തത്?