ഉയിര്‍പ്പിന്റെ മാറ്റൊലികള്‍
ഫാ. ജോണ്‍ മണ്ണാറത്തറ C.M.I - ഏപ്രില്‍ 2020
ദൈവത്തിലേക്കുള്ള ദൂരം കൂറയ്ക്കുന്നതിന് നാം ചെയ്യുന്ന ഓരോ പ്രയത്നവും ഉത്ഥാനത്തിന്റേതാണ്. സഹോദരങ്ങളിലേക്കുള്ള ദൂരം നാം നടന്നു തീര്‍ക്കുന്നത് ഉത്ഥാനമാണ്. മരണം ആത്യന്തികമായി സ്നേഹത്തിന്റെ പര്യായമാണ്. സ്നേഹത്തെ പ്രാവര്‍ത്തികമാക്കുന്നു. മരണം ബോധപൂര്‍വ്വമായ ഒരു ബലിയാണ്. ക്രിസ്തുവിനോട് നീ എത്രമാത്രം എന്നെ സ്നേഹിക്കുന്നു എന്ന ചോദ്യത്തിന് ഇത്രമാത്രം എന്ന് പറയുകയും കൈകള്‍ വിരിക്കുകയും കുരിശില്‍ മരിക്കുകയും ചെയ്യുന്നു.
സ്നേഹം പങ്കുവെയ്ക്കുകയും മരണത്തോളം ആകുകയും സ്നേഹത്തിന് അതില്‍ കവിഞ്ഞ് മറ്റൊരു ഭാഷ്യം അഥവാ വേര്‍ഷന്‍ ഇല്ലാതാവുകയും ചെയ്യുമ്പോള്‍ ഉത്ഥാനം എന്ന അവസ്ഥാന്തരം ജീവിതത്തിനുണ്ടാകുന്നു. ഇത്തരം ആയിരം മരണത്തിന്റെയും നിരന്തര ഉത്ഥാനത്തിന്റെയും അന്ത്യാനുഭവത്തില് പിന്നെ മരണം ഇല്ലാതാകുന്നു. മിച്ചം വെക്കാത്ത പങ്കുവെക്കലില്‍ കൈകുമ്പിളും കല്ലറയും ശൂന്യമാകുന്നു. സ്നേഹത്തിന് ചിറകുവെക്കുമ്പോള് അത് പറന്നകലന്നു. അതിന്റെ പ്രഭവസ്ഥാനത്തേക്ക് തിരിച്ചുപോകുന്നു. അതിന് നാം സ്വര്‍ഗ്ഗാരോഹണം എന്ന് പറയുകയും ചെയ്യുന്നു.
ഓരോ ജീവിതവും വിണ്ണില്‍നിന്ന് വരികയും മണ്ണില്‍ പതിക്കുകയും മണ്ണിന് നനവും സാന്ത്വനവും പകര്‍ന്ന് തപസ്സിലൂടെ തിരികെ ദൈവത്തിലേക്ക് മടങ്ങിപ്പോകുകയും ചെയ്യുന്നു. വൃക്ഷം ഇലകള്‍ പൊഴിച്ച് ശിഖരങ്ങള്‍ ഐസ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു.വിറങ്ങലിക്കുന്ന വൃക്ഷം. അതിന്റെ ഓരോ അണുവിലേക്കും തണുപ്പ് അരിച്ചിറങ്ങുന്നു. വൃക്ഷം സൂര്യനോട് ചോദിക്കുന്നു.നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്. നിന്റെ ചൂടുകൊണ്ട് എന്റെ തണുപ്പകറ്റാത്തതെന്തേ? എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ നീ എവിടെയാണ് പോയി മറഞ്ഞത്? യേശു നിലവിളിച്ചു. ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു. സഹനത്തില്‍ നാം ചോദിക്കുന്ന ചോദ്യമാണ്. സൂര്യഗ്രഹണമെന്നും ദൈവഗ്രഹണമെന്നും നാം അതിനെ വിളിക്കുന്നു. ദൈവം വിട്ടുപേക്ഷിച്ചു എന്നത് സഹനത്തില്‍ നമുക്ക് തോന്നിപ്പോകുന്നതാണ്. ഉയിര്‍പ്പിന്റെ അവസ്ഥാന്തരമാണ് സഹനത്തിലും മരണത്തിലും സംഭവിക്കുന്നത്. മരണത്തിന്റെ ശീതകാലം കഴിഞ്ഞ് അസ്ഥികള്‍ പൂക്കുന്നു. പിന്നെ നമ്മള് ഉയിര്‍പ്പിന്റെ ജനതയാണ്. അത് സംഭവിക്കേണ്ടത് ഇന്നോ നാളെയോ? ഇന്നും നാളെയും. ജീവിതകാലത്തോ മരണശേഷമോ? ജീവിതകാലത്തും മൃത്യുവിനപ്പുറവും.
