അനുതപിക്കുന്ന പാപിയെ ഓര്‍ത്ത് സ്വര്‍ഗ്ഗം സന്തോഷിക്കും.
എന്താണ് യഥാര്‍ത്ഥ അനുതാപം എന്ന് അറിയാമോ?
ജെയ്സണ്‍ പീറ്റര്‍
- മാര്‍ച്ച് 2022
നമ്മുടെ ഏറ്റവും വലിയ പ്രശ്നം പാപബോധവും പശ്ചാത്താപവും നഷ്ടപ്പെട്ടുപോയി എന്നതാണ്. നോമ്പുകാലം ചെയ്തുപോയ പാപങ്ങളോര്‍ത്ത് അനുതപിച്ച് സ്നേഹപിതാവായ ദൈവത്തിന്റെ പക്കലേക്ക് മടങ്ങിവരുവാനുള്ള കാലമാണ് എന്ന് നമുക്ക് അറിയാം. അനുതപിച്ച് പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ്, നല്ല കുമ്പസാരവും നടത്തിയാണ് നാം ഈസ്റ്ററിനായി ഒരുങ്ങുക. നല്ല കുമ്പസാരത്തിന് വേണ്ട അത്യാവശ്യ കാര്യമാണ് ചെയ്തുപോയ പാപങ്ങളോര്‍ത്ത് അനുതപിക്കുന്നത്. അനുതാപമില്ലെങ്കില്‍ കുമ്പസാരം വെറുതെ എന്നാണ് നമ്മോട് സഭ പറയുന്നത്. ഇത്തവണ കുമ്പസാരിക്കാന്‍ പോകുന്നതിന് മുമ്പ് നമുക്ക് യഥാര്‍ത്ഥ അനുതാപമുണ്ടോ എന്ന് ഒന്നു പരിശോധിച്ചു നോക്കൂ.. സുവിശേഷത്തിലെ മഗ്ദലേന മറിയത്തിന്റെ ജീവിതം ശരിക്കും യഥാര്‍ത്ഥ അനുതാപത്തിന്റേതായിരുന്നുവത്രെ. മഗ്ദലേന മറിയത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി യഥാര്‍ത്ഥ അനുതാപത്തെക്കുറിച്ച് 7 കാര്യങ്ങളാണ് പറയുന്നത്....
1. യഥാര്‍ത്ഥ അനുതാപമുണ്ടെങ്കില്‍ നാം പിശാചില്‍ നിന്ന് ഓടിയകലും
പാപം ചെയ്യിക്കുന്നത് പിശാചാണ് എന്ന് പറഞ്ഞ് ഒരിക്കലും നമുക്ക് നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയകലാനാകില്ല. കാരണം മാമ്മോദീസയില്‍ നാം വാഗ്ദാനം ചെയ്തത് പിശാചിനെയും അവന്റെ പ്രവൃത്തികളെയും ഉപേക്ഷിക്കുമെന്നാണ്. നാം പലപ്പോഴും ഈശോയുടെ സത്യവചനങ്ങളെക്കാള് മുന്‍തൂക്കം നല്‍കുന്നത് സാത്താന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ക്കാണ്. മഗ്ദലേന മറിയത്തെക്കുറിച്ച് സുവിശേഷത്തില്‍ പറയുന്നത് അവളില്‍ നിന്ന് ഏഴ് പിശാചുക്കള്‍ പുറത്തുപോയി എന്നാണ്. അവള് ഈശോയുടെ പിന്നാലെ ചെന്നു. പിശാചില്‍ നിന്ന് എന്നേക്കുമായി ഓടിയകന്നു.
2. യഥാര്‍ത്ഥ അനുതാപം ജീവിതം മാറ്റിമറിക്കും
നമുക്ക് നല്ല അനുതാപമുണ്ടെങ്കില്‍ നാം പിന്നെ വന്ന വഴിയെ തിരിച്ചുനടക്കില്ല. പുതിയ വഴിയെ ഈശോയെ അനുഗമിക്കും. മഗ്ദലേനമറിയം തന്റെ വഴി എന്നെന്നേക്കുമായി ഈശോയെ അനുഗമിച്ച വ്യക്തിയായിരുന്നു.
