പന്തക്കുസ്ത എന്തുകൊണ്ടാണ് സഭയുടെ ജന്മദിനം എന്ന് വിളിക്കപ്പെടുന്നത്?
ഷെറി വിനോദ് - ജൂണ്‍ 2022
പന്തക്കുസ്ത സഭയുടെ ഔദ്യോഗിക ജന്മദിനമായി വിശേഷിപ്പിക്കപ്പെടുന്നു. കാരണം ഇതാണ്, പന്തക്കുസ്ത ദിനത്തിലാണ് ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധാത്മാവ് വന്ന് നിറഞ്ഞത്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോഴാണ് അപ്പസ്തോലന്മാര് സുവിശേഷം പ്രഘോഷിക്കാനാരംഭിച്ചതും സഭ ആരംഭം കുറിച്ചതും. പേടിച്ചുവിറച്ച് സെഹിയോന്‍ ഊട്ടുശാലയില് ഒളിച്ചുകഴിഞ്ഞിരുന്ന ശിഷ്യന്മാരുടെ മേല്‍ പരിശുദ്ധത്മാവ് വന്ന് നിറഞ്ഞപ്പോള്‍ അവര്‍ സുവിശേഷ പ്രഘോഷകരായി മാറി. പരിശുദ്ധത്മാവിനാല്‍ പ്രചോദിതനായി സുവിശേഷം പ്രഘോഷിച്ച പത്രോസ്ശ്ലീഹ അന്നേദിവസം മാമ്മോദീസ നല്‍കിയത് 3000 ത്തോളം പേര്‍ക്കായിരുന്നു.
പരിശുദ്ധാത്മാവിന്റെ നിറവോടെയാണ് രക്ഷാകരചരിത്രം പൂര്‍ത്തിയായത്. അതേ ദിവസമാണ് സഭയുടെ കൂദാശകള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രത്യേകിച്ചും മാമ്മോദീസ എന്ന കൂദാശ. സഭയുടെ കൂദാശകളിലൂടെ ദൈവം വിശുദ്ധീകരിക്കുന്ന പരിശുദ്ധത്മാവിനെ തന്റെ സഭയിലെ അംഗങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. അന്നും ഇന്നും സഭ അവളുടെ മിഷന് പൂര്‍ത്തീകരിക്കുന്നത് പരിശുദ്ധാത്മാവിന്റ സഹായത്തോടെയാണ്.
ഞാന്‍ പോയാല്‍ നിങ്ങള്‍ക്കൊരു സഹായകനെ അയക്കും എന്ന ക്രിസ്തുവിന്റെ വാഗ്ദാനം നിറവേറിയ ദിവസമായ പന്തക്കുസ്താദിനം തന്നെയാണ് കത്തോലിക്കസഭയുടെ ബര്‍ത്തേഡേ ആയി കണക്കാക്കപ്പെടുന്നതും. ക്രിസ്തുവിന്റെ ഉയിര്പ്പുകഴിഞ്ഞ് കൃത്യം ഏഴ് ആഴ്ച പൂര്‍ത്തിയായപ്പോഴായിരുന്നു പരിശുദ്ധാത്മാവിന്റെ ആഗമനം. അതോടെ സഭ പ്രവര്‍ത്തനനിരതമായി.
Send your feedback to : onlinekeralacatholic@gmail.com