ജന്തുവില്‍ നിന്നും നാം മനുഷ്യരായിട്ടുള്ളത് ഒരു പരിണാമം മാത്രമല്ല. ഒരു ഉയിര്ത്തെഴുന്നേല്പ്പുകൂടിയാണ്. നാല്ക്കാലി പരിണമിച്ച് രണ്ടുകാലില്‍ നടക്കാനും കൈകളും കണ്ണുകളും വിഹായസ്സിലേക്ക് ഉയര്‍ത്താനും സാധിക്കുന്നത് ഉയിര്ത്തെഴുന്നേല്പ്പിലൂടെയാണ്. സ്നേഹം കൊണ്ട് ക്രിസ്തു മരണത്തെയും ഉയിര്‍പ്പിനെയും നിര്‍വചിക്കുകയാണ്. ഉയിര്‍പ്പിന്റെ മാറ്റൊലികള്‍ ക്രിസ്തുവിന്റെ ജീവിതത്തിലൂടനീളം ഉണ്ട്. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന് ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്റെ സൗമ്യതയില്‍ മനുഷ്യന് ദൈവമായി ഉയിര്ത്തെഴുന്നെല്ക്കുകയാണ്. ശത്രുതാബോധമില്ലാത്ത ഈ പാരസ്പര്യമാണ് മരണത്തെ തേല്പ്പിക്കുന്ന ഉയിര്ത്തെഴുന്നേല്പ്. ശത്രുവിനെ സ്നേഹം കൊണ്ട് പരിവര്‍ത്തനപ്പെടുത്തുന്ന ദൈവത്തിന്റെ അത്ഭുതമാണത്. എല്ലാ സങ്കുചിതശക്തികളും പ്രാചീന ആചാരങ്ങളും അതിന്റെ സ്വയം നിലനില്‍പ്പിനായി അതിനെതിരെ ശബ്ദിക്കുന്ന നല്ല മനുഷ്യനെ നാലുദിക്കില്‍ നിന്നും കുത്തിവലിക്കുമ്പോള്, കുരിശില്‍ തറയ്ക്കുമ്പോള് അവന് മരിക്കുകയല്ല ഉയിര്ത്തെഴുന്നേല്ക്കാന് തുടങ്ങുകയാണ്. യേശു ക്രിസ്തുവായിട്ടുണ്ടെങ്കില് കുരിശുമരണമാണ് അത് സാധ്യമാക്കിയത്.
നമ്മുടെ ശത്രുക്കളാണ് നമ്മെ കുരിശാകൃതിയില്‍ ഉയരങ്ങളിലേക്കും പാര്‍ശ്വങ്ങളിലേക്കും ആഴങ്ങളിലേക്കും വലിച്ചുനീട്ടുന്നത്. പാതാളങ്ങളില്‍ നമ്മെ കൊണ്ടെത്തിക്കുന്നതും. കല്ലറയ്ക്കുമുകളില്‍ ഉരുട്ടിവെച്ചിട്ടുള്ള കല്ലിന്റെ ഭാരം സ്നേഹത്തിന്റെ ശക്തി നിസ്സാരമാക്കുന്നു. ജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ നമ്മെ അസ്വസ്ഥരും വിഷാദരോഗികളുമാക്കുമ്പോള് നാം മനസ്സില്‍ കാണേണ്ടത് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്. ഭയം കൊണ്ട് അഭയം തേടുന്ന അടഞ്ഞ മുറികളില്‍ ആത്മധൈര്യമായി യേശു കടന്നുവരും. നിരപരാധിയുടെ തടവറയില്‍ അവന് സ്വതന്ത്രമായെത്തും. നിഷ്ഫല മനുഷ്യ പ്രയത്നത്തിന്റെ തീരത്ത് പരിക്ഷീണതരായവര്ക്ക് അവന് സാന്ത്വനത്തിന്റെ അത്താഴമൊരുക്കും.