3. യഥാര്‍ത്ഥ അനുതാപം പങ്കിടുന്നതായിരിക്കും
നല്ല അനുതാപമുണ്ടെങ്കില്‍ നാം നമ്മുടെ സമ്പത്തും കഴിവും സ്വന്തം നന്മയ്ക്കായി മാത്രം ഉപയോഗിക്കുകയില്ല. മറ്റുള്ളവര്‍ക്കായി പങ്കിടാന്‍ മനസ്സുകാണിക്കും. തങ്ങളുടെ സമ്പത്തുകൊണ്ട് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതില്‍ മടികാണിക്കാത്ത വനിതകളിലൊരാളായിരുന്നു മേരി മഗ്ദലേന എന്ന് വി. ലൂക്കാ സുവിശേഷകന് പറയുന്നു.
4. യഥാര്‍ത്ഥ അനുതാപം സഹനങ്ങളില്‍ ഓടിയകലില്ല
മഗ്ദലേന മറിയം ക്രീസ്തുവിന്റെ പീഡാനുഭവങ്ങളിലും കുരിശുമരണത്തിലും അവിടുത്തോടൊപ്പം നടന്നു. അവള് ഈശോയെ വിട്ട് ഓടിപ്പോയില്ല. അവള് നിശബ്ദമായി അവിടുത്തെ അനുഗമിച്ചു. നമുക്ക് അനുതാപമുണ്ടെങ്കില്‍ നാം ദേവാലയശുശ്രൂഷകളില്‍ പങ്കുചേരും. ക്രിസ്തുവിന്റെ കുരിശിനുചുവട്ടില് അഭയം തേടും.
5. യഥാര്‍ത്ഥ അനുതാപം ക്രിസ്തുവിന്റെ അസാന്നിധ്യം ഒരു അവസരമാക്കില്ല
യഥാര്‍ത്ഥ അനുതാപം നമ്മെ പാപത്തില്‍ നിന്ന് അകറ്റുന്നു. പാപം നല്ലതല്ലെന്നു തിരിച്ചറിഞ്ഞ് നാം ക്രിസ്തുവിലേക്ക് തിരിയുന്നു. അനുതാപം പൂര്‍ണമല്ലെങ്കില്‍ നാം അവസരം കിട്ടിയാല്‍ പഴയ വഴിയെ തിരികെ പോകും. എന്നാല്‍, യഥാര്‍ത്ഥ അനുതാപം ഉണ്ടെങ്കില്‍ ക്രിസ്തുവില്‍ നിന്ന് അല്പനേരം കണക്ഷന് വിട്ടാല്‍ പോലും നാം പാപത്തിലേക്ക് പോകുകയില്ല. മഗ്ദലേന മറിയം ക്രിസ്തു ക്രൂശിക്കപ്പെട്ടപ്പോള്‍ തന്റെ പഴയ വഴികളിലേക്ക് തിരികെ നടന്നില്ല. അവള് കുരിശിനോട് ചേര്‍ന്നുനിന്നു.
6. യഥാര്‍ത്ഥ അനുതാപം സുവിശേഷവത്ക്കരണത്തിലേക്ക് നയിക്കും
ക്രിസ്തുവിന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച മഗ്ദലേന മറിയം തിടുക്കത്തില്‍ ഓടി ശിഷ്യന്മാരോടും മറ്റുള്ളവരോടും സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. യഥാര്‍ത്ഥ അനുതാപമുണ്ടെങ്കില്‍ നമുക്ക് ഒരിക്കലും നമ്മുടെ സ്നേഹം ഹൃദയത്തില്‍ ഒതുക്കാനാകില്ല, അത് പുറത്തേക്ക് ഒഴുകിക്കൊണ്ടേയിരിക്കും.
7. യഥാര്‍ത്ഥ അനുതാപം മിനിമത്തില്‍ വിശ്വസിക്കുന്നില്ല
നമുക്ക് നല്ല അനുതാപം ഉണ്ടെങ്കില്‍ നമ്മുടെ ആത്മീയ ജീവിതം നിയമങ്ങള്‍ അനുസരിക്കുന്നതില്‍ മാത്രം നാം ഒതുക്കുകയില്ല. കൂടുതലായി എന്തു ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചുകൊണ്ടേയിരിക്കും. മഗ്ദലേന മറിയം അനുതപിച്ചുകഴിഞ്ഞതോടെ പൂര്‍ണമായും മാറി, മുഴുവന്‍ സമയവും ഈശോയോടൊപ്പമായിരുന്നു.
Send your feedback to : onlinekeralacatholic@gmail.com