നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം കൂട്ടിച്ചേര്‍ക്കപ്പെട്ടത്
ഒരു മഹാമാരി കാലത്തോ?
ജെയ്സണ്‍ പീറ്റര്‍ - മാർച്ച് 2020
യൂറോപ്പിനെ നാമാവശേഷമാക്കി കടന്നുപോയ ബ്ലാക് പ്ലേഗ് കാലഘട്ടത്തിലാണ് നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാര്‍ത്ഥനയുടെ ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന രണ്ടാം ഭാഗം കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കത്തോലിക്കര്‍ നൂറ്റാണ്ടുകളായി ചൊല്ലിപ്പോന്നിരുന്ന പ്രാര്‍ത്ഥനയായ നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാര്‍ത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. മംഗളവാര്‍ത്തയില്‍ ഗബ്രിയേല്‍ ദൈവദൂതന് പ്രത്യക്ഷപ്പെട്ട് പരിശുദ്ധ കന്യാമറിയത്തെ അഭിവാദനം ചെയ്യുന്ന നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് നിന്നോടു കൂടെ എന്ന വാക്കുകളും, (ലൂക്ക 1:2), എലിസബത്ത് കന്യാമറിയത്തെക്കണ്ടപ്പോള് പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി പറഞ്ഞ സ്ത്രീകളില്‍ നീ അനുഗ്രഹീതയാകുന്നു, നിന്റെ ഉദരത്തിന്റെ ഫലം അനുഗ്രഹിതവും. (ലൂക്ക 1: 28) എന്ന വാക്കുകളും കൂട്ടിച്ചേര്‍ത്താണ് നന്മനിറഞ്ഞ മറിയമേ സ്വസ്തി എന്ന പ്രാര്‍ത്ഥനയുടെ ഒന്നാം ഭാഗം ഉണ്ടായത്.
എന്നാല്‍, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന രണ്ടാം ഭാഗം ബ്ലാക് പ്ലേഗ് കാലത്ത് ക്രൈസ്തവവിശ്വാസികള്‍ ഉണ്ടാക്കിയ പ്രാര്‍ത്ഥനയാണ്. പ്ലേഗ് ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ ജനങ്ങള്‍ മാതാവിന്റെ സംരക്ഷണം അപേക്ഷിച്ചുകൊണ്ട് ആരംഭിച്ച പ്രാര്‍ത്ഥനയായിരുന്നു പിന്നീട് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ത്ഥനയായി മാറിയത്. മഹാമാരികളുടെ കാലത്ത് മാതാവിനോട് സംരക്ഷണം ആവശ്യപ്പെടുവാന്‍ ഇതിലും നല്ലൊരു പ്രാര്‍ത്ഥനയില്ല.
ജീവിതത്തിലെ രണ്ട് സുപ്രധാനമായ നിമിഷങ്ങളെയാണ് ഈ പ്രാര്‍ത്ഥന ഉള്‍ക്കൊള്ളുന്നത്. ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും. മാരകമായ ആപത്തുകാലത്ത് രക്ഷിക്കണമേയെന്ന വിശ്വാസികളുടെ ഹൃദയംതകര്‍ന്നുള്ള നിലവിളിയാണ് അത്. ബ്ലാക് ഡെത്ത് യൂറോപ്പിലെ മൂന്നിലൊന്ന് ജനങ്ങളെയും തൂത്തുവാരിയപ്പോള്‍, ഭയചകിതരായ ക്രൈസ്തവവിശ്വാസികള്‍ കര്‍ത്താവിന്റെ അമ്മയായ പരിശുദ്ധ മറിയത്തോട് ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു എന്ന് വി. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ദ വേള്‍ഡ്സ് ഫസ്റ്റ് ലവ് എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു.
ചാമ്പ്യന്‍സ് ഓഫ് ദ റോസറി എന്ന പുസ്തകത്തില്‍ പ്രമുഖ മരിയന്‍ എക്സ്പേര്‍ട്ടായ ഫാ. ഡൊണാള്‍ഡ് എച്ച്. ഹോളോവേ പറയുന്നു. ബ്ലാക് ഡെത്തിനുശേഷം നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയുടെ രണ്ടാം ഭാഗം പല സന്യാസസഭകളുടെയും യാമപ്രാര്‍ത്ഥനകളില്‍ ഇടംപിടിച്ചു. കാരണം 14-ാം നൂറ്റാണ്ടിലെ പ്രതീക്ഷാനിര്‍ഭരമായ ആ പ്രാര്‍ത്ഥന അവര്‍ക്ക് വളരെ അനിവാര്യമായിരുന്നു.
മഹാമാരിയുടെ കാലഘട്ടത്തില്‍ ഈ പ്രാര്‍ത്ഥന വിവിധ രൂപങ്ങളില്‍ യൂറോപ്പില്‍ പ്രചരിച്ചിരുന്നുവെങ്കിലും 1568 ല്‍ കാറ്റക്കിസം ഓഫ് ദ കൗണ്‍സില്‍ ഓഫ് ട്രെന്‍ഡ് അത് അംഗീകരിച്ചതോടെയാണ് ആ പ്രാര്‍ത്ഥന റോമന്‍ ബ്രീവിയറിയില് ല്‍ സ്ഥാനം പിടിച്ചത്.
സഹനങ്ങളുടെ കാലഘട്ടങ്ങളില്‍ ഇന്നും എന്നും വിളിച്ചപേക്ഷിക്കുവാന്‍ നമുക്ക് മാതാവ് ഉണ്ട് എന്നതാണ് ഓരോ ക്രൈസ്തവന്റെയും ഏറ്റവും വലിയ ആശ്വാസം.
Send your feedback to : onlinekeralacatholic@gmail.com