അടക്കം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൊറോണ കാലത്ത് ചലനത്തെ നാം നിയന്ത്രിച്ചിരിക്കുകയാണ്. ഒതുങ്ങിപ്പാര്ക്കല് നമുക്ക് വളരെ പരിചിതമാണ്. അടക്കം മനസ്സുകൊണ്ടാചരിക്കുന്നവര്ക്ക് തടവറയും ബന്ധനമാകില്ല. ശാരീരിക അകലം മാത്രമാണ് നാം പാലിക്കുന്നത്. സാമൂഹിക അടുപ്പം മാധ്യമങ്ങളിലൂടെ സാധ്യമാകുന്നു. ചെടികളും മൃഗങ്ങളും വളര്‍ച്ചയെ സ്തംഭിപ്പിച്ച് പ്രതികൂല സാഹചര്യങ്ങളില്‍ ഒതുങ്ങിപ്പാര്ക്കാറുണ്ട്. കള്ളിച്ചെടികള്‍ ജലക്ഷാമത്തെ മറികടക്കാന്‍ ഉള്ളിലുള്ളതുകൊണ്ട് സംതൃപ്തമാകുന്നുണ്ട്. നമ്മുടെ അടയ്ക്കപ്പെടല് അതിജീവനത്തിനാണ്. കൂടുതല്‍ പ്രതിരോധ ശക്തിയിലും ക്ഷമാശീലത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ്. നമ്മുടെ തടവറ ഭീകരസൗന്ദര്യത്തെ സൗമ്യസൗന്ദര്യമായി പരിവര്‍ത്തനപ്പെടുത്തി ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെയും ഭൂമിയുടെ മുഴുവന്റെയും ഉത്കര്ഷവിശേഷത്തിനൊത്ത് ജീവിക്കാന്‍, സ്വാര്ത്ഥതവിട്ട് നവസൃഷ്ടികളാകാനാണ്. സമൂഹത്തിനുവേണ്ടി ആത്മത്യാഗം ചെയ്യുന്നവര്‍ ചിരംജ്ഞീവികളാണ്. സ്നേഹത്തിന്റെ പ്രവാചകനെ ആക്രമികള്‍ തല്ലിച്ചതച്ചു. കൊടുത്തപ്പോള്‍ കൂടുക മാത്രം ചെയ്ത കലവറയായിരുന്നു ക്രിസ്തുവിന്റെ ഹൃദയം. ഒരു പടയാളി ആ ഹൃദയത്തെ കുന്തം കൊണ്ട് പിളര്‍ന്നു. മനുഷ്യപുത്രനെ കുരിശില്‍ തറച്ചുകൊന്നു. പട്ടിണിക്കും പീഢനങ്ങള്‍ക്കും തിരസ്ക്കരണങ്ങള്‍ക്കും വിധേയമാകുന്ന, ശബ്ദമില്ലാത്ത അസംഖ്യം മനുഷ്യരുടെ പ്രതിനിധിയാണ് ക്രിസ്തു. അവനെ അടക്കം ചെയ്തെങ്കിലും ഉയിര്‍ത്തെഴുന്നേറ്റു. ഒറ്റപ്പെടുത്തലിനെയും മരണത്തിനെയും സര്‍ഗ്ഗാത്മക സ്നേഹം മറികടക്കും. ശാസ്ത്രത്തിന്റെയും സ്നേഹത്തിന്റെയും തൊഴുകൈകളുമായി ഈശ്വരനു മുന്നില്‍ നമുക്ക് അജയ്യരാകാം.
Send your feedback to : onlinekeralacatholic@gmail.com