ദൈവത്തിന്റെ കൈയിലെ പെന്‍സില്‍
ജിയോ ജോര്‍ജ് - ഓഗസ്റ്റ് 2019
എത്രയോ കാലം പെന്‍സില്‍ നമ്മുടെ കളിക്കൂട്ടുകാരനായിരുന്നു. പോക്കറ്റിലും ബോക്സിലും നാം അവനെ കൊണ്ടുനടന്നു. ബ്ലെയിഡുകൊണ്ട് അറ്റം കൂര്‍പ്പിച്ചും എഴുതിത്തീര്ത്തും നാം പെന്‍സിലിനൊപ്പം എത്രയോ കാലം ചിലവഴിച്ചു. പക്ഷേ, ഒരിക്കലെങ്കിലും പെന്സിലിനെക്കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ.ചെറിയൊരു പെന്‍സില്‍ നമ്മോട് പറയുന്നത് വലിയ കാര്യങ്ങളാണ്.
പെന്‍സില്‍ ഉണ്ടാക്കിയശേഷം ഒരോ പെന്‍സിലും ബോക്സിലാക്കുന്ന പണിയിലായിരുന്നു അതുണ്ടാക്കിയ ആള്. ഓരോ പെന്‍സിലുമെടുത്ത് അദ്ദേഹം അതിനോട് ഇങ്ങനെ പറയും ഞാന്‍ നിന്നെ ലോകത്തിലേക്ക് അയക്കുകയാണ്. എപ്പോഴും നിന്നെക്കുറിച്ച് ഞാന്‍ പറയുന്ന 5 കാര്യങ്ങള്‍ നീ ഓര്‍ത്തിരിക്കണം. ഒരിക്കലും അത് മറക്കരുത്. അങ്ങനെയാണെങ്കില്‍ നീ ഏറ്റവും നല്ല പെന്സിലായിരിക്കും.
1. നീ ആരുടെയെങ്കിലും കൈയില്‍ ഒതുങ്ങിയാല്‍ നിനക്ക് ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
2. ഓരോ പ്രാവശ്യവും പെന്‍സിലിന്റെ അഗ്രം കൂര്‍പ്പിക്കുമ്പോള്‍ വേദന ഉണ്ടാകും. പക്ഷേ ഒരു നല്ല പെന്‍സില്‍ ആകാന്‍ അത് കൂടിയേ തീരു.
3. നീ വരുത്തുന്ന തെറ്റുകള്‍ മായ്ക്കാന്‍ കഴിയുന്നതാണ്.
4. നിന്റെ ഏറ്റവും നല്ല ഭാഗം നിന്റെ ഉള്ളിലാണ്.
5. ഏതൊക്കെ പ്രതലത്തില്‍ നിന്നെ ഉപയോഗിക്കുന്നുവോ, അവിടെയെല്ലാം നിന്റെ അടയാളം അവശേഷിക്കും.
എതുമോശമായ പ്രതലമായാലും നീ എഴുതിക്കൊണ്ടേയിരിക്കും.
പെന്സിലിന് കാര്യങ്ങള്‍ മനസ്സിലായി. പെന്‍സില്‍ ഇന്നും വാക്കുപാലിക്കുന്നു. ആ പെന്സിലിന് നമ്മളുമായി എന്തെങ്കിലം സാമ്യമുണ്ടോ. തീര്‍ച്ചയായും ഉണ്ട്. ദൈവത്തിന്റെ കൈയിലൊതുങ്ങാന് സമ്മതിച്ചാല്‍ നമുക്ക് ഒത്തിരി വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് നമ്മുടെ കഴിവുകള്‍ പ്രയോജനപ്പെടുകയും ചെയ്യും.
ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും നമ്മുടെ ശക്തി കൂട്ടിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ നാം ഒന്നിനും കൊള്ളാത്തവരായി വലിച്ചെറിയപ്പെടും. നാം ഉണ്ടാക്കുന്ന തെറ്റുകള്‍ തിരുത്താന്‍ നമുക്ക് അവസരമുണ്ട്. നമ്മുടെ പുറംമോടിയെക്കാള്‍ അകത്തുള്ളതാണ് വിലമതിക്കപ്പെടുന്നത്. നാം എവിടെയൊക്കെ ഇടപെടുന്നുവോ, അവിടെയെല്ലാം നമ്മുടെ അടയാളം അവശേഷിപ്പിക്കും. ഏതു സാഹചര്യമായാലും നമ്മുടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക. നമ്മുടെ ജന്മം കൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകണമെങ്കിലും നമുക്ക് സന്തോഷമുണ്ടാകണമെങ്കിലും ഒരു പെന്സിലിനെപ്പോലയായിരിക്കണം.
Send your feedback to : onlinekeralacatholic@gmail